Image

ചിക്കാഗോ സിറ്റി ട്രഷറര്‍: അമയ പവാറിനു വിജയ സാധ്യത

Published on 13 February, 2019
ചിക്കാഗോ സിറ്റി ട്രഷറര്‍: അമയ പവാറിനു വിജയ സാധ്യത
ചിക്കാഗോ സിറ്റി ട്രഷററായി മല്‍സരിക്കുന്ന ഇന്ത്യന്‍ വംശജനായ അമയാ പവാര്‍ `നോയ്സ്' എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ ടി വി പരസ്യം പുറത്തിറക്കി. പ്രോഗ്രസീവ് ഡമോക്രാറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമയാ പവാര്‍ അഭിപ്രായ വോട്ടില്‍ മൂന്ന് മല്‍സരാര്‍ഥികളില്‍ മുന്നിലാണ്. ചിക്കാഗോ ട്രിബ്യൂണ്‍ പവാറിനെ എന്‍ഡോഴ്‌സ് ചെയ്തിട്ടുണ്ട്

എന്നാല്‍ അമ്പത് ശതമാനം ചിക്കാഗോക്കാരും ആരെ തിരഞ്ഞെടുക്കണം എന്നതുസംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലന്നാണ് അന്‍സലോണ്‍ ലിസ്ഗ്രോവ് റിസര്‍ച്ച് പറയുന്നത്. പവാറിന് 26 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എതിരാളികള്‍ 16 ശതമാനവും 6 ശതമാനവും വോട്ടുകള്‍ സ്വന്തമാക്കി.

മഞ്ഞ് പെയ്യുന്ന ശബ്ദമുഖരിതമായ പശ്ചാത്തലത്തില്‍ അമയ പവാര്‍ നടന്നുവരുന്ന സീനിലാണ് പരസ്യ വീഡിയോ തുടങ്ങുന്നത്. പവാറിന്റെ ശബ്ദം കേള്‍ക്കുന്നതോടെ പശ്ചാത്തലം നിശബ്ദമാകുന്നു. ``എല്ലാ ശബ്ദവും ഇല്ലാതാകുമ്പോള്‍ നമുക്ക് കഥകള്‍ കേള്‍ക്കാന്‍ സാധിക്കും... കുടുംബങ്ങളുടെ, എന്നേ പോലെ ചിലരുടെ, ഒന്നുമില്ലാതെ ഇവിടെ വന്നവരുടെ. നല്ലൊരു ചാന്‍സ് ലഭിക്കാന്‍ വേണ്ടി നോക്കിനടക്കുന്ന ആളുകളുടെ ശബ്ദം കേള്‍ക്കാം.''

മിനിമം വേജ് നടപ്പാക്കി സാമ്പത്തിക അസമത്വത്തിനെതിരെ പോരാടുകയാണ് താന്‍ എന്നും ലക്ഷ്യമിടുന്നതെന്നും സിറ്റി ട്രഷററെന്ന നിലയില്‍ മിനിമം ഇന്ററസ്റ്റില്‍ ഹൗസിംഗ് ലോണ്‍ ലഭ്യമാക്കുമെന്നും പുതിയ ബിസിനസുകള്‍ക്ക് തുടക്കമിടുമെന്നും വീഡിയോയില്‍ പവാര്‍ പറയുന്നു.

ചിക്കാഗോ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനും ഏഷ്യന്‍ അമേരിക്കനുമാണ് അമയ പവാര്‍. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ചിക്കാഗൊ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും അമയ പവാര്‍ 2017-ല്‍ പിന്മാറിയിരുന്നു.

2011 ല്‍ മുപ്പതാം വയസിലാണ് ചിക്കാഗൊ 47 -ാം വാര്‍ഡില്‍ നിന്നും സിറ്റി കൗണ്‍സിലിലേക്ക് പവാര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

2015 ല്‍ 82% വോട്ടോടെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യനീതിക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചുവെന്നും സ്‌കൂളുകളെ അടുത്തുള്ള ഹൈസ്‌കൂളുകളുമായി ബന്ധിപ്പിക്കുന്നതിനായി GROW47 എന്ന പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറയുന്നു.

1970 ലാണ് അമയ പവാറിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്. അമേരിക്കന്‍ സ്വപ്നത്തിന്റെ വഴികളില്‍ സമ്പത്തും അഭിവൃദ്ധിയും മോഹിച്ച് വന്നെങ്കിലും സാമ്പത്തിക അസമത്വത്തിന്റേതായ ഏറെ ദുരിതങ്ങളിലൂടെ കുടുംബവും സമൂഹവും കടന്നുപോന്നതിന്റെ വെളിച്ചത്തിലാണ് പൊതുജനസേവനത്തിലേക്ക് താന്‍ കടന്നതെന്ന് അമയ പറയുന്നു.

മിസൂറി വാലി കോളജില്‍നിന്ന് റിലിജിയനിലും ഫിലസഫിയിലും ബാച്ച്ലേഴ്സ് ഡിഗ്രിയെടുത്ത പവാര്‍ ഇലിനോയ്സ് ഇന്‍സ്റ്റ്ിറ്റിയുട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്തു. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ത്രെട്ട് ആന്‍ഡ് റെസ്പോണ്‍സ് മാനേജ്മെന്റിലും സോഷ്യല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷനിലും മാസ്റ്റേഴ്സ് ബിരുദമെടുത്തു. ചിക്കാഗോ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്കിടയിലെ ശക്തനായ നേതാവാണ്.

2.7 മില്യണ്‍ വരുന്ന ചിക്കാഗോ ജനതയ്ക്കുവേണ്ടി വ്യക്തവും ശക്തവുമായൊരു അജണ്ടയുമായാണ് താന്‍ മല്‍സരിക്കുന്നതെന്ന് അമയ പറയുന്നു. സിറ്റി പെന്‍ഷന്‍ ഫണ്ട് ബോര്‍ഡുകളില്‍ ട്രഷറര്‍ എക്സ് ഒഫീഷ്യോ അംഗമാണന്നിരിക്കെ ഇന്‍വെസ്റ്റ്മെന്റുകള്‍ ജോലിക്കാരിലും സമൂഹത്തിലും രാജ്യത്തിലും എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് മനസിലാക്കാന്‍ ട്രഷറര്‍ എന്ന നിലയിലെ തന്റെ ശബ്ദം ഉപയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വെറും രാഷ്ട്രീയ പ്ലാറ്റ്ഫോമെന്നതിലുപരി ചിക്കാഗോ സമൂഹത്തിന്റെ മുഴുവന്‍ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വവും അവസരവുമാണ് ട്രഷററുടെ പദവിയില്‍ കാണുന്നതെന്ന് പവാര്‍ പറയുന്നു. `ഞാന്‍ അമയാ പവാര്‍, ചിക്കാഗോയുടെ പുതിയ സ്റ്റോറി നമുക്കൊരുമിച്ചെഴുതാം' ഈ മാസം 26-ാം തീയതിയിലെ വോട്ടിംഗിലേക്ക് കണ്ണ് നട്ട് പവാര്‍ പ്രതീക്ഷയോടെ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക