Image

പത്തനംതിട്ടയെ രണ്ടാം അയോധ്യയാക്കാന്‍ യോഗി ഇറങ്ങുമ്പോള്‍ (കല)

കല Published on 14 February, 2019
പത്തനംതിട്ടയെ രണ്ടാം അയോധ്യയാക്കാന്‍ യോഗി ഇറങ്ങുമ്പോള്‍  (കല)

ശബരിമലയില്‍ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്നാണ് പത്തനംതിട്ടയില്‍ എത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. യോഗിയുടെ വരവ് ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശവും പകര്‍ന്നിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്. എന്നാല്‍ പത്തനംതിട്ടയിലേക്ക് യോഗിയുടെ കടന്നുവരവ് ഏറെ രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ള ഒന്നാണ്. 
പൊതുവില്‍ കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് രാഷ്ട്രീയ അതിപ്രസരം കുറവുള്ള ജില്ലയാണ് പത്തനംതിട്ട. രാഷ്ട്രീയ സംഘര്‍ഷങ്ങളും ഹര്‍ത്താലുകളുമെല്ലാം മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്. 

രാഷ്ട്രീയ വിവാദങ്ങളും കാര്യമായി പത്തനംതിട്ടയെ ബാധിക്കാറില്ല. പൊതുവില്‍ കോണ്‍ഗ്രസിനോട് ചായ്വുള്ള ജില്ലയുമാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭയിലെ ഇടത് തരംഗത്തില്‍ കോന്നി ഒഴിച്ചുള്ള ജില്ലയിലെ മണ്ഡലങ്ങള്‍ ചുവന്ന നിറത്തിലായി. എങ്കിലും ഏതൊരു ഇലക്ഷനിലും യുഡിഎഫിന് ജില്ലയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. പ്രളയം വന്നപ്പോള്‍ ഏറെ ബാധിച്ച ജില്ല കൂടിയായിരുന്നു പത്തനംതിട്ട. പക്ഷെ എല്ലാ രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഒന്നിച്ച് നിന്ന് പ്രളയത്തെ പോലും അതിജീവിച്ച ജില്ലയാണിത്. വര്‍ഗീയ സംഘര്‍ഷങ്ങളും ജില്ലയില്‍ കേട്ടുകേള്‍വി പോലും വളരെ കുറവ്. പത്തനംതിട്ടയില്‍ എന്നും എല്ലായിപ്പോഴും എല്ലാം ശാന്തമായിരുന്നു... ശബരിമല യുവതിപ്രവേശനം സാധ്യമാക്കണമെന്ന സുപ്രീം കോടതി വിധി വരുന്നത് വരെ. 

ശബരിമല പത്തനംതിട്ടയുടെ പെരുമയാണ്. എന്നാല്‍ ഇന്ന് ശബരിമല പത്തനംതിട്ടയിലെ വിവാദഭൂമിയാണ്. ശബരിമലയില്‍ വന്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായതും, നാമജപഘോഷയാത്രയും ഹര്‍ത്താലുകളും തെരുവ് യുദ്ധങ്ങളും കഴിഞ്ഞൊരു മണ്ഡലകാലത്ത് പത്തനംതിട്ടയില്‍ നടന്നു. സമൂഹത്തെ ഒരുനുറ്റാണ്ട് പിന്നിലേക്ക് നടത്തുന്ന ആര്‍ത്തവ ലഹളയുടെ പ്രഭവകേന്ദ്രമായി പത്തനംതിട്ട. 

ശബരിമല വിഷയം ഏറ്റവും കൂടുതല്‍ തീപിടിപ്പിച്ചത് പത്തനംതിട്ടയില്‍ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇക്കുറി പത്തനംതിട്ടയില്‍ വന്‍ പ്രതീക്ഷയിലാണ് ബിജെപി. അതിന്‍റെ കാഹളം മുഴക്കിയാണ് യോഗി ആദിത്യനാഥ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. ബിജെപി ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യു.പിയിലെ ഒരു മുഖ്യമന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ എത്തുന്നു എന്നത് വളരെ കൗതുകമുള്ള കാഴ്ചയാണ്.

 പൊതുവില്‍ തിരുവനന്തപുരത്ത് അല്ലെങ്കില്‍ എറണാകുളത്ത് ഒരു സംസ്ഥാനതല പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങേണ്ട ഒരു നോര്‍ത്ത് ഇന്ത്യന്‍ ബിജെപി നേതാവ് പത്തനംതിട്ട പോലെ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അതിന് കൂടുതല്‍ രാഷ്ട്രീയ മാനങ്ങളുണ്ട്. വന്നത് ഇന്ത്യയിലെ തന്നെ ബിജെപിയുടെ തീവ്രമുഖമായ യോഗി ആദിത്യനാഥാകുമ്പോള്‍ പ്രത്യേകിച്ചും. 

ഒരിക്കലും നേരിട്ട് ബിജെപി പ്രവര്‍ത്തകനല്ല യോഗി ആദിത്യനാഥ്. മറിച്ച അയാള്‍ നേരിട്ട് സംഘപരിവാറിന്‍റെ കേന്ദ്രത്തില്‍ നിന്നാണ്. അതും തീവ്രഹിന്ദുത്വ അജണ്ടയുടെ വക്താവാണ് യോദി ആദിത്യനാഥ്. മുസ്ലിം വിരുദ്ധ പ്രസംഗങ്ങളിലൂടെയും ലൗ ജിഹാദ് വിഷയങ്ങള്‍ ആളിക്കത്തിച്ചും കിഴക്കന്‍ യുപിയില്‍ സ്വന്തമായ കോട്ട കെട്ടിപ്പെടുത്തയാള്‍. പശുസംരക്ഷണം എന്ന തുറുപ്പ്ചീട്ട് ഏറെ മികച്ച രീതിയില്‍ പ്രയോഗിച്ച് ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ പ്രീതീ നേടിയിട്ടുള്ളയാള്‍. ഏറ്റവും പ്രധാനം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടാന്‍ എന്തും സഹിക്കാമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളയാള്‍. അങ്ങനെയൊരു നേതാവാണ് പത്തനംതിട്ട പോലെയൊരു സഹവര്‍ത്തിത്വം മുഖമുദ്രയായിട്ടുള്ള മണ്ണിലേക്ക്, രാഷ്ട്രീയ വര്‍ഗീയ അതിപ്രസരങ്ങളൊന്നുമില്ലാത്ത മണ്ണിലേക്ക് ശരവേഗത്തില്‍ കടന്നു വരുന്നത്. ആ വരവ് ഒരുക്കാനുള്ള പാകത പത്തനംതിട്ടയില്‍ വന്നുവെന്ന് ബിജെപി ആത്മവിശ്വാസം കൊള്ളുന്നുണ്ടെങ്കില്‍ കേരളത്തില്‍ എല്ലായിടത്തും ബിജെപിക്ക് ആത്മവിശ്വാസമുണ്ടെന്ന് ചുരുക്കം. 

അയോധ്യ മോഡലില്‍ ശബരിമല സമരത്തിന് ഇറങ്ങണമെന്നാണ് യോഗി ആഹ്വാനം ചെയ്തിരിക്കുന്നത് പത്തനംതിട്ടയില്‍. ഇതൊക്കെ കേരളത്തിന്‍റെ മണ്ണില്‍ വേരുപിടിക്കുമോ അതോ പുറംതള്ളപ്പെടുമോ എന്നറിയാന്‍ ലോക്സഭ ഇലക്ഷന്‍ ഫലം പുറത്തു വരണം. എങ്കിലും അയോധ്യ മോഡലൊന്നും കേരളത്തില്‍ ചിലവാകില്ലെന്ന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുകൊണ്ട്  കേരളം വിളിച്ചു പറയുമെന്ന് തന്നെയാണ് പ്രതീക്ഷ വെയ്ക്കാനുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക