Image

പ്രതിഷേധം കനത്തു; മല കയറാനെത്തിയ യുവതിയെ പൊലീസ് തിരിച്ചിറക്കി

Published on 15 February, 2019
പ്രതിഷേധം കനത്തു; മല കയറാനെത്തിയ യുവതിയെ പൊലീസ് തിരിച്ചിറക്കി

ശബരിമല: ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വീണ്ടും മല കയറി.

കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷം നിരവധി ഇതര സംസ്ഥാന യുവതികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. എന്നാല്‍ ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച്‌ അറിയാതെയാണ് ഇവരില്‍ ഭൂരിഭാഗവും എത്തുന്നതെന്നും പ്രതിഷേധ സാധ്യത അറിയുന്നതോടെ മല കയറാതെ തിരിച്ചു പോകുകയാണെന്നും പൊലീസ് പറഞ്ഞു.

സന്നിധാനത്തും, പമ്ബയിലും, നിലയ്ക്കലിലും മൂന്ന് എസ്പിമാരുടെ കീഴിലായി ആയിരക്കണക്കിന് പൊലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മണ്ഡലമകരവിളക്ക് കാലത്തെ പോലെ കര്‍ശനമായ സുരക്ഷ പൊലീസ് ഏര്‍പ്പെടുത്താതിനാല്‍ ശബരിമലയില്‍ ഇക്കുറി ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ മല കയറാനെത്തുന്ന യുവതികളെ തടയാനായി ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പതിവ് പോലെ സന്നിധാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നവംബറില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആര്‍എസ്‌എസ് ആലപ്പുഴ നേതാവ് രാജേഷടക്കമുള്ളവര്‍ ഇപ്പോള്‍ സന്നിധാനത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക