Image

മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം)

Published on 15 February, 2019
മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം)
ദൃശ്യമാധ്യമങ്ങളെക്കാള്‍ പുസ്തകങ്ങള്‍ക്കാനോ മനസിനെ സ്വാധീനിക്കാന്‍ സാധിക്കുന്നത്? ഇതൊരു തര്‍ക്കവിഷയമല്ല, ചിന്തിക്കേണ്ട ഒന്നാണ്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളിക്കുട്ടികള്‍ ആനിമേഷന്‍ കാര്‍ട്ടൂണുകള്‍ കണ്ടല്ല വളര്‍ന്നത്. ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും അവര്‍ കാത്തിരുന്നു. മായാവിയും ലുട്ടാപ്പിയും മാജിക് മാലുവും ഡിങ്കനുമെല്ലാം ആയിരുന്നു അവരുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍. സോഷ്യല്‍ മീഡിയയിലേതുപോലെ തോന്നുമ്പോള്‍ അണ്‍ഫ്രണ്ട് ചെയ്യാവുന്ന തരത്തിലായിരുന്നില്ല ആ ബന്ധം. വൈകാരികമായ അടുപ്പം അത്തരം കഥാപാത്രങ്ങളുമായി ആ തലമുറ വളര്‍ത്തി. ഡിങ്കന്റെ പേരില്‍ ഒരു മതം സ്ഥാപിച്ച് അതിന്റെ അനുയായികളായ ഒരുകൂട്ടം ചെറുപ്പക്കാരും, ലുട്ടാപ്പി അപ്രത്യക്ഷമായെന്ന തോന്നലില്‍ രക്ഷകവചനം തീര്‍ത്തവരും ഇതിന് അടിവരയിടുന്നു.

മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരുന്ന ഒരു സാധാരണ എലിയായിരുന്നു ഡിങ്കന്‍. അങ്ങനെയിരിക്കെ ഒരു ദിവസം ഡിങ്കനെ ചില അന്യഗ്രഹ ജീവികള്‍ പിടിച്ചു കൊണ്ട് പോയി ചില പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി. അങ്ങനെ ഡിങ്കന് അസാധാരണമായ ശക്തിയും കഴിവുകളും ലഭിച്ചു. തന്റെ കഴിവുകള്‍ മൃഗങ്ങളുടെയും കാടിന്റെയും നന്മയ്ക്കായി ഉപയോഗിക്കാന്‍ ഡിങ്കന്‍ തീരുമാനിച്ചു. ആപത്ത് വരുമ്പോള്‍ 'ഡിങ്കാ' എന്നൊന്ന് നീട്ടിവിളിച്ചാല്‍ സഹായവുമായി എത്രദൂരത്തേക്കും പാഞ്ഞെത്തുന്ന ഹീറോ പരിവേഷം കല്‍പിച്ചുകിട്ടിയതാകാം ഡിങ്കനെ നമുക്ക് പ്രിയങ്കരനാക്കിയത്. ചെറുപ്പത്തില്‍ മനസ്സ് വെള്ളക്കടലാസ് പോലെയാണ്. എഴുതുന്നതൊക്കെയും അതില്‍ പാതിയും. ദൈവത്തെക്കുറിച്ച് പറഞ്ഞു പഠിപ്പിക്കുന്നതുപോലെ, രക്ഷകനായി ഡിങ്കന്റെ ചിത്രം മനസ്സില്‍ കോരിയിട്ടവര്‍ ഉണ്ടാകാം. അവര്‍ക്ക് ഡിങ്കന്‍, ദൈവമാണ്.

രക്ഷകനായ മായാവിയെക്കാള്‍ എതിര്‍ചേരിയില്‍ നില്‍ക്കുന്ന ലുട്ടാപ്പിയോടുള്ള പ്രിയത്തെക്കുറിച്ച് ചിന്തിച്ചാലും ഉത്തരം സിമ്പിള്‍ ആണ്. മായാവിയെക്കാണുന്ന കാലംതൊട്ട് നമുക്ക് ലുട്ടാപ്പിയെയും അറിയാം. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഡിങ്കിണി എന്ന പുതിയ കഥാപ്രായത്തിന്റെ വരവ് ലുട്ടാപ്പിയെ അപ്രത്യക്ഷനാക്കുമോ എന്ന സംശയം സ്വാഭാവികമാണ്. സീരിയലുകളിലൊക്കെ ഒരാളെ ഒതുക്കി, പകരക്കാരനെ കൊണ്ടുവന്ന് കഥാഗതി തിരിക്കുന്ന ട്രെന്‍ഡ് അറിയാവുന്ന നമ്മളെ കുറ്റം പറയാനൊക്കില്ല. 

സഹതാപ വോട്ട് അര്‍ഹിക്കുന്ന ആള്‍കൂടിയാണ് ലുട്ടാപ്പി. രണ്ടാമൂഴത്തില്‍ എം.ടി ഭീമന്റെ ആംഗിളില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, അദ്ദേഹമാണ് ഹീറോ എന്നുതോന്നിയതുപോലെ സെന്റിമെന്റ്‌സ് അര്‍ഹിക്കുന്ന കക്ഷിയാണ് ലുട്ടാപ്പിയും. കുട്ടിച്ചാത്തനായി ജനിച്ചെങ്കിലും മായാവിയുടെയോ അമ്മാവനായ പുട്ടാലുവിന്റെയോ ശക്തി അവനില്‍ ഇല്ല. ലോകമായ ലോകം മുഴുവന്‍ ഓടിയെത്താന്‍ ഒരു ഡ്രൈവര്‍ എന്നനിലയ്ക്ക് കുട്ടൂസനും ഡാകിനിയും ഉപയോഗിക്കുന്നത് ലുട്ടാപ്പിയെയാണ്. ലുട്ടാപ്പിയും കുന്തവും ഇല്ലെങ്കില്‍ അവര്‍ക്ക് ഗുഹയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ തന്നെ കഴിയില്ല. എങ്കിലും, മായാവിയെയോ രാജുവിനെയോ രഥയെയോ കുപ്പിയിലാക്കി കൊണ്ടുവന്നിട്ട് അവര്‍ രക്ഷപെടുമ്പോള്‍ പഴികേള്‍ക്കുന്നത് പാവം ലുട്ടാപ്പിയാണ്. 

മണ്ടന്‍, പേടിത്തൊണ്ടന്‍ എന്നിങ്ങനല്ലാതെ സ്‌നേഹത്തോടെ ഒരു വിളിപോലും ഈ ജീവിതത്തില്‍ അവന്‍ കേട്ടിട്ടില്ല. മറ്റുള്ളവരെ രക്ഷിക്കാന്‍ ഒരുപക്ഷേ, മണ്ടത്തരം ചെയ്യുന്നതായുള്ള അഭിനയം ആയിരുന്നിരിക്കുമോ ലുട്ടാപ്പിയുടേത്? എന്തുതന്നെ ആയാലും ലുട്ടാപ്പിയെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഈ വികാരംകൊണ്ടുതന്നെയാകാം 'സേവ് ലുട്ടാപ്പി' ക്യാംപയിനുകള്‍ ഉയര്‍ന്നത്. ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ട്വന്റി20 മല്‍സരത്തിനിടെ ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ലുട്ടാപ്പിയെ രക്ഷിക്കാന്‍ ബാനര്‍ ഉയര്‍ന്നതോടെയാണ് കക്ഷിയുടെ മാര്‍ക്കറ്റും ഫാന്‍സ് പവറും ലോകം അറിയുന്നത്.സേവ് ലുട്ടാപ്പി' എന്നെഴുതിയ ബാനറുമായി ഒരുകൂട്ടം ഇന്ത്യന്‍ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. കേരളാ പൊലീസും ലുട്ടാപ്പിയുടെ രക്ഷയ്ക്കായി നിലകൊണ്ടു. കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഫേസ്ബുക്കില്‍ ലൈവ് ആയി വന്ന് ലുട്ടാപ്പിക്കുവേണ്ടി വാദിച്ചു. 

ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ല എന്ന് പ്രസാധകരെക്കൊണ്ടുവരെ പറയിച്ചത് ഒന്നായിനിന്ന ആരാധകരുടെ ഈ ശക്തി തന്നെയാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും ഒന്നിച്ചുനിന്നാല്‍ വിജയം നേടാമെന്നൊരു ഫോര്‍മുല ഇതിലൂടെ മനസിലാക്കി എടുക്കാം. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ നിന്ന് നടന്മാരെ ഒഴിവാക്കുമ്പോള്‍ പോലും സാധിക്കാതിരുന്ന ഒന്നാണ് ഈ തുറന്നടിക്കല്‍.

ബെന്‍ 10 ന്റെയും ഛോട്ടാ ബീമിന്റെയും പടമുള്ള ബാഗും വാട്ടര്‍ ബോട്ടിലും വേണമെന്ന് വാശിപിടിക്കുന്നതരത്തിലുള്ള സ്വാധീനത്തിനപ്പുറം, ഇത്തരത്തില്‍ വൈകാരികമായൊരു ഹൃദയബന്ധം കെട്ടിപ്പടുക്കാന്‍ പര്യാപ്തമാണ് ആനിമേഷന്‍ കാര്‍ട്ടൂണുകള്‍ എന്ന് എന്തുകൊണ്ടോ തോന്നുന്നില്ല. വില്ലന്മാരുടെ സംഘത്തില്‍പ്പെട്ടാലും ഹൃദയത്തില്‍ നന്മയുടെ അംശമുണ്ടെന്നും അതിനെ അംഗീകരിക്കണമെന്നും പഠിപ്പിച്ച കഥാപാത്രമായി ലുട്ടാപ്പി ഓര്‍മ്മിക്കപ്പെടുന്നത് പാത്രസൃഷ്ടിയുടെ വൈഭവംകൊണ്ടാണ്. ഇങ്ങനുള്ള ചിത്രകഥകള്‍ വായിച്ചുവളര്‍ന്ന തലമുറയ്ക്ക് അഭിമാനിക്കാം, ഒപ്പം വായനയുടെ ലോകത്ത് വിഹരിക്കുന്നതിലെ സുഖം പകര്‍ന്നുകൊടുക്കുകയും ചെയ്യാം. കടപ്പാട്: മംഗളം
മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം) മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക