Image

ഡോക്ടര്‍ സംസാരിക്കുന്നു - സെക്കന്‍ഡ് ചാന്‍സ്/എ സിസ് റ്റേഴ്‌സ് ആക്ട് ഓഫ് ലവ് (ഒരു അവലോകനം)

Published on 15 February, 2019
ഡോക്ടര്‍ സംസാരിക്കുന്നു - സെക്കന്‍ഡ് ചാന്‍സ്/എ സിസ് റ്റേഴ്‌സ് ആക്ട് ഓഫ് ലവ് (ഒരു അവലോകനം)
(ഡോക്ടര്‍ എം.പി..രവീന്ദ്രനാഥന്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകം "സെക്കന്‍ഡ് ചാന്‍സ്/എ സിസ് റ്റേഴ്‌സ് ആക്ട്് ഓഫ്് ലവ്'' ഒരു അവലോകനം)

സഹോദരസ്‌നേഹത്തിന്റെ ഏറ്റവും നല്ല മാത്രുക അന്വേഷിക്കുന്നവര്‍ കണ്ടെത്തുന്ന പേര് ഭാരതീയരുടെ ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ ലക്ഷ്മണന്റെയാണ്. ഡോക്ടര്‍ രവീന്ദ്രനാഥന്‍ (ഡോക്ടര്‍ രവി നാഥന്‍ എന്നും അദ്ദേഹമറിയപ്പെടുന്നു) എഴുതിയ "സെക്കന്‍ഡ് ചാന്‍സ്'' "എ സിസ്‌റ്റേഴ്‌സ് ആക്ട്്് ഓഫ്് ലവ്'' ( Second Chance, A Sister’s Act of Love) ) എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ നിര്‍വ്വിശേഷമായ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഭാവതീവ്രമായ ഇഷ്ടദാനത്തിന്റെ സംഭവവിവരണം നമ്മള്‍ വായിക്കുന്നു. ഇതിഹാസങ്ങളുടെ ഏടുകളില്‍ മാത്രമല്ല നമ്മള്‍ ജീവിക്കുന്ന ഈ വര്‍ത്തമാനകാലത്തിലും അനുഗ്രഹീതമായ സഹോദരി-സഹോദര സ്‌നേഹം തുടരുന്നുവെന്നത് അഭിമാനകരം തന്നെ.

പുസ്തകത്തിന്റെ പേര് "രണ്ടാമത്തെ അവസരം'' (തര്‍ജ്ജമ ലേഖകന്‍) എന്നു പറഞ്ഞിട്ടും പോരാതെ ആ അവസരത്തിനു സഹായിച്ച "സഹോദരിയുടെ സ്‌നേഹത്തിന്റെ പ്രകടനം'' (തര്‍ജ്ജമ ലേഖകന്‍) എന്നു കൂടി ഗ്രന്ഥകര്‍ത്താവ് ചേര്‍ക്കുന്നു. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി നമ്മുടെ സുഖങ്ങളെ ത്യജിക്കുന്നതാണു് ഉത്തമമായ സ്‌നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ആരും അതു പ്രായോഗികമാക്കുന്നില്ല. എന്നാല്‍ ഡോക്ടര്‍ രവി നാഥിന്റെ സഹോദരി തന്റെ ശരീരത്തിലെ പ്രധാന അവയവം (കിഡ്‌നി) സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദാനം ചെയ്തുകൊണ്ട് സഹോദരസ്‌നേഹത്തിന്റെ ഉദാത്ത തലത്തിലേക്ക് സ്വയം ഉയരുന്നു.

താന്‍ ദാനം ചെയ്ത വ്രുക്കകള്‍ സ്വീകരിച്ച സഹോദരനോട് വിജയപ്രദമായ ശസ്ര്തക്രിയക്ക് ശേഷം ആസ്പത്രിയില്‍ നിന്നും മടങ്ങുമ്പോള്‍ അവര്‍ അവരുടെ വളരെ മുമ്പ് മരിച്ചുപോയ മാതാപിതാക്കളെ കാണണമെന്നു ആവശ്യപ്പെടുന്നുണ്ട്. വൈദ്യശാസ്ര്തം അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ വിലയിരുത്തിയാലും അതു ഊഷ്മളമായ സഹോദരസ്‌നേഹത്തിന്റെ നിര്‍വ്യാജ്യമായ പ്രകടനമായിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കളോട് അവര്‍ക്ക് പറയണം സഹോദരന്റെ നിസ്സീമമായ സ്‌നേഹത്തിനു ഉപഹാരമായി അവര്‍ അദേഹത്തിനു പുനര്‍ജന്മം നല്‍കിയെന്നു.

പ്രഗല്‍ഭനായ ഒരു ഹ്രുദ്രോഗ വിദഗ്ദ്ധനായിരിക്കുമ്പോള്‍ തന്നെ ഡോക്ടര്‍ ഒരു നല്ല എഴുത്തുകാരനുമാണെന്നു ഇത്തരം അനവധി വിവരണങ്ങളിലൂടെ വായനക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട്. ദൈനംദിന സംഭവങ്ങള്‍ തിയ്യതിയിട്ട് എഴുതിയിരിക്കുന്നതിനാല്‍ വ്രുക്ക മാറ്റിവയ്ക്കാനുള്ള ശസ്ര്തക്രിയ നടന്നത് നവംബര്‍ മാസത്തിലാണെന്നു മനസ്സിലാക്കാം. അതു നടക്കുന്നത് മിനിസോട്ടയിലെ മിനീയാപോലിസിലാണ്. അവിടെ അപ്പോള്‍ ശൈത്യകാലം. ശസ്ര്തക്രിയക്ക് മുമ്പുള്ള ഒരു ദിവസം ഗ്രന്ഥകര്‍ത്താവ് കണ്ട ഒരു ജാലകകാഴ്ച്ചയുടെ വിവരണം എത്രയോ ഹ്രുദ്യമായിരിക്കുന്നു. മൂലഭാഷയില്‍ വിവരിച്ചിരിക്കുന്ന സൗന്ദര്യം എന്റെ സ്വതന്ത്ര മൊഴിമാറ്റത്തില്‍ നഷ്ടപ്പെടാം. എങ്കിലും അതു ഇവിടെ ഉദ്ധരിക്കുന്നത് ഗ്രന്ഥകര്‍ത്താവിന്റെ ഭാഷയും ഭാവനയും എത്ര മനോഹരമായി സമ്മേളിക്കുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ്. "ആകാശത്തിന്റെ നീലിമയാര്‍ന്ന ചാരനിറത്തില്‍ ഇളംചുവപ്പുള്ള കര തുന്നിവച്ച് ഏകാന്തമായ കാലടിപ്പാതകള്‍ അവശേഷിപ്പിച്ച് അസ്തമയസൂര്യന്‍ മറയുന്ന കാഴ്ച്ചക്ക് യവനിക വീഴുമ്പോള്‍ ഏതൊ ചിത്രകാരന്റെ കൊത്തുപണിപോലെ മിസ്സിസ്സിപ്പി നദിയുടെ ഇരുപാര്‍ശ്വങ്ങളിലും ഇലപൊഴിഞ്ഞ് നഗ്നരായ വ്രുക്ഷങ്ങള്‍ നിരനിരയായിനില്‍ക്കുന്ന കമനീയകാഴ്ച്ച അതീവസൗന്ദര്യം നിറഞ്ഞു കവിയുന്നതായിരുന്നു.'' ശൈത്യമാസങ്ങളില്‍ നഗ്നരാകുന്ന വ്രുക്ഷങ്ങള്‍ക്ക് കൂടുതല്‍ ഭംഗി കിട്ടുന്നത്് അവര്‍ അവരുടെ നഗ്നതയില്‍ നാണംപൂണ്ടു നില്‍ക്കുന്നത്‌കൊണ്ടാണെന്നു കവികള്‍ പാടിയിട്ടുണ്ട്. രോഗവുമായി മല്ലിടുന്ന അവസരങ്ങളില്‍ ചിലപ്പോഴെല്ലാം അപ്രിയമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ആ വെറുപ്പ് പ്രകടിപ്പിക്കാന്‍ ഫ്രഞ്ച്ഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കുന്നത് മനസ്സിലെ വിഷമം പൂര്‍ണ്ണമായി പ്രകടിപ്പിക്കാനായിരിക്കാമെങ്കിലും (Salle de Bain, )അതെല്ലാം ഡോക്ടര്‍ക്ക് ഭാഷകളിലുള്ള പരിചയവും ഭാഷയോടുള്ള പ്രതിപത്തിയും സൂചിപ്പിക്കുന്നു.

ആത്മകഥാപരമായ അനുസ്മരണകള്‍ എന്നോ ഒരു ഭിഷഗ്വരന്റെ അനുദിനക്കുറിപ്പുകള്‍ എന്നോ ഒക്കെയുള്ള വിഭാഗത്തില്‍ ഈ പുസ്തകത്തെപ്പെ ടുത്താമെങ്കിലും ഈ പുസ്തകം കൂടുതലായി ഉള്‍പ്പെടുത്താന്‍ കഴിയുന്നത് സാഹിത്യമൂല്യമുള്ള (literary value) പുസ്തകത്തിന്റെ പട്ടികയിലാണു. സ്വന്തം ജീവിതത്തിന്റെ പ്രതിഫലനങ്ങളെ കഥാപരമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് വിവരിക്കുന്ന ഒരു രീതി ഈ പുസ്തകത്തില്‍ കാണാം. സാഹിത്യമൂലമുള്ള പുസ്തകമെന്നു പറയുമ്പോള്‍ വായനകാരനു വിലപ്പെട്ടതെന്തോ അതില്‍ നിന്നും കിട്ടുന്നുവെന്നതില്‍ കവിഞ്ഞ് ആ പുസ്തകം അവനെ സ്വാധീനിക്കുന്നുവെന്നുകൂടി അര്‍ത്ഥം ഉണ്ട്. സാധാരണയായി കല്‍പ്പിതകഥകള്‍ അടങ്ങിയ സാഹിത്യരചനകളെ പ്രസ്തുത അളവുകോല്‍ കൊണ്ട് വിലയിരുത്തുമെങ്കിലും ഈ പുസ്തകംമനുഷ്യരാശിക്ക് ഉപകാരപ്രദവും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതുമാണ്.ഒരു ഡോക്ടരുടെ രോഗവും അതില്‍ നിന്നുള്ള മുക്തിയും തിയ്യതിയിട്ട് വിവരിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം ശ്രദ്ധിച്ച് വായിക്കുന്നവര്‍ക്ക് മനസ്സിലാകുവിധം രചന നിര്‍വ്വഹിച്ചിട്ടുള്ളതാണ്. വാചാലമായ വിശദീകരണങ്ങളിലൂടെ (eloquent explanations ) രോഗനിദാനവും, ചികിത്സയും, അതിന്റെ പുരോഗതിയും ഒരു അധ്യാപകന്റെ/ ഭിഷഗ്വരന്റെ മിഴിവോടെ അദേഹം വായനക്കാര്‍ക്ക് നല്‍കുന്നു. ഡോക്ടര്‍മാര്‍ക്ക് രോഗം വരില്ലെന്നു നിഷ്ക്കളങ്കമായി ജനം വിശ്വസിക്കുന്നപോലെ ഡോക്ടര്‍ രവി നാഥനും തന്റെ ആരോഗ്യത്തെക്കുറിച്ച് ശങ്കാകുലനായിരുന്നില്ല. ജീവിതത്തിന്റെ അനിശ്ചിതത്വം എത്ര പെട്ടെന്നു നമ്മെ ഭയപ്പെടുത്തുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ആരെയും പേടിപ്പിക്കുന്നതാണ്. IgA Nephrapathy.
എന്ന അസുഖമാണെന്ന് ഡോക്‌ടേഴ്‌സ് സ്ഥിരീകരിച്ചപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയപോലെ അദ്ദേഹത്തിനു തോന്നിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്‌ടേഴ്‌സും മാനുഷികമായ വികാരങ്ങള്‍ക്കും ദൗര്‍ബ്ബല്യങ്ങള്‍ക്കും മേലെയല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുകയാണ്. അതേസമയം അദ്ദേഹം നമ്മേ സമാശ്വസിപ്പിക്കുന്നു. ഒരിക്കലും ആശ കൈവിടരുത്, ചികിത്സയുടെ പുരോഗതി വേദനാപൂര്‍വമായ മന്ദഗതിയിലാണെ ങ്കില്‍ പോലും.തന്റെ ഉപദേശങ്ങളെ ബലപ്പെടുത്താന്‍ ജപ്പാന്‍കാരുടെ ഒരു ചൊല്ലു ഉദ്ധരിക്കുന്നുണ്ട്.ഏഴു തവണ വീഴുമ്പോള്‍ എട്ടു തവണ ഏണീക്കുക. വ്രുക്കകള്‍ സ്തംഭിക്കുന്ന അവസ്ഥയുടെ ഭീകര ദ്രുശ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ അദ്ദേഹത്തിനു ഉറക്കം നഷ്ടപ്പെടുകയും പേടിസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്. ഉറക്ക ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അദ്ദേഹം അതു കഴിച്ചില്ല. ദൈവവിശ്വാസത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് അദ്ദേഹം രോഗത്തിനെ നേരിടാന്‍ തയ്യാറായി. വായിച്ച പുസ്തകങ്ങളിലെ തത്വങ്ങള്‍ അദ്ദേഹം ഓര്‍ത്തുകൊണ്ടിരുന്നു. അദ്ദേഹം എഴുതിയിരിക്കുന്നു. ദൈവം നമുക്ക് ഒരു പ്രശ്‌നം തരുമ്പോള്‍ അതു പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളും തരുന്നു. രോഗാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ ഡോക്ടരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രോഗികള്‍ കഴിയണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.

വളരെ ഭയാനകമായ ഒരു രോഗാവസ്ഥയെ എങ്ങനെ തരണം ചെയ്യണമെന്നു വായനക്കാര്‍ക്ക് അറിവു നല്‍കുക എന്ന ദൗത്യം അദ്ദേഹം സ്വയം ഏറ്റെടുത്തുകൊണ്ട് തന്റെ ജീവിതാനുഭവങ്ങളെ പുസ്തകരൂപത്തിലാക്കി നമ്മളിലേക്ക് എത്തിച്ചിരിക്കയാണ്. രോഗത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ചില ചോദ്യങ്ങളോടെ അദ്ദേഹം തന്റെ അനുഭവങ്ങളിലേക്ക് കടക്കുന്നു. എന്താണു ണ്ടദ്ദക്ക മ്മനുണ്മന്ത്സന്റണ്മന്റന്ധന്ത്‌ന, അതെങ്ങനെ ഉണ്ടാകുന്നു, ഇതു സംഭവിക്കാന്‍ എന്നില്‍ നിന്നും എന്തു തെറ്റു വന്നു കാണും, എനിക്കീ രോഗത്തെ ചെറുക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? മുഴുവനായി വ്രുക്ക സ്തംഭനമുണ്ടാകാന്‍ എത്ര സമയം എടുക്കും. അതിനുശേഷം അവയ്ക്കുള്ള മറുപടികള്‍ നല്‍കുമ്പോള്‍ ഡോക്ടര്‍ക്ക് അവിചാരിതമായിവന്നു സംഭവിക്കുന്ന ആപത്തുകളും അവയെ അദ്ദേഹം അതിജീവിച്ച വിവരണങ്ങളും നല്‍കുന്നു. അതിലൊന്നാണുകടുത്ത വേദന നല്‍കികൊണ്ട് ഒരു പുലര്‍കാലത്ത് അദ്ദേഹത്തെ ഉണര്‍ത്തിയ ഗൗട്ട് എന്ന അസുഖം. തീവ്രമായ വേദനയനുഭവിക്കുമ്പോള്‍ ഗൗട്ടിനെ കുറിച്ച് പഠിച്ച പുസ്തകത്തിലെ വിവരണം ഓര്‍ക്കുന്നു. "സാത്താന്‍ അവന്റെ മന്ത്രവടികൊണ്ട് പെരുവിരലില്‍ തൊടുമ്പോള്‍ വേദനയുണ്ടാകുന്നു.'' ഇതു ഭേദമായി ഇനിയൊരു പ്രത്യാഗമനം ഉണ്ടാകില്ലെന്നു കരുതി ജീവിതം തുടരുമ്പോള്‍ വീണ്ടും വേദന കാല്‍മുട്ടുകളില്‍ അനുഭവപ്പെട്ടു. സാത്താന്‍ ജ്വലിക്കുന്ന മന്ത്രവടിയുമായി മെത്തക്കരികില്‍ നിന്നു അദ്ദേഹത്തെതൊടുന്ന പോലെ തോന്നി എന്നു എഴുതുന്നു. വേദനകള്‍ പങ്കിടുമ്പോഴും വായനയുടെ ലോകത്ത് വിഹരിക്കാനിഷ്ടപ്പെടുന്നു ഗ്രന്ഥകാരന്‍. ആതുരസേവനം ചെയ്യുകയെന്ന ദൗത്യം ഏറ്റെടുത്തപ്പോഴും ഈശ്വരന്റെ വരദാനമായ എഴുത്ത് അദ്ദേഹം കൈവിടുന്നില്ല. ഒരു പക്ഷെ ആ കഴിവുകൂടി ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിനു സമൂഹത്തെ ബോധവത്കരിക്കനുതകുന്ന ഒരു പുസ്തകരചന നിര്‍വ്വഹിക്കാനുള്ള ക്രുപകൂടി ദൈവമരുളിചെയ്തു.

"എന്തുകൊണ്ട് ഇതു എനിക്ക് വന്നു''വെന്ന നമ്മുടെയൊക്കെ ചോദ്യം ഡോക്ടരും സ്വയം ചോദിക്കുന്നു. അത്തരം ആത്മാവലോകനങ്ങളില്‍ നമ്മളെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ പറഞ്ഞത് ഓടിയെത്തുന്നു. അദ്ദേഹം എഴുതുന്നു. - ഈ ലോകത്തിലെ എല്ലാ കാര്യങ്ങളിലും ഒരു ആക്‌സ്മിതയുണ്ട്. മറ്റുള്ളവരെപോലെ അതു നിങ്ങളെയും സ്പര്‍ശിച്ചേക്കാം. ഉയര്‍ന്ന രക്ഷസമ്മര്‍ദ്ദത്തില്‍ തുടങ്ങിയ അസുഖം അവസാനം കിഡ്‌നിയെ ബാധിക്കുന്ന രോഗാവസ്ഥയില്‍(IgA Nephrapathy,
) ഡോക്ടരെ എത്തിച്ചത് എന്തുകൊണ്ട്? അതിനു വ്യക്തമായ ഉത്തരമില്ലെങ്കിലും ആ അസുഖം കൂടുതലായി കണ്ടു വരുന്നത് യൂറ്യോപ്യന്‍ വംശരിലാണെന്നും പ്രത്യേകമായി അത് ഫ്രാന്‍സിലും മെഡിറ്റേറിയന്‍ തീരപ്രദേശത്തുള്ളവരിലുമാണെന്നും അദ്ദേഹത്തെ ശുശ്രുഷിക്കുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിക്കുന്നുണ്ട്. ഡോക്ടരുടെ മുടിയുടെ തവിട്ടുനിറവും, തൊലിയുടെ വെളുപ്പും കണക്കാക്കി ഭാര്യ കളിയായി പറയുന്നുണ്ട്. "നിങ്ങള്‍ യൂറോപ്യന്‍ വംശപരമ്പരയില്‍ പെട്ടയാളാകാം.'' പ്രശ്‌നങ്ങളെ ആത്മസംയമനത്തോടെ കാണുകയും എപ്പോഴും ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കയും ചെയ്യണമെന്ന ഉല്‍ക്രുഷ്ടമായ ചിന്താഗതി ഡോക്ടര്‍ എപ്പോഴും പുലര്‍ത്തുന്നതായി കാണാം. രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികളായ വായനക്കാര്‍ക്ക് അതു ആത്മവിശ്വാസം പകരുന്നതാണ്.

ബ്രുഹത്തായ ഗവേഷണപ്രബന്ധങ്ങള്‍ പരിശോധിച്ചും വ്രുക്ക രോഗചികിത്സകരുമായി സംസാരിച്ചും അദ്ദേഹം കണ്ടെത്തിയ അറിവായിരുന്നു അദ്ദേഹത്തെ ബാധിച്ച സുഖക്കേടിനു അറിയപ്പെടുന്ന ഒരു ചികിത്സവിധിയില്ല, "വ്രുക്ക സ്തംഭനം'' ESRD= End Stage Renal Disease)
എന്ന പരിസമാപ്തിയല്ലാതെ. അതായ്ത് അതിനു വ്രുക്കകള്‍ മാറ്റി വയ്ക്കുകയോ അല്ലെങ്കില്‍ ഡയാലിസിസ് ചെയ്യുകയേ പ്രതിവിധിയുള്ളു. അങ്ങനെ ഒരവസ്ഥയില്‍ എത്താതിരിക്കാനുള്ള മുന്‍കരുതലുകള്‍ അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. അതിലൊന്നാണു ഒമേഗ-3 ഉള്‍കൊള്ളുന്ന മീനെണ്ണഗുളികകള്‍. ഫലം സ്ഥിരീകരിച്ചില്ലെങ്കിലും അദ്ദേഹം അതു ഉപയോഗിച്ചു. ഈ പുസ്തകത്തിന്റെ പ്രത്യേകത ഗ്രന്ഥകര്‍ത്താവ് വായനക്കാരനെ അദ്ദേഹത്തിന്റെ ഒപ്പം കൂട്ടികൊണ്ടുപോകുന്നുവെന്നാണു. രോഗങ്ങളും മരുന്നുകളും അവയുടെ സാങ്കേതിക നാമങ്ങളുമൊക്കെ വായനകാരനെ ഒട്ടും മുഷിപ്പിക്കാത്തവിധം നര്‍മ്മം ചാലിച്ച് വിവരിച്ചുപോകുന്നു. നര്‍മ്മങ്ങള്‍ക്കൊപ്പം പ്രക്രുതിയും ചുറ്റുപാടും വര്‍ണ്ണിച്ചും വായനകാരെ രസിപ്പിക്കുന്നുണ്ട്.ഫിഷ് ഓയില്‍ ക്യാപ്‌സൂള്‍സ് കഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും മീന്‍ മണം പുറപ്പെടുന്നുണ്ടൊ എന്നു സംശയിക്കുന്നത് രസകരമാണു.

ആശുപത്രി ചിലവുകള്‍ക്കായി ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. സ്ഥലനാമ സാദ്രുശ്യത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ബില്ലുകള്‍ അനുമതി ലഭിക്കാതെ മുടങ്ങി കിടന്നു. അവസാനം അറിയുന്നു ബില്ലുകള്‍ പോകുന്നത് തെറ്റായ സ്ഥലത്തേക്കാണെന്നു ബ്ലൂമിങ്ങ്ടന്‍ മിനിസോട്ടയ്ക്ക് പകരം ബ്ലൂമിങ്ങ്ടന്‍ ഇന്ത്യാനയ്ക്ക് ബില്ലുകള്‍ പോകുന്നു. ആശുപത്രിയുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ ഒരാളെ പാപ്പരാക്കുന്നത് ചികിത്സക്കുള്ള ചിലവുകള്‍ക്ക് പണമടച്ചിട്ടാണെന്നും ഇവിടെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനുള്ള ഒരു നല്ല വ്യവസ്ഥ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഗ്രന്ഥകര്‍ത്താവ് ഒരു രോഗിയും ഒപ്പം ഡോക്ടറുമാകയാല്‍ രോഗവിവരങ്ങളും, രോഗാവസ്ഥയിലുണ്ടാകുന്ന സങ്കീര്‍ണ്ണതകളും, മരുന്നുകളും, അവയുടെ ഉപയോഗങ്ങളുമെല്ലാം വളരെ സുതാര്യമായി വിവരിച്ചിട്ടുണ്ട്. ഈ സംഭവങ്ങളിലൂടെ കടന്നുപോകുമ്പോളെല്ലാം ഡോക്ടര്‍ പാലിച്ച ധൈര്യവും ദ്രുഢനിശ്ചയവും വളരെ പ്രശംസനീയമാണ്. ദൈവീകമായ ഒരു സാന്നിദ്ധ്യം അദേഹത്തിനു അനുഭവപ്പെട്ടിരുന്നു.രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നു അദേഹത്തിനു അഭിമുഖീകരിക്കേണ്ടിവന്ന നിരവധി വ്യാധികളെ അദ്ദേഹം നേരിട്ടു. അതെല്ലാം ദൈവത്തിന്റെ നിരന്തരപരീക്ഷണങ്ങളായി കരുതി. കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറായ സഹോദരിക്ക് പക്ഷെ ചെന്നയിലുള്ള അമേരിക്കന്‍ കണ്‍സുലേറ്റ് വിസ നിഷേധിച്ചു. പക്ഷെ നിരാശനാകാതെ വീണ്ടും ശ്രമിച്ച് വിജയം വരിച്ചു. ഒരു രോഗം നമ്മെ ആക്രമിക്കുമ്പോള്‍ അതു നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന സത്യസന്ധമായ വിവരണങ്ങളും ഈ പുസ്തകത്തിലെ ഉള്ളടക്കത്തില്‍ നിറയുന്നു. രോഗാവസ്ഥയിലെ ഓരൊ ഘട്ടങ്ങള്‍, പരിശോധനകള്‍, ചികിത്സാരീതി, മരുന്നുകള്‍, മുന്‍കരുതലുകള്‍ അങ്ങനെ ഒന്നുപോലും വിടാതെയുള്ള സൂക്ഷ്മവിവരണങ്ങള്‍.

കിഡ്‌നി രോഗം വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍ കരുതലുകളും മാറ്റി വച്ച കിഡ്‌നിയുടെ പരിപാലനവും ഈ പുസ്തകത്തില്‍ വളരെ ലളിതമായി, വ്യക്തമായി വിവരിച്ചിട്ടുണ്ട്. മാറ്റി വച്ച കിഡ്‌നിയുമായി 2014ല്‍ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷം അറിയിച്ചുകൊണ്ട് പുസ്തകം അവസാനിക്കുന്നു. മനുഷ്യരാശിക്ക് അമൂല്യമായ ഒരു ഗ്രന്ഥം സമ്മാനിക്കാന്‍ അവര്‍ക്കുണ്ടാകാവുന്ന സംശയങ്ങള്‍, ഭയം, സങ്കോചം എന്നിവ മാറ്റാന്‍ സഹായകമായ ഒരു പുസ്തകം ലഭ്യമാകാന്‍ ദൈവം ഡോക്ടരെ ഒരു രോഗിയാക്കി പിന്നീട് അതില്‍ നിന്നും മോചിപ്പിച്ചതാകാം. അതു ക്രൂരമായി തോന്നാമെങ്കിലും അതില്‍ നിന്നെല്ലാം വിടുവിച്ച് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ ദൈവം സഹായിച്ചു. അതിനെ നമ്മള്‍ ദൈവനിയോഗം എന്നു വിളിക്കുന്നു. ഇതുപോലെ ഒരു പുസ്തകം സാധാരണക്കാരന്‍ മുതല്‍ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്ക് വരെ വളരെ പ്രയോജനപ്രദമാകും.ഈ പുസ്തകം വായിക്കുന്ന എല്ലാവരും മനസ്സുകൊണ്ട് ഡോക്ടര്‍ക്ക് നന്മകള്‍ നേരും. ആയുഷ്മാന്‍ ഭവ:!!

പുസ്തകത്തിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് ആമസോണ്‍.കോമില്‍ നിന്നു ലഭിക്കുന്നതാണ്.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക