Image

വിശുദ്ധിയുടെ മണ്ണില്‍ 'സെന്റ് പാദ്രെ പിയോ മിഷന്' ഭക്തിസാന്ദ്രമായ തുടക്കം

Published on 18 February, 2019
വിശുദ്ധിയുടെ മണ്ണില്‍ 'സെന്റ് പാദ്രെ പിയോ മിഷന്' ഭക്തിസാന്ദ്രമായ തുടക്കം
 

എയ്ല്‍സ്‌ഫോര്‍ഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്‌ഫോഡില്‍ പുതിയ സീറോ മലബാര്‍ മിഷന് തിരി തെളിഞ്ഞു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തില്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസ കൂട്ടായ്മയെ പുതിയ മിഷനായി പ്രഖ്യാപിച്ചു. 

ഞായറാഴ്ച രാവിലെ ഡിറ്റന്‍ ഹാളില്‍ നടന്ന പ്രഖ്യാപനനത്തിനും തിരുക്കര്‍മങ്ങള്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി. മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട്, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. ജില്ലിംഗ്ഹാം, മെയ്ഡ്‌സ്‌റ്റോണ്‍, സൗത്ത്‌ബോറോ കുര്‍ബാന സെന്ററുകള്‍ സംയോജിപ്പിച്ചു രീപീകരിച്ച സെന്റ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സാക്ഷികളാകുവാന്‍ കെന്റിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് എയ്ല്‍സ്‌ഫോര്‍ഡിലെത്തിയത്. 

രാവിലെ 9.30 ന് സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് ഹൃദ്യമായ സ്വീകരണം നല്‍കി. വിശുദ്ധ പാദ്രെ പിയോയുടെ ലഘു ജീവചരിത്രം ട്രസ്റ്റി ജോഷി ആനിത്തോട്ടത്തില്‍ വിശ്വാസസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. അതിനു ശേഷം ഫാ. ഫാന്‍സ്വാ പത്തില്‍ സെന്റ് പാദ്രെ പിയോ മിഷന്‍ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടര്‍ന്ന് പുതിയ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിലവിളക്ക് തെളിച്ചു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. 

പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന്റെ നിഴലില്‍ കഴിയുന്ന വിശ്വാസസമൂഹമെന്നാണ് പുതിയ മിഷനെ രൂപതാധ്യക്ഷന്‍ വിശേഷിപ്പിച്ചത്.എയ്ല്‍സ്‌ഫോര്‍ഡ് മാതാവിന്റെ സംരക്ഷണവും വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥതയും പ്രകാശത്തിന്റെ സ്ഥലത്തുകൂടി ചരിക്കുവാന്‍ ഏവര്‍ക്കും ഇടയാക്കട്ടെ എന്ന് വചനസന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ആശംസിച്ചു. പ്രാര്‍ത്ഥിച്ചു തീരും മുമ്പ് ഉത്തരമരുളുന്ന ദൈവത്തിന്റെ മുമ്പില്‍ ഒറ്റ സമൂഹമായി വിശ്വാസതീഷ്ണതയില്‍ പ്രാര്‍ത്ഥനാപൂര്‍വം മുന്നേറാന്‍ രൂപതാധ്യക്ഷന്‍ ആഹ്വാനം ചെയ്തു. മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് നന്ദി പറഞ്ഞു. തുടര്‍ന്നു വിശുദ്ധകുര്‍ബാനക്കുശേഷം ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആചരിച്ചു. 

ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ കെന്റിലെ മൂന്നു കുര്‍ബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റേയും തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ഫലമാണ് എയ്ല്‍സ്‌ഫോഡില്‍ യാഥാര്‍ഥ്യമായ സെന്റ് പാദ്രെ പിയോ മിഷന്‍. ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തില്‍, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കണ്‍വീനര്‍മാരായ ടോമി വര്‍ക്കി, ജോസഫ് കുര്യന്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മിഷന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

സെന്റ് പാദ്രെ പിയോ മിഷന്‍ പ്രഖ്യാപനത്തിനും തിരുനാളിനുമായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക