Image

ഹൈബി ഈഡന്‍ എംഎല്‍എ ക്ക് കേരള റീബില്‍ഡ് എക്‌സലന്‍സി അവാര്‍ഡ്

Published on 19 February, 2019
ഹൈബി ഈഡന്‍ എംഎല്‍എ ക്ക് കേരള റീബില്‍ഡ് എക്‌സലന്‍സി അവാര്‍ഡ്
 
ഡബ്ലിന്‍ : ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി സ്റ്റഡി സെന്ററും ഒഐസിസി അയര്‍ലന്‍ഡും സംയുക്തമായി സംഘടിപ്പിച്ച കേരള റീബില്‍ഡ് എക്‌സലന്‍സി പുരസ്‌കാരം ഹൈബി ഈഡന്‍ എംഎല്‍എ ക്ക് ലഭിച്ചു. ജൂണില്‍ ഡബ്ലിനില്‍ നടക്കുന്ന പ്രൗഢഗംഭീരമായ അവാര്‍ഡ് നിശയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു ഫെബ്രുവരി 15 ന് ഡബ്ലിന്‍ ടാല പ്‌ളാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ ടിഡി (ഐറിഷ് പാര്‍ലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചാന്‌പേഴ്‌സും ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ സോംനാഥ് ചാറ്റര്‍ജിയും ചേര്‍ന്നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 

“ചേരാം ചേരാനെല്ലൂര്‍“ പദ്ധതിയും “തണല്‍“ പദ്ധതിയുമാണ് ഹൈബി ഈഡനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ പദ്ധതികളില്‍ വിധവകള്‍, രോഗികള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെയാണ് പ്രധാന ഗുണഭോക്താക്കളാക്കിയിരിക്കുന്നത്. അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ രാജീവ് നഗര്‍ കോളനിയില്‍ 30 വീടുകള്‍ നിര്‍മാണം ആരംഭിക്കുകയും അതില്‍ ഏഴു വീടുകളുടെ താക്കോല്‍ദാനം നല്‍കുകയും ചെയ്തു. ചെറിയ തോതില്‍ തുടങ്ങിയ ഉദ്യമം മുപ്പതു വീടുകളിലേക്ക് വളര്‍ന്ന സാഹചര്യത്തിലാണ് ഹൈബിയെ തേടി അവാര്‍ഡ് എത്തിയതെന്നു സംഘാടകര്‍ പറഞ്ഞു. 

പോയ വര്‍ഷം കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളായിരുന്നു അവാര്‍ഡ് കമ്മിറ്റിയുടെ മാനദണ്ഡം.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റിയില്‍ സാബു വി.ജെ, അനീഷ് കെ. ജോയ് എന്നിവര്‍ അംഗങ്ങളായിരുന്നു.

ഒഐ സിസി പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനീഷ് കെ.ജോയ് സ്വാഗതം ആശംസിച്ചു.എം.പി ജാക്ക് ചേംബേഴ്‌സ്, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ സോമനാഥ് ചാറ്റര്‍ജി, അയര്‍ലന്‍ഡിലെ പീസ് കമ്മീഷണര്‍ ശശാങ്ക് ചക്രവര്‍ത്തി, അയര്‍ലന്‍ഡിലെ ജയ്പൂര്‍ ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആശിഷ് ദിവാന്‍ ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, അനീഷ് കെ. ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക