Image

ലേബര്‍ പാര്‍ട്ടിയില്‍ കലാപം

Published on 19 February, 2019
ലേബര്‍ പാര്‍ട്ടിയില്‍ കലാപം
 
ലണ്ടന്‍: ബ്രിട്ടനില്‍ ഭരണകക്ഷിക്കു പിന്നാലെ പ്രതിപക്ഷത്തും കലാപം. ലേബര്‍ നേതാവ് ജറമി കോര്‍ബിന്റെ ബ്രെക്‌സിറ്റ് നയത്തിലും പാര്‍ട്ടിയുടെ യഹൂദ വിരുദ്ധനിലപാടുകളിലും പ്രതിഷേധിച്ച് ഏഴ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. 

നിലവിലുള്ള രീതി മാറ്റാന്‍ കോര്‍ബിന്‍ തയാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തിലാണ് എംപിമാര്‍ തീരുമാനം അറിയിച്ചത്. തത്കാലം പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും പാര്‍ലമെന്റില്‍ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഏറെ വേദനയോടെയാണു രാജി തീരുമാനം എടുത്തതെന്ന് വംശീയ അധിക്ഷേപത്തിനിരയായ യഹൂദ വംശജ ലൂസിയാന ബെര്‍ജര്‍ പറഞ്ഞു. ബെര്‍ജര്‍ക്കു പുറമേ ചുക്മാ ഉമുന്ന, ക്രിസ് ലെസ് ലി, ഏഞ്ചലാ സ്മിത്ത്, മൈക്ക് ഗേപ്‌സ്, ഗാവിന്‍ഷുകര്‍, ആന്‍ കോഫി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ബ്രെക്‌സിറ്റ് സംബന്ധിച്ച് രണ്ടാംവട്ടവും ഹിതപരിശോധന വേണമെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണ് പാര്‍ട്ടി വിട്ട ഏഴ് എംപിമാരും. ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പ് നടക്കാന്‍ 39 ദിവസം മാത്രം ശേഷിക്കേയുണ്ടായ കലാപം കോര്‍ബിന്റെ നേതൃത്വത്തിനേറ്റ തിരിച്ചടിയാണ്. ഏഴു പേര്‍ കുറയുന്നതോടെ പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 256ല്‍നിന്ന് 249 ആയി. കണ്‍സര്‍വേറ്റീവ് എംപിമാരുടെ എണ്ണം 317 ആണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക