Image

അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു.... നാം ജീവിക്കുന്നു: മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്

Published on 21 February, 2019
അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു.... നാം ജീവിക്കുന്നു:  മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്
പുല്‍വാമ ഭീകരാക്രമണവും പെരിയ ഇരട്ട കൊലപാതകവും പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്.

അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു.... നാം ജീവിക്കുന്നു

കുറച്ച് കാലമായി എഴുതിയിട്ട്.... പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ.... എന്തിന്. ആരോട് പറയാന്‍! ആര് കേള്‍ക്കാന്‍. ഇപ്പോള്‍ എഴുതണം എന്ന് തോന്നി..... അതിനാല്‍ ഒരു കുറിപ്പ്...

വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി.... പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളില്‍ വെള്ള പുതുച്ചുകിടന്നു.

തീഗോളമായി ചിതറും മുമ്പ് അവര്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്.....

ആരോടൊക്കെയോ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു....വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. 'ഒന്നും സംഭവിക്കില്ല' എന്ന് പ്രതീക്ഷിച്ചു.

കശ്മീരിന്റെ തണുപ്പിനെ നേരിടാന്‍ അവര്‍ക്ക്, ആ ജവാന്മാര്‍ക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്‌നേഹച്ചൂട് മതിയായിരുന്നു....

ആ ചൂടില്‍, അവര്‍ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തില്‍ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തില്‍.... തണുത്ത നിലങ്ങളില്‍ അവര്‍ ചിതറി.... ഭൂമി വിറച്ചു: പര്‍വതങ്ങള്‍ ഉലഞ്ഞു. തടാകങ്ങള്‍ നിശ്ചലമായി...... ദേവദാരുക്കള്‍ പോലും കണ്ണടച്ച് കൈകൂപ്പി.... പിന്നീടവര്‍ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തില്‍ മുങ്ങി. ആ വിടുകളില്‍ സൂര്യന്‍ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ...........

ആ വീരജവാന്മാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.....

അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്.

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര്‍ ജോലി ചെയ്യുന്നത്, മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.

ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക