Image

കാസര്‍കോട്‌ കൊലപാതകത്തെ തള്ളിപ്പറഞ്ഞ്‌ മുഖ്യമന്ത്രി; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പിണറായി

Published on 22 February, 2019
കാസര്‍കോട്‌ കൊലപാതകത്തെ തള്ളിപ്പറഞ്ഞ്‌ മുഖ്യമന്ത്രി; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പിണറായി
കാസര്‍കോട്‌: കാസര്‍കോട്‌ കൊലപാതകത്തെ തള്ളിപ്പറഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട്‌ കോണ്‍ഗ്രസ്‌ ചെറുപ്പക്കാരുടെ ഹീനമായ കൊലപാതകമാണ്‌ പെരിയയില്‍ നടന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകം ഹീനമാണെന്നും ഒരു രീതിയിലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

അതുകൊണ്ട്‌ തന്നെയാണ്‌ കൊലപാതകം നടന്ന ഉടന്‍ തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അതിനെ തള്ളിപ്പറഞ്ഞതെന്നും പിണറായി പറഞ്ഞു.

സി.പി.ഐ.എം എങ്ങനെ ഇത്തരം സംഭവങ്ങളെ കാണുന്നു എന്നതിന്റെ തെളിവാണ്‌ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ഇത്തരം ആളുകള്‍ക്ക്‌ സി.പി.ഐ.എമ്മിന്റേതായ പരിരക്ഷയൊന്നും ഉണ്ടാവില്ലെന്ന്‌ കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്‌.

ഇവര്‍ ചെയ്‌തത്‌ ഹീനമായ കുറ്റമാണ്‌. അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഈ സംഭവം ഉണ്ടായ ഉടന്‍ തന്നെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെല്ലാം വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഈ കൊലപാതകത്തിന്‌ ശേഷം നാട്ടില്‍ നടന്ന മറ്റ്‌ കാര്യങ്ങള്‍ ഉണ്ട്‌. അക്രമം നടത്താന്‍ ലൈസന്‍സ്‌ കിട്ടിയെന്ന്‌ കോണ്‍ഗ്രസുകാര്‍ പറയുന്നു. അതിനെ ഒന്നിനേയും ആരും തള്ളിപ്പറഞ്ഞ്‌ കണ്ടില്ല.

മാത്രമല്ല അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ കണ്ടത്‌. പ്രോത്സാഹിച്ചാലും സംരക്ഷിച്ചാലും അക്രമം ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും.

യാതൊരു വിധത്തിലുള്ള പക്ഷഭേദവും അക്കാര്യത്തില്‍ ഇല്ല. തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക