ഉത്തര്‍പ്രദേശ് : ജയ്ഷെ മുഹമ്മദ് ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ സ്വദേശികളായ ഷാനവാസും അകിബുമാണ് യുപി പൊലീസിന്‍റെ പിടിയിലായത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്
ജയിഷെ മുഹമ്മദിനായി റിക്രൂട്ട്മെന്‍റ് നടത്തിയ ഭീകരരാണ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് മുന്‍പാണോ ഇവര്‍ എത്തിയതെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അകിബ് പുല്‍വാമ സ്വദേശിയും ഷാനവാസ് കുല്‍ഗാം സ്വദേശിയുമാണ് എന്നാണ് വിവരം.
ഷഹരാന്‍പൂരിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് രണ്ട് പേരെയും യുപി പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സംഘം പിടികൂടിയത്. പിടിയിലായ രണ്ട് പേരും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ കയ്യില്‍ നിന്ന് തോക്കുകളടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
പിടിയിലായവരില്‍ ഷാനവാസ് ഗ്രനേഡ് നിര്‍മ്മാണ വിദഗ്ധനാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുപി ഡിജിപി ഒ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു