Image

പൊലീസുമായി കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തുന്നത് ഉചിതമല്ല: മുഖ്യമന്ത്രിയെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Published on 22 February, 2019
പൊലീസുമായി കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തുന്നത് ഉചിതമല്ല: മുഖ്യമന്ത്രിയെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

കോഴിക്കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പെരിയയിലെ വീടുകളില്‍ പോകാന്‍ മുഖ്യമന്തി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്നും കാനം രാജോന്ദ്രന്‍ പറഞ്ഞു.പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും കാനം രാജേന്ദ്രന്‍ കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തില്‍ ചോദിച്ചു.

കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചെന്നും ഇതിനായി സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചേക്കുമെന്ന് പ്രാദേശിക സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്ന് നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കാസര്‍കോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക