Image

കാറിന്‌ തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തില്‍ സംശയ മുന നീളുന്നത്‌ ഭര്‍ത്താവിലേയ്‌ക്ക്‌

Published on 12 March, 2019
 കാറിന്‌ തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും  കൊല്ലപ്പെട്ട സംഭവത്തില്‍ സംശയ  മുന നീളുന്നത്‌ ഭര്‍ത്താവിലേയ്‌ക്ക്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിന്‌ തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത്‌ ഭര്‍ത്താവിലേയ്‌ക്ക്‌. യുവതിയേയും കുഞ്ഞുങ്ങളേയും ഭര്‍ത്താവ്‌ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്‌ എത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെതിരെ അന്വേഷണം വേണമെന്നുമാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

ഞായറാഴ്‌ചയാണ്‌ ഡല്‍ഹി അക്ഷര്‍ദം ഫ്‌ളൈ ഓവറിന്‌ സമീപം കാറിന്‌ തീപിടിച്ച്‌ യുവതിയും പിഞ്ചുകുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്‌. ഉപേന്ദര്‍ (36) ഭാര്യ അഞ്‌ജന (33), മക്കളായ നിക്കി (1),മഹി(6), സിദ്ധി (4) എന്നിവരാണ്‌ ഈ സമയം കാറിലുണ്ടായിരുന്നത്‌. അപകടത്തില്‍ അഞ്‌ജനയും നിക്കിയും മഹിയും മരിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്‌ മടങ്ങി വരുമ്‌ബോളായിരുന്നു അപകടം സംഭവിച്ചത്‌.

കൊല്ലപ്പെട്ട അഞ്‌ജനയുടെ ഭര്‍ത്താവ്‌ ഉപേന്ദര്‍ കല്ല്യാണം കഴിഞ്ഞ്‌ 13 വര്‍ഷത്തിനിടെ ഒരു തവണ പോലും ഭാര്യയെ പുറത്തേക്ക്‌ കൊണ്ടു പോയിട്ടില്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. പെട്ടെന്ന്‌ ഒരു ദിവസം എല്ലാവരെയും കൊണ്ട്‌ പുറത്തേക്ക്‌ പോകുന്നുവെന്ന്‌ ഇയാള്‍ പറഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇത്‌ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ആദ്യ മകള്‍ പിറന്നത്‌ മുതല്‍ ഇയാള്‍ ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

മകളെയല്ല മകനെയാണ്‌ വേണ്ടതെന്ന്‌ പറഞ്ഞാണ്‌ ഇയാള്‍ ഉപദ്രവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ സംഭവിച്ചത്‌ അപകടമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്നുമാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. സംഭവത്തില്‍ പോലീസ്‌ വിശദമായ അന്വേഷണം നടത്തണമെന്നും അഞ്‌ജനയ്‌ക്ക്‌ നീതി ലഭ്യമാക്കണമെന്നുമാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌.

അതേ സമയം തനിക്കെതിരെ വന്ന ആരോപണങ്ങളെ ഉപേന്ദര്‍ നിഷേധിച്ചു. ഭാര്യയെയും മക്കളെയും താന്‍ കൊല്ലേണ്ട ആവശ്യം എന്താണെന്നാണ്‌ ഇയാള്‍ ചോദിക്കുന്നത്‌. അപകടമാണ്‌ നടന്നത്‌. അവരെ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെന്നും ഇതിനിടയില്‍ തനിക്ക്‌ പരിക്ക്‌ പറ്റിയെന്നും ഇയാള്‍ പറഞ്ഞു. തന്റെ ഭാര്യയും മക്കളും കാറിനുള്ളില്‍ ജീവനോടെ കത്തിയമര്‍ന്നപ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഉപേന്ദര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക