Image

ബാല ലൈംഗിക പീഡനം: ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് ആറു വര്‍ഷം തടവ്

Published on 13 March, 2019
ബാല ലൈംഗിക പീഡനം: ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് ആറു വര്‍ഷം തടവ്

സിഡ്‌നി: പള്ളിയിലെഗായക സംഘത്തിലെ രണ്ട് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാളിനെ കോടതി ശിക്ഷിച്ചു. ആറു വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കര്‍ദ്ദിനാളിന്റെ പ്രവര്‍ത്തി ലജ്ജാകരവും ബലാത്കാരവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ് നിങ്ങള്‍ കാണിച്ചതെന്ന് ജഡ്ജി പീറ്റര്‍ കിഡ് വിമര്‍ശിച്ചു.

1996ല്‍ മെല്‍ബണ്‍ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ 13 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ ജോര്‍ജ് പെല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പെസഷ്യല്‍ ഡൂറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അക്കാലത്ത് മെല്‍ബണ്‍ ആര്‍ച്ച്ബിഷപ്പ് ആയിരുന്നു പെല്‍. കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് കുട്ടികള്‍ മോഷ്ടിച്ചെടുത്ത് കുടിച്ചത് ശ്രദ്ധയില്‍പെട്ട  പെല്‍ അക്കാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ചൂഷണം നടത്തിയത്. കുട്ടികളില്‍ ഒരാളെ 1997ലും പീഡിപ്പിച്ചിരുന്നു. കുട്ടികളില്‍ ഒരാളുടെ മൊഴി വിശ്വാസത്തിലെടുത്താണ് ജോര്‍ജ് പെല്ലിനെ ശിക്ഷിച്ചത്. മറ്റൊരു കുട്ടി 2014ല്‍ ലഹരിമരുന്നിന്റെ അമിതോപയോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. 

ജോര്‍ജ് പെല്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം വിധിച്ച കോടതി ശിക്ഷാ പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.ജോര്‍ജ് പെല്ലിന് മൂന്നു വര്‍ഷവും എട്ടുമാസവും ജയില്‍വാസം അനുഭവിച്ചശേഷമേ പരോളിനു പോലും അര്‍ഹതയുള്ളു. വിധിക്കെതിരെ പെല്‍ സമര്‍പ്പിച്ച അപ്പീല്‍ ജൂണില്‍ പരിഗണിക്കും. 

വത്തിക്കാന്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് 77കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍. മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ പ്രമുഖനുമായിരുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കര്‍ദ്ദിനാള്‍ ബാലപീഡനത്തിന് ശിക്ഷിക്കപ്പെടുന്നത്. 

അടുത്തിടെ യു.എസിലെ കര്‍ദ്ദിനാള്‍ ആയിരുന്ന മക് കാരികിനെ അമ്പതു വര്‍ഷം മുന്‍പ് നടന്ന ബാലപീഡനത്തിന്റെ പേരില്‍ മാര്‍പാപ്പ പൗരോഹിത്യ പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക