Image

എനിക്ക് ദേശീയത എന്നാല്‍ (പകല്‍ക്കിനാവ്-ജോര്‍ജ് തുമ്പയില്‍)

Published on 14 March, 2019
എനിക്ക് ദേശീയത എന്നാല്‍ (പകല്‍ക്കിനാവ്-ജോര്‍ജ് തുമ്പയില്‍)
വീണ്ടും ഒരിക്കല്‍കൂടി ഞാന്‍ ഇന്ത്യന്‍ ദേശീയതയെ കുറിച്ച് സംസാരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി രണ്ട് തവണ ഞാന്‍ ഈ കോളത്തിലൂടെ വായനക്കാരുമായി സംവദിച്ചിരുന്നു. ചിലരുടെ കമന്റുകളും ഫോണ്‍ മുഖേന സംസാരിച്ചതില്‍ നിന്നും എനിക്ക് വ്യക്തമായ ഒരു കാര്യം ഇന്ത്യന്‍ ദേശീയത എന്നത് വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇന്നും പലരും മുഖവിലക്കെടുത്തിട്ടില്ല എന്നതാണ്.
കാരണം കാശ്മീര്‍ എന്നത് ഒരു തര്‍ക്കവിഷയമായി നിലകൊള്ളുകയും അതിലുപരി ഒരു തീവ്രവാദ സ്വഭാവമുള്ള വിഷയമായി (ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിനു ശേഷവും സജീവമായി നിലനില്‍ക്കെയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും) മാറിയ നിലയ്ക്ക് പലരും ദേശീയതയെ തെറ്റിദ്ധരിച്ചിരിക്കുന്നു. അതിനു ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. ഏതു കാര്യത്തിനും രണ്ട് അഭിപ്രായം ഉണ്ടാകുമല്ലോ. ഞാന്‍ പ്രത്യേകമായും പറയാന്‍ ആഗ്രഹിച്ചത് ഇന്ത്യന്‍ ദേശീയത എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യാമഹാരാജ്യത്തെ സംബന്ധിച്ച കാര്യമെന്ന നിലക്ക് മാത്രമാണ്. ഇന്ത്യ എന്ന വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു രാഷ്ട്രീയ സ്വഭാവത്തോടു കൂടി സംസാരിക്കുക ആയിരുന്നില്ല എന്റെ ഉദ്ദേശം.
മനുഷ്യനെ മനുഷ്യനായി കാണണമെന്നും മണ്ണ് അല്ല അന്തിമ വിധി പ്രസ്താവിക്കുന്നതെന്നും അറിയാഞ്ഞിട്ടുമല്ല. എന്നാല്‍ ലോകാരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന എല്ലാ സംസ്‌ക്കാരത്തിലും പോരും പടയോട്ടവും ഉണ്ടായിട്ടുണ്ട്. ഇതിലേറെയും ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലായിരുന്നു. എന്നാല്‍ നമ്മുടെ കാര്യത്തില്‍ അത് അങ്ങനെയല്ല. പ്രകോപനമേതുമില്ലാതെ എല്‍ഒസി (നിയന്ത്രണരേഖ- ലൈന്‍ ഓഫ് കണ്‍ട്രോള്‍) മുറിച്ചു കടന്നു നമ്മെ കൊല്ലുകയാണ്. നിരന്തരം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. അതിനെ എതിര്‍ക്കേണ്ടതല്ലേ. ആ അര്‍ത്ഥത്തില്‍ നമ്മുടെ പൊതുവികാരത്തെ ഉയര്‍ത്തുന്നു എന്ന നിലയ്ക്കു മാത്രം എന്റെ ദേശീയതയെ കണ്ടാല്‍ മതി.
നമ്മുടെ അതിര്‍ത്തി കാക്കുന്ന, മഞ്ഞും മഴയും വെയിലും കൊണ്ട് ബങ്കറുകളില്‍ കിടന്നുറങ്ങുന്ന ധീര ജവാന്മാരെ നിഷ്ഠൂരമായി വധിച്ചവരോടുള്ള പ്രത്യാക്രമണത്തെ അപലപിക്കുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത് എന്ന പക്ഷക്കാരനാണ് ഞാന്‍. അതില്‍ ചില വായനക്കാര്‍ പുറപ്പെടുവിച്ച ചേതോവികാരം എനിക്കു മനസ്സിലാകുന്നതേയില്ല. എത്ര വിശാലമായി ചിന്തിച്ചാലും സമാധാനത്തോടു കൂടി ജീവിക്കുന്ന നമ്മുടെ വീട്ടിലേക്ക് നിരന്തരം കല്ലേറു നടത്തി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നവരെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ കല്ലേറു നിര്‍ത്തി പകരം വെടിവയ്പ്പു തുടങ്ങിയാലോ. അതിനും ശേഷം അതു ബോംബിങ്ങിലേക്ക് വഴിമാറിയാലോ. നിങ്ങള്‍ എന്തു ചെയ്യും? അതിനെ പ്രതിരോധിക്കുകയോ, രക്ഷാമാര്‍ഗ്ഗം തേടുകയോ ചെയ്യുമെന്നത് സ്വാഭാവികം. ബുദ്ധിയുള്ളവരൊക്കെയും സമചിത്തതയോടെ ആ ഒരു ഘട്ടത്തില്‍ അങ്ങനെയോ കരുതൂ. അല്ലാതെ, അവിടെ നെഞ്ചു വിടര്‍ത്തി കാണിച്ച് ഇതാ ഈ മാറിലേക്കു നിറയൊഴുക്കൂ എന്നു പറയുന്നതല്ല, ദേശീയതയുടെ ആപ്തവാക്യം.
തീവ്രവാദ ക്യാമ്പിലേക്കുള്ള ആക്രമണത്തെക്കുറിച്ച്, ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ച് ഞാന്‍ ഉദ്ദേശിച്ചത് ലോകത്തിലെ ഏത് വന്‍ ശക്തിയോടും കിടപിടിക്കാവുന്ന വിധത്തില്‍ ഇന്ത്യ വളര്‍ന്നിരിക്കുന്നു എന്ന വിധത്തിലായിരുന്നു. അത് സാമ്പത്തികമായി ആണോ എന്ന് ചോദിച്ചാല്‍ ഞാന്‍ നിരീക്ഷിച്ചത് സൈനികപരമായ മാത്രമാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
പാകിസ്ഥാന് എതിരെയുള്ള ആക്രമണം ഇന്ത്യക്കാരായ ഓരോരുത്തരുടെയും ആത്മാഭിമാനമാണ് ഉയര്‍ത്തിയത്. ഏതൊരു ശത്രുവിനെയും അവന്റെ പാളയത്തില്‍ പോയി തോല്‍പ്പിക്കാനും അതു വഴി സുരക്ഷയുടെ കാര്യത്തില്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്യാനാകുമെന്നുമുള്ള നിരീക്ഷണമായിരുന്നു. പാക് വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ വീണു പോയ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദനെ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതു പോലും ഈ ദേശീയതയുടെ മുഖമുദ്രയായി തന്നെ നാം കാണണം.
ഭീകരക്യാമ്പുകള്‍ ആക്രമിച്ചപ്പോള്‍ 300 പേരു മരിച്ചോ, മരിച്ചെങ്കില്‍ അതിന്റെ ചിത്രങ്ങളെവിടെ എന്നൊക്കെ ചോദിച്ചവര്‍ അത്തരമൊരു സൈനിക നീക്കത്തിനു തയ്യാറായവരെ അഭിനന്ദിക്കാന്‍, അവരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ എന്തിനു മടിക്കുന്നു. ക്യാമ്പുകളില്‍ ഉള്ളവര്‍ കുറഞ്ഞത് മുന്നൂറു ഫോണ്‍ കണക്ഷനുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആക്രമണത്തെ തുടര്‍ന്ന് അവിടെനിന്നാരും തന്നെ രക്ഷപ്പെട്ടിട്ടില്ല എന്ന സാധ്യതയും കണക്കിലെടുത്താണ് അങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നു പറയുമ്പോള്‍ പോലും അതിനെ എതിര്‍ക്കുകയാണ് ഒരു പക്ഷം. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം കൊണ്ടു വരുന്നത് അല്‍പ്പത്തരവും ബുദ്ധിശൂന്യവുമാണെന്ന് ഇനി എന്നിവര്‍ മനസ്സിലാക്കും. പാക്കിസ്ഥാനെയും തീവ്രവാദികളെയും സംബന്ധിച്ചിടത്തോളം എന്‍ഡിഎ ആണോ, അല്ലെങ്കില്‍ യുപിഎ ആണോ ഇന്ത്യ ഭരിക്കുന്നതെന്നു നോക്കിയല്ല ആക്രമണം വിഭാവനം ചെയ്യുന്നത്. അവര്‍ക്ക് ഇന്ത്യയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. അതിനായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയെന്നതാണ് അവരുടെ ഉദ്ദേശം. അതിനിടയില്‍ കിടന്നു ഇത്തരം ദേശവിരുദ്ധ പ്രസ്തവാനകള്‍ നടത്തുന്നവരെക്കുറിച്ചോര്‍ത്ത് എനിക്കു സഹതാപമേ തോന്നുന്നുള്ളു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓരോ ഇന്ത്യക്കാരനെയും സംരക്ഷിക്കുകയെന്നതു തന്നെയാണ് പ്രാധാന്യം. അതിനായാണു കോടിക്കണക്കിനു രൂപ മുടക്കി പ്രതിരോധം ശക്തമാക്കുന്നതും. അതൊന്നും കാണാതെ പോകുന്നവരോട്, ഇതൊന്നും അറിയില്ലെന്ന മട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് ഒന്നേ പറയാനുള്ളു. ശിഥിലീകരിച്ച് ഭരിച്ചു മൂച്ചൂടും മുടിച്ചവരില്‍ നിന്നു സ്വാതന്ത്ര്യം നേടിയിട്ട് 72 വര്‍ഷങ്ങളെ ആയിട്ടുള്ളു. അതൊന്നും നാം വെറുതെയങ്ങ് മറന്നു കൂടാ. ഉള്ളില്‍ അല്‍പ്പമെങ്കിലും ആത്മാഭിമാനം സ്ഫുരിക്കുന്നുണ്ടെങ്കില്‍ പിറന്ന നാടിനോട് അല്‍പ്പമെങ്കിലും കൂറുണ്ടെങ്കില്‍ വിളിക്കു, വന്ദേ മാതരം! അതു ശത്രുവിന്റെ കര്‍ണ്ണപുടങ്ങളില്‍ അത് അലയടിച്ച് ആയിരം കൂരമ്പുകളായി അവന്റെ മാറിടം പിളര്‍ക്കട്ടെ ! വന്ദേ മാതരം!
Join WhatsApp News
peace, peace 2019-03-14 17:09:11
കശ്ശ്‌മീരി യുവാവാണ് പുൽവാമ ആക്രമണം നടത്തിയത്. ഒന്നാന്തരം ഇന്ത്യാക്കാരൻ. അതിനു പാക്കിസ്ഥാനെ ചീത്ത പറഞ്ഞിട്ട് എന്ത് കാര്യം? പ്രത്യേകിച്ച് ഇമ്രാൻ ഖാൻ സമാധാനകാംക്ഷി ആയിരിക്കുമ്പോൾ.
കശ്മീർ ഇന്ത്യയുടേതാണ്. പക്ഷെ കശ്മീരിലെ ജനം പറയുന്നത് അവർ ഇന്ത്യാക്കാരല്ല എന്നാണ്. എന്ത് ചെയ്യും?
എന്തായാലും ഇലക്ഷൻ കാലത് മോദിയുടെ ഭാഗ്യം. ഇനിയും സർജിക്കൽ സ്ട്രൈക്ക് ഉണ്ടാവുമെന്നാണ് മമത ബാനർജി പറയുന്നത് 
Varughese Samuel 2019-03-15 08:01:41
പുല്‍വാമ ആക്രമണം നടത്തിയത് ഇന്ത്യക്കാരനാണെന്നു പറയുന്നതിലെ അയുക്തി തന്നെയാണ് പ്രശ്‌നം. പുല്‍വാമ എന്നത് ഒരു യുദ്ധമല്ല, മറിച്ച് അതൊരു ആക്രമണമായിരുന്നു. അതു തിരിച്ചറിയണം ഹേ മിസ്റ്റര്‍. താങ്കളുടെ മോഡി വിരോധം നല്ലതു തന്നെ. എന്നാല്‍ തന്റെ ബന്ധുക്കള്‍ ആരെങ്കിലും പട്ടാളത്തില്‍, പ്രത്യേകിച്ച് കാശ്മീരില്‍ ജോലിക്ക് പോയിട്ടുണ്ടെങ്കില്‍ ഒന്ന് അന്വേഷിച്ച് നോക്ക്, എന്‍ഡിഎക്ക് വീണ്ടും അധികാരത്തില്‍ കയറാന്‍ വേണ്ടിയായിരുന്നോ കാശ്മീരില്‍ സ്‌ഫോടനം നടത്തി പട്ടാളക്കാരെ കൊന്നൊടുക്കിയതെന്ന്. വിവരദോഷം പറയുന്നതിനും ഒരു അതിരുണ്ട്. ഇമ്രാന്‍ ഖാന്‍ സമാധാന കാംക്ഷിയാണത്രേ. അമേരിക്കയും റഷ്യയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു ഇമ്രാന്റെ സമാധാനം. തന്നെയുമല്ല, ഇപ്പോഴും പാക് ജയിലില്‍ കഴിയുന്ന 74 ഇന്ത്യന്‍ പട്ടാളക്കാരുടെ കാര്യത്തില്‍ ഇദ്ദേഹം എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്. ഇന്ത്യക്കാരനായി ജനിക്കുകയും ജീവിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്കാരന്റെ മേല്‍ ഒരു ബുള്ളറ്റ് (ഒരു ജവാന്റെ മേല്‍) വീഴുമ്പോള്‍ നോവുകയുള്ളു. അതിനിപ്പോ ഇന്ത്യയില്‍ ജീവിക്കണമെന്നൊന്നുമില്ല. ഇവിടെ ഫ്‌ളോറിഡയില്‍ ഇരുന്നാണെങ്കില്‍ ഞങ്ങള്‍ക്കത് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അല്ലാതെ തല കൊയ്‌തെടുത്തിട്ട് സമാധാനാം സമാധാനം എന്നു പറഞ്ഞ് വെള്ളക്കൊടിയുമായി വരുന്നവന്റെ മുണ്ട് പൊക്കി പിടിക്കലല്ല, മിസ്റ്റര്‍.
Sebin K 2019-03-15 08:04:24
കാശ്മീരിലെ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും പറ്റി പിന്നെ എന്തിനാണ് ഉവ്വേ, നിങ്ങള്‍ ഇന്ത്യയെ തെറി പറഞ്ഞു കൊണ്ട് അവിടെ കിടക്കുന്നത്. വല്ല മാലിയിലും പോയി മാമാ പണിയെടുത്ത് ജീവിച്ചൂടേ...
peace, peace 2019-03-15 09:58:05
Varghese Samuel says the RSS explanation The Kashmiiri youth was an Indian. let us wait if another surgical strike before or during the election.
Then another gu asking Kashmiris to leave Kashmir. It is like asking Keralites who do not agree with RSS-BJP to leave Kerala.
benoy 2019-03-15 10:03:38
A great article by George Thumbayil. In this politically correct world, a bit of nationalism is good. "peace, peace", you are a disgrace all Malayalees. 
ബി ജെ പി ക്രിസ്ത്യാനി 2019-03-15 12:27:37
നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ. 
ഇമ്രാൻ ഖാൻ സമാധാന പ്രിയൻ ആണെന്നൊക്കെ പറയുന്നവർ ക്രിക്കറ്റ് ഫാൻസ്‌ മാത്രം ആണ്. സമാധാനം പറഞ്ഞു ആദ്യ ഇലക്ഷന് വോട്ടു പിടിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയത് രണ്ടോ മൂന്നോ സീറ്റ് മാത്രം. പിന്നീട് പട്ടാളത്തിന്റെയും തീവ്ര വാദികളുടെയും ഐ എസ ഐ യുടെയും വിദേയത്വം പ്രഖ്യാപിച്ചപ്പോൾ മാത്രം ആണ് അധികാരത്തിൽ വരാൻ പറ്റിയത്. അതുകൊണ്ടു ഇമ്രാൻ ഖാൻ എന്നല്ല ഒരു പാകിസ്ഥാൻ പ്രധാന മന്ത്രിക്കും സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കില്ല. അവർ പട്ടാളത്തിന്റെ പാവകൾ മാത്രം ആണ്. 
ഇഷ്ടമല്ലാത്ത മോഡി ചെയ്യുന്നതെല്ലാം കുറ്റം എന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും ഒരു ലൈൻ. പലരുടെയും പ്രതികരണം കണ്ടാൽ തോന്നും ഈ കാശ്മീർ പ്രശനം മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആണ് ഉണ്ടായത് എന്ന്. മോഡി സർക്കാർ കാശ്മീർ കൈമാര്യം ചെയ്ത രീതിയിൽ എതിരഭിപ്രായങ്ങൾ ഉണ്ട്. എന്ന് കരുതി സൈന്യം ചെയ്യുന്ന നടപടികളെ അധിക്ഷേപിക്കരുത്. അത് അവരുടെ മനോവീര്യം കെടുത്തും.
പിന്നെ സൈന്യത്തെയും യുദ്ധത്തെയും എന്തിനു അണുബോംബ് പരീക്ഷണത്തെ പോലും കോൺഗ്രസ് സർക്കാരും ബി ജെ പി സർക്കാരും വോട്ടിനു വേണ്ടി എല്ലാ കാലത്തും ഉപയോഗിച്ചിട്ടുണ്ട്.
ബി ജെ പി സർക്കാരിന്റെ കുറവുകളെ ചൂണ്ടികാണിച്ചു അവരെ താഴെ ഇറക്കാൻ നോക്കുക അല്ലാതെ മോദിയെ കൂടുതൽ അധിക്ഷേപിക്കുന്തോറും അദ്ദേഹം കൂടുതൽ കൂടുതൽ ശക്തനായി മാറുന്നതാണ് കാണുന്നത്. 
josecheripuram 2019-03-15 17:51:48
Every Person&Nation has the right to defend his territory,that's why we spend so much money&time for defense.We once up on a time believed in "AHIMSA".In 1962 we did not pay much attention to defense&what happened the war with China, we had to retreat with shame.I agree with George Thumpayil,only this could been done long time before.We Indians should be Proud being an Indian.Do you want another country to take over you&be slaves of that country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക