Image

പൊള്ളാച്ചി പീഡനം : ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

Published on 16 March, 2019
പൊള്ളാച്ചി പീഡനം : ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

പൊള്ളാച്ചി : തമിഴ്‌നാടിനെ ഇളക്കി മറിച്ച പൊള്ളാച്ചി പീഡനകേസില്‍ ഇടപെട്ട് മദ്രാസ് ഹൈക്കോടതി. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടിയുടേതെന്നു പറഞ്ഞ് പ്രചരിക്കുന്ന എല്ലാ വീഡിയോകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതു ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു നടപടി. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍, കോടതി രേഖകളില്‍ അടക്കം രഹസ്യമായി സൂക്ഷിക്കണമെന്നു സുപ്രീംകോടതി ഉത്തരവുണ്ടെന്നും പൊള്ളാച്ചി സംഭവത്തില്‍ ഇതു പാലിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

പീഡനത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പൊള്ളാച്ചി എസ്പി പാണ്ഡ്യരാജന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പീഡനക്കേസുകള്‍ വേഗത്തില്‍ അന്വേഷിച്ചു തീര്‍പ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സംഘത്തെ നിയമിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി നിര്‍ദേശങ്ങള്‍ തമിഴ്‌നാട് പൊലീസ് പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ച കോടതി സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും ഇന്റര്‍നെറ്റില്‍ നിന്നു നീക്കം ചെയ്യാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതു വീഴ്ചയാണ്. ഉത്തരവു പിന്‍വലിച്ചു പുതിയ ഉത്തരവു പുറത്തിറക്കണം. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സര്‍ക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണു കരുതുന്നത്. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ പൊതുജങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണം. ഇന്റര്‍നെറ്റിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു സ്‌കൂളുകളില്‍ പഠിപ്പിക്കണം. ഇത് പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൃപാകരന്‍ ജസ്റ്റിസ് എസ്.സുന്ദര്‍ എന്നിവര്‍ പറഞ്ഞു. കേസ് ചെന്നൈയിലെ മദ്രാസ് ഹൈക്കോടതി പ്രിന്‍സിപ്പല്‍ ബെഞ്ചിനു കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക