Image

20 ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് ഡമോക്രാറ്റുകളുടെ നിര്‍ദേശം

ഏബ്രഹാം തോമസ് Published on 16 March, 2019
20 ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് ഡമോക്രാറ്റുകളുടെ നിര്‍ദേശം
20 ലക്ഷം കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം എന്ന നിര്‍ദേശം ഡമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ട് വച്ചു. ഇവരില്‍ ഡ്രീമേഴ്‌സിനെയും ടെമ്പററിവര്‍ക്ക് പെര്‍മിറ്റ് ഉള്ളവരെയും ഉള്‍പ്പെടുത്തണം. ഇവര്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. ബില്യന്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ച് അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുവാനും ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റും ബോര്‍ഡര്‍ സെക്യൂരിറ്റിയും ശക്തിപ്പെടുത്തുവാനും വൈറ്റ് ഹൗസ് ബജറ്റില്‍ നിര്‍ദേശം മുന്നോട്ട് വച്ചതിന് പിന്നാലെയാണ് ഡെമോക്രാറ്റുകളുടെ ഈ നിര്‍ദേശം ഉണ്ടായത്. ഇത് റിപ്പബ്ലിക്കനുകളും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എങ്ങനെ സ്വീകരിക്കും എന്ന് പറയുക വയ്യ.

ഇതിനിടയില്‍ 2,200 കുടിയേറ്റക്കാര്‍ ക്യാപുകളില്‍ പകര്‍ച്ച രോഗം ഉണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് പേരെ 25 ദിവസത്തെ പ്രത്യേക സുരക്ഷിത താമസ സ്ഥലത്തേയ്ക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. ഇമ്മിഗ്രേഷന്‍ കോടതികളില്‍ വിചാരണ കാത്തിരിക്കുന്നവര്‍ മെക്‌സിക്കോയില്‍ തങ്ങാനാണ് താല്‍കാലിക സംവിധാനം. ഇതിനകം 240 പേരെ ഈ പദ്ധതിയില്‍ മെക്‌സിക്കോയിലേയ്ക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു. കലിഫോര്‍ണിയയിലെ കാലെക്‌സിക്കോ, സാന്‍ഡിയാഗോയിലെ സാന്‍ യസിഡ്രോ എന്നീ പോര്‍ട്ട് ഓഫ് എന്‍ട്രികളിലാണ് ഇപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടാക്കിയിരിക്കുന്നത്. മുന്‍പ് അഭയാര്‍ഥികളായി എത്തുന്നവരെ അവരുടെ കേസുകള്‍ വിധി പറയുന്നത് വരെ യുഎസിലുള്ള അവരുടെ ബന്ധുമിത്രാദികള്‍ക്കൊപ്പം താമസിക്കുവാന്‍ അനുവദിച്ചിരുന്നു.
യുഎസ് സിറ്റിസണ്‍ ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസിന്റെ 21 ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഫാമിലി വീസ അപേക്ഷകളും വിദേശ ദത്തെടുക്കലുകളും മിലിട്ടറി അംഗങ്ങളില്‍ നിന്നുള്ള സിറ്റിസണ്‍ ഷിപ്പ് പെറ്റീഷനുകളും ഇതുമൂലം തീരുമാനമാകാന്‍ വൈകും. ചെലവു ചുരുക്കല്‍ നടപടിയായി വിശേഷിപ്പിക്കപ്പെടുന്ന പദ്ധതി 70 പേരുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്.
മാതാപിതാക്കളോടൊപ്പം അല്ലാതെ യുഎസില്‍ എത്തിയ 5000 കുടിയേറ്റ കുട്ടികളെ പാര്‍പ്പിക്കുവാന്‍ സ്ഥലം മിലിട്ടറി ബേസുകളില്‍ കണ്ടെത്തുവാന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമം നടത്തി. ഈ വസന്ത കാലത്ത് നിയമ വിരുദ്ധമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ വലിയ വര്‍ധന ഉണ്ടാവുമെന്ന് ഇത് നേരിടാനാണ് മിലിട്ടറി ബേസുകളിലെ സൗകര്യം പരിശോധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഇത്തരം ആസ്ഥാനങ്ങള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കുടിയേറ്റക്കാരുടെ ഒഴുക്ക് കാലാവസ്ഥ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ വര്‍ധിച്ചുകൊണ്ടിരിക്കും എന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിഴ്സ്റ്റണ്‍ നീല്‍ സെന്‍ പറഞ്ഞു.
കഴിഞ്ഞ വേനല്‍ക്കാലത്ത് 20,000 കുട്ടികളെ വരെ പാര്‍പ്പിക്കാവുന്ന സാന്‍ ആഞ്ചലോയ്ക്കടുത്തുള്ള ഗുഡ് ഫെലോ എയര്‍ഫോഴ്‌സ് നല്‍കാമെന്ന് പെന്റഗണ്‍ സമ്മതിച്ചിരുന്നു. നിയമപരമായും പാരസ്ഥിതികമായും ഉള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് ഈ അഭ്യര്‍ഥനയുമായി എച്ച്എച്ച്എസ് എത്തിയില്ല. ഇത്രയും വലിയ സൗകര്യം ആവശ്യമില്ലെന്നും ബെയ്‌സില്‍ സംരക്ഷണ ക്യാംപ് ഒരുക്കുവാന്‍ പണമില്ലെന്നും എച്ച്എച്ച്എസ് പിന്നീട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചെറിയ ആവശ്യമായതിനാല്‍ പെന്റഗണ്‍ എച്ച്എച്ച്എസിന്റെ ആവശ്യം വീണ്ടും പരിശോധിക്കും എന്ന് പെന്റഗണ്‍ വക്താവ് ജെയ്മി ഡോവിസ് (ലെഫ്. കേണല്‍) പറഞ്ഞു. ഗുഡ് ഫെലോ ആസ്ഥാനം തന്നെ വീണ്ടും പരിഗണിക്കുമോ എന്ന് വ്യക്തമല്ല. 2020 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 1.3 ബില്യന്‍ ഡോളറിന്റെ ബജറ്റും രണ്ട് ബില്യന്‍ ഡോളറിന്റെ ഒരു കണ്ടിജന്‍സിഫണ്ടിന്റെ രൂപീകരണവുമാണ് എച്ച്എച്ച്എസ് ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ ആവശ്യം വലുതാണ്. എന്നാല്‍ അതിര്‍ത്തി കടന്നു വരുന്ന കുട്ടികള്‍ വര്‍ധിക്കുന്നതിനാല്‍ ഇതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്. എച്ച് എച്ച്എസ് സെക്രട്ടറി അലക്‌സ് അസര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക