Image

മെയ് 23 വെളിപ്പെടുത്തുന്ന പുതിയ ഭരണസാരഥി ആരായിരിക്കും?(ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 16 March, 2019
 മെയ് 23 വെളിപ്പെടുത്തുന്ന പുതിയ ഭരണസാരഥി ആരായിരിക്കും?(ഡല്‍ഹികത്ത്  : പി.വി.തോമസ് )
മെയ് 23 വെളിപ്പെടുത്തുന്ന പുതിയ ഭരണസാരഥി ആരായിരിക്കും?
ഇന്‍ഡ്യ തെരഞ്ഞെടുപ്പിന്റെ തീച്ചുളയില്‍ ആണ്. മാര്‍ച്ച് 10-ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 17-ാം ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ രാ്ജ്യം ഔദ്യോഗികമായി തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു.

130 കോടിയിലേറെയുള്ള ഇന്‍ഡ്യക്കാരില്‍ 90 കോടി വരുന്ന സമ്മതിദായകര്‍ ഏഴ് ഘട്ടങ്ങളിലായി ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഇന്‍ഡ്യയുടെ പുതിയ ഭരണസാരഥിയെ നിശ്ചയിക്കുവാനായി ഒരു മില്യണ്‍ പോളിംങ്ങ് ബൂത്തിലേക്ക് നീങ്ങുകയും 543 ലോകസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യും. ഈ തെരഞ്ഞെടുപ്പ്  അതീവ വാശിയേറിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് 2014-ലെ പോലെ ഭരണസഖ്യത്തിന്റെയും(എന്‍.ഡി.എ.) ബി.ജെ.പിയുടെയും സമരനായകന്‍. രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ സാരഥി. പ്രതിപക്ഷം വിഘടിതം ആണ് ഒരു പരിധിവരെ. അത് ബി.ജെ.പി.ക്ക് ആശ്വാസകരവും ആണ്. 2014-ലും ബി.ജെ.പി.യുടെ ശക്തി അത് തന്നെ ആയിരുന്നു(31 ശതമാനം വോട്ട്). ഭിന്നിക്കപ്പെട്ട പ്രതിപക്ഷത്തിന്റെ പരാജയവും അത് ആയിരുന്നു(69 ശതമാനം വോട്ട്). പ്രതിപക്ഷകക്ഷികള്‍ ഒരു പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം ഒന്നിച്ചേക്കാം. പക്ഷേ അത് കൊണ്ട് എല്ലാം ആയില്ല. തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിനാണ് രാ്ഷ്ട്രപതിയുടെ മുമ്പില്‍ ആദ്യം പ്രാധാന്യം. അതിന് ശേഷം ആണ് തെരഞ്ഞെടുപ്പാനന്തര സഖ്യത്തിനുള്ള ഗണനാ മഹാഗണ ബന്ധന്‍ ഒരു പരിധിവരെ പരാജയം ആണ്. പ്രാദേശിക കക്ഷികള്‍ അവരുടെ സഖ്യത്തിലും അധികാര രാഷ്ട്രീയത്തിലും ആണ്. അവര്‍ക്ക് ഇടയിലും വിയോജിപ്പുകള്‍ ഉണ്ട്. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ഒരു തൂക്ക് ലോകസഭയെ ആയിരിക്കും നല്‍കുന്നതെന്ന് പൊതുവെ പറയുന്നത്. ബി.ജെ.പി.ക്ക്, 2014- 282 എ്ന്ന കേവല ഭൂരിപക്ഷം നിലനിര്‍ത്തുവാന്‍ ഒരു കാരണവശാലും സാധിക്കുകയില്ല. കാരണം രാഷ്ട്രീയം മാറി. 2014-ല്‍ പതനത്തിന്റെ പടുകുഴിയില്‍ വീണ കോണ്‍ഗ്രസിന് - 44സീറ്റുകള്‍-മുകളിലേക്കായിരിക്കാം മാര്‍ഗ്ഗം. പക്ഷേ, എത്രവരെ? പ്രാദേശീക പാര്‍ട്ടികള്‍ തീര്‍ച്ചയായും തെരഞ്ഞെടുപ്പാനന്തര വിലപേശില്‍ നല്ല ഒരു പങ്ക് വഹിക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പിന്റെ സാരാംശം ഇതാണ്: ഒന്നുകില്‍ ബി.ജെ.പി.(എന്‍.ഡി.എ.) കോണ്‍ഗ്രസ് (യു.പി.എ.) അല്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ യു.എഫ്, എന്‍.എച്ച്. മാതൃക സഖ്യം, അതും അല്ലെങ്കില്‍ ഇവരുടെ എന്‍.ഡി.എ., യു.പി.എ. സഖ്യം. ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കാം മെയ് 23-ലെ ഫലപ്രഖ്യാപനത്തിന് ശേഷം ഇന്‍ഡ്യക്ക് ലഭിക്കുവാന്‍ പോകുന്നത്.

ബി.ജെ.പി. ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നണി തനിച്ചോ ദേശീയ കക്ഷികളുടെ സഖ്യത്തിലോ പുറമേ നിന്നുള്ള പിന്തുണയിലോ ഭരിച്ചാലും എന്തായിരിക്കും ഇന്‍ഡ്യയുടെ ഭാവി എന്നതാണ് ഇവിടെ പ്രധാനം. ഇന്‍ഡ്യ എന്ന ആശയം നിലനില്‍ക്കുമോ? അതോ ഹിന്ദുരാഷ്ട്രം എന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ആധാരശില ആണോ സ്ഥാപിക്കപ്പെടുവാന്‍ പോകുന്നത്? ഇത് തമ്മിലുള്ള ഏറ്റുമുട്ടലാണ് അടിസ്ഥാരപരമായും ഈ തെരഞ്ഞെടുപ്പ് പുരോഗതി വെറും പുറംപൂച്ചാണ്. ആര് ജയിക്കുമെന്ന് ഉള്ളതിനേക്കാള്‍ എന്ത് ജയിക്കും എന്നതിനാണ് പ്രസക്തി.
അതിനുമുമ്പ് ആ്ദ്യം കണക്കുകളിലക്കും കാര്യങ്ങളിലേക്കും പോകാം. വിശദമായി തന്നെ. ഉത്തര്‍പ്രദേശ ആണ് 2014-ല്‍ ബി.ജെ.പി.യെയും മോഡിയെയും അധികാരത്തില്‍ എത്തിച്ചതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത്. അവിടെയുള്ള 80 ലോകസഭ സീറ്റുകളില്‍ 73 എണ്ണം ബിജെപിയും സഖ്യകക്ഷിയും നേടി(71+2). പക്ഷേ, അവിടെ ഇപ്പോള്‍ രാഷ്ട്രീയാന്തരീക്ഷം മാറി. 2014-ല്‍ പരസ്പരം മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഇപ്പോള്‍ ഒന്നായി. ഇവരുടെ വോട്ട് വിഹിതം ബി.ജെ.പി.യുടേതിനേക്കാള്‍ കൂടുതല്‍ ആണ്. സഖ്യത്തിന്റെ കണക്ക് ശരിയാണ്. ഇനി അതിന്റെ രസതന്ത്രം കൂടെ പ്രവര്‍ത്തിച്ചാല്‍ ബി.ജെ.പി.ക്ക് നേര്‍പകുതി സീറ്റേ ലഭിക്കുവാന്‍ സാദ്ധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ ബി.ജെ.പി.യുടെ പതനം ഉത്തര്‍പ്രദേശില്‍ നിന്നും ആരംഭിക്കും. അതിന് അഖിലേഷിന്റെയും മായാവതിയുടെയും അണികള്‍ അതനുസരിച്ച് സഹകരിച്ച് വോട്ട് കൈമാറണം. ഇന്നലെവരെ ഇവര്‍ ബദ്ധശത്രുക്കള്‍ ആയിരുന്നുവെന്ന് കണക്കാക്കണം. ബി.ജെ.പി.ക്കും മോഡിക്കും ഉത്തര്‍പ്രദേശ് അത്ര എളുപ്പം അല്ലതെന്നതിന് ഉദാഹരണം ആണ് അടുത്തയിടെ നടന്ന ഗോരക്ക്പൂര്‍, ഫൂല്‍പൂര്‍ ലോക ഉപസഭ തെരഞ്ഞെടുപ്പിലെ പരാജയം. പ്രിയങ്കഗാന്ധിയുടെ വരവും ബി.ജെ.പി.ക്ക് ഭീഷണി ആയേക്കാം. പക്ഷേ, കോണ്‍ഗ്രസ് മുസ്ലീം, ദളിത്  വോട്ട് മുറിച്ചാല്‍ അത് അഖിലേഷ്- മായാവതി സഖ്യത്തെ ദോഷമായി ബാധിക്കും. അങ്ങനെയെങ്കില്‍ അത് ബി.ജെ.പി.യെ സഹായിക്കും. പക്ഷേ, പ്രിയങ്ക ഘടകം ബി.ജെ.പി.യുടെ ഉപരിവര്‍ഗ്ഗ വോട്ടുകളെയും ബാധിക്കും കോണ്‍ഗ്രസിന് അനുകൂലമായി. ഏതായാലും ഉത്തര്‍പ്രദേശ് ബി.ജെ.പി.ക്ക് 2014 ആവുകയില്ല, ആവര്‍ത്തിക്കപ്പെടുകയില്ല.
ഇനി ബീഹാര്‍. ഇവിടെ ബി.ജെ.പി. ഇപ്പോള്‍ നിതീഷ് കുമാറിന്റെ ജെ.ഡി.(യു) ആയി സഖ്യത്തില്‍ ആണ്. 2014-ല്‍ നിതീഷ്‌കുമാര്‍ ഈ സഖ്യത്തില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ബി.ജെ.പി. നാല്‍പതില്‍ 22 സീറ്റുകള്‍ നേടി. സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്റെ എല്‍.ജെ.പി. ആറും. പക്ഷേ, പിന്നീട് നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍-ലാലുപ്രസാദ് യാദവ്- കോണ്‍ഗ്രസ് സഖ്യം വിജയിച്ചു. പിന്നീട് നിതീഷ് സഖ്യം വിട്ട് ബി.ജെ.പി.യുമായി കൂട്ടുചേര്‍ന്നു. ഇതിനെ എങ്ങനെ ജനം സ്വീകരിക്കുമെന്നു ഇതിന്റെ പരീക്ഷണവും ആണ് ഈ ലോകസഭ തെരഞ്ഞെടുപ്പ്. ജനം അതിനെ സ്വീകരിച്ചാല്‍ ബി.ജെ.പി.-ജെ.ഡ്.(യു) സഖ്യം ബീഹാറില്‍ കൊയ്തുകയും. അല്ലെങ്കില്‍ തോറ്റ് തുന്നം പാടും. അതുകൊണ്ട് ബീഹാറും മോഡിക്കും ബി.ജെ.പി.ക്കും അത്ര സുഗമം അല്ല. പക്ഷേ, പ്രതീക്ഷക്ക് വകയുണ്ട്.

ഇനി വരാം മദ്ധ്യപ്രദേശിലേക്ക്  അവിടെ ആകെ ഉള്ള 29 സീറ്റുകളില്‍ 27-ാം ബി.ജെ.പി. 2014-ല്‍ നേടിയത് ആണ്. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും രണ്ട് സീറ്റുകള്‍ മാത്രം. പക്ഷേ, അവിടെയും രാഷ്ട്രീയം മാറിമറിഞ്ഞു. പിന്നീട് നടന്ന നിയമം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യുടെ  15 വര്‍ഷത്തെ ഭരണത്തെ മാറ്റി അധികാരത്തില്‍ വന്നു. ഇതും ശ്രദ്ധിക്കേണ്ട വിഷയം ആണ്. അതിന്റെ അര്‍ത്ഥം(ബി.ജെ.പി.ക്ക്) മദ്ധ്യപ്രദേശില്‍ പഴയ 27 സീറ്റുകള്‍ പ്രതീക്ഷിക്കണ്ട എന്ന്. കോണ്‍ഗ്രസിന് മുന്‍കൈ ഉണ്ട്.
ഇനി രാജസ്ഥാന്‍. ഇവിടെയുള്ള 25 ലോകസഭ സീറ്റുകളില്‍ 25-ഉം 2014-ല്‍ ബി.ജെ.പി. ആണ് ജയിച്ചത്. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. രണ്ട് ലോകസഭ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി. പരാജയപ്പെട്ടു(അജ്മീര്‍, അല്‍വാര്‍). കോണ്‍ഗ്രസ് ആണ് വിജച്ചത്. അതുകൊണ്ട് ഇവിടെയും ബി.ജെ.പി.ക്ക് 2014 ആവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ലെന്ന് കണക്കുകള്‍ പറയുന്നു. അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. അങ്ങനെയും സംഭവിക്കാറുണ്ട് ചിലപ്പോള്‍.
ഇനി മോഡിയുടെയും അമിത്ഷായുടെയും സ്വന്തം ഗുജറാത്ത്. 2014-ല്‍ ഗുജറാത്തിലെ 26 സീറ്റുകളില്‍ 26-0 ബി.ജെ.പി. ആണ് ജയിച്ചത്. പക്ഷേ, ഇവിടെയും രാഷ്ട്രീയം മാറി. 2017-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് എതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുവാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ബി.ജെ.പി. കഷ്ടിച്ച് ജയിച്ചു. പതിതരുടെ സംവരണസമരവും ഊഹ അതിക്രമണങ്ങള്‍ക്ക് ശേഷമുള്ള ദളിത് മുന്നേറ്റവും കര്‍ഷകരുടെ പ്രശ്‌നങ്ങളും ബി.ജെ.പി.ക്ക് വിരുദ്ധമാകും.

മഹാരാഷ്ട്ര ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനം ആണ്. ഇവിടെ ഉള്ള 48 സീറ്റുകളില്‍ 41-ാം ബി.ജൈ.പി.യും സഖ്യവും 2014-ല്‍ വിജയിച്ചത് ആണ്(23- ബി.ജെ.പി., 18 ശിവസേന). പക്ഷേ അവിടെയും ചരിത്രം ആവര്‍ത്തിക്കുവാന്‍ ബി.ജെ.പി.ക്ക് സാധിക്കുമോ എന്ന കാര്യം സംശയം ആണ്. ബി.ജെ.പി.-ശിവസേന സംഘര്‍ഷഷം ഒരു വശത്ത് . കോണ്‍ഗ്രസ്-നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് സഖ്യം മറുവശത്ത്. കര്‍ഷക ആത്മഹത്യയും വറുതിയും മറുവശത്ത്. മഹാരാഷ്ട്രയും ബി.ജെ.പി.ക്ക് നല്ല വാര്‍ത്ത അല്ല. രണ്ടും നാലും സീറ്റുകള്‍ കഴിഞ്ഞ പ്രാവശ്യം നേടിയ കോണ്‍ഗ്രസും എന്‍.സി.പി.യും കൂടുതല്‍ നേടുവാന്‍ സാദ്ധ്യതയുണ്ടാ.

പഞ്ചാബില്‍ ബി.ജെ.പി.യും സഖ്യകക്ഷിയും ആറ് സീറ്റുകള്‍ നേടിയതാണ്(ബി.ജെ.പി.-2, ശിരോമണി) അകാലിദള്‍-4). പക്ഷേ, 2017-ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍. അതുകൊണ്ട് പഞ്ചാബും ബി.ജെ.പി.ക്ക് ആശ്വാസകരം അല്ല. ആകെയുള്ള 13 സീറ്റുകളില്‍ 2014-ലെ ആറ് സീറ്റുകള്‍ നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടാണ്.

ഹരിയാനയിലെ 10 സീറ്റുകളില്‍ 7 സീറ്റുകള്‍ ബി.ജെി.പി. നേടിയതാണ് 2014-ല്‍. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതും ബി.ജെ.പി. തന്നെ ആണ് ഇവിടെ ബി.ജെ.പി.ക്ക് പ്രതീക്ഷക്ക് വകയുണ്ട്. പക്ഷേ, ജാട്ട് സംവരണം ഒരു ഗവണ്‍മെന്റ് വിരുദ്ധ വികാരം ആയി നിലകൊള്ളുന്നുണ്ട്.

ജമ്മു-കാശ്മീര്‍ ബി.ജെ.പി.ക്ക് ഒരു പടനിലം ആണ്. ആകെയുള്ള 6 സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി. ജയിച്ചതാണ്. ബാക്കി മൂന്ന് പി.ഡി.പി.യും. ഇരുവരും ഒരുമിച്ച് സംസ്ഥാനം ഭരിച്ച് പിന്നീട് തല്ലിപിരിഞ്ഞു. അവിടെയും ബി.ജെ.പി.യുടെ അവസ്ഥ അത്ര ശക്തമല്ല.


നാലു സീറ്റുകള്‍ ഉള്ള ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി. നാല് സീററുകളും നേടിയതാണ് കഴിഞ്ഞ പ്രാവശ്യം. അത് നിലനിര്‍ത്തുവാനും പാര്‍ട്ടിക്ക് ഇപ്രാവശ്യം സാധിച്ചേക്കാം. പറ്റിയില്ലെങ്കില്‍ അത് നഷ്ടം ആകും. ബി.ജെ.പി. ആണ് ഇവിടെ ഭരണകക്ഷി. ഉത്തരാഖണ്ഡിലും ബി.ജെ.പി. ശക്തം ആണ്. അഞ്ചില്‍ അഞ്ച് സീറ്റുകളും ലഭിച്ചതാണ്. തല്‍ക്കാലം നില സുരക്ഷിതം ആണ്. പക്ഷേ, ഹിമാചലിലും ഉത്തരാഖണ്ഡിലും എല്ലാം താഴേക്ക്, പോന്നാല്‍ അത് 2014-ലെ മൊത്തസംഖ്യയെ ബാധിക്കും.
ബംഗാള്‍ ആണ് ബി.ജെ.പി. പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ഒരു സംസ്ഥാനം. ആകെയുള്ള 42 സീറ്റുകളില്‍ കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി. രണ്ട് സീറ്റുകള്‍ മാത്രമെ നേടിയുള്ളെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ രണ്ട് അക്കത്തില്‍ എത്താമെന്നാണ് ബി.ജെ.പി.യുടെ കണക്ക് കൂട്ടല്‍. പ്രമുഖ കക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസ് 2014-ല്‍ 34 സീറ്റുകള്‍ നേടിയത് ആണ്. അവിടെയും വലിയ നേട്ടങ്ങള്‍ കൊയ്യുവാന്‍ ബി.ജെ.പി.ക്ക് സാധിക്കുകയില്ല.
ആസാം ആണ് ബി.ജെ.പി.യുടെ മറ്റൊരു പ്രതീക്ഷ. കഴിഞ്ഞ പ്രാവശ്യം 14-ല്‍ ഏഴ് സീറ്റുകളും നേടിയതാണ്. പിന്നീട് സംസ്ഥാനത്ത് അധികാരത്തില്‍ വരുകയും ചെയ്തു. ഇവിടെ ബി.ജെ.പി.യുടെ സീറ്റ് വര്‍ദ്ധനക്ക് സാദ്ധ്യത ഉണ്ട്.

ഛത്തീസ്ഘട്ടില്‍ 2014-ല്‍ ബി.ജെ.പി. 11-ല്‍ 10 സീറ്റുകളും വിജയിച്ചതാണ്. പക്ഷേ, അവിടെയും രാഷ്ട്രീയം മാറി. കോണ്‍ഗ്രസ് സംസ്ഥാനം തിരികെ പിടിച്ചു. അതുകൊണ്ട് അവിടെയും കാര്യമായി ഒന്നും പ്രതീക്ഷിക്കുവാന്‍ ബി.ജെ.പി.ക്ക് വകയില്ല. ഝാര്‍ഖണ്ടില്‍ 14 സീറ്റുകളില്‍ 12 ഉം ബി.ജെ.പി. കഴിഞ്ഞ പ്രാവശയം ജയിച്ചതാണ്. പക്ഷേ, അവിടെ മഹാഗദ്ബന്ധന്റെ ശക്തമായ വെല്ലുവിളിയുണ്ട് ഇപ്രാവശ്യം. 2014 ആവര്‍ത്തിക്കുവാന്‍ ബി.ജെ.പി.ക്ക് സാധിക്കുകയില്ല.

രണ്ടില്‍ രണ്ട് സീറ്റുകളും ഗോവയില്‍ നേടിയ ബി.ജെ.പി.ക്ക് അത് നിലനിര്‍ത്തുവാന്‍ സാധിച്ചേക്കും. പക്ഷേ, മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യവും പാര്‍ട്ടിയോടുള്ള സമീപനവും പ്രശ്‌നം ആണ്. ഒഡീയിലെ 21 സീറ്റുകളില്‍ ഒരു സീറ്റ് മാത്രം ആണ് കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി. ജയിച്ചത്. ബാക്കി 20 സീറ്റുകളും ബി.ജെ.ഡി. ആണ് ജയിച്ചത്. ഇവിടെ ഇവര്‍ തമ്മില്‍ സഖ്യം ഇല്ല. പക്ഷേ, സീറ്റ് നില ഉയര്‍ത്താമെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം. തെരഞ്ഞെടുപ്പാനന്തരം ബി.ജെ.പി.യും ബി.ജെ.ഡി.യും സഖ്യത്തില്‍ ആയേക്കാം. അത് അപ്പോള്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍.

ഇനി 5 തെന്നിന്ത്യന്‍ സംസ്ഥാന, സംസ്ഥാനങ്ങള്‍. ആകെ സീറ്റുകള്‍ 129. ഇതില്‍ കര്‍ണ്ണാടകയില്‍ മാത്രം ആണ് ബി.ജെ.പി.ക്ക് അല്ല. ആശ്വാസത്തിന്റെ വക. കഴിഞ്ഞ പ്രാവശ്യം ആകെയുള്ള 28 സീറ്റുകളില്‍ 17 സീറ്റുകള്‍ ബി.ജെ.പി.നേടിയതാണ്. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് തിരിച്ചടിയായി. അതുകൊണ്ട് ഇത് നിലനിര്‍ത്തുവാന്‍ ബി.ജെ.പി.ക്ക് സാദ്ധ്യം അല്ല. കേരളത്തിലും ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കുവാന്‍ സാദ്ധ്യതയില്ല. ആന്ധപ്രദേശില്‍ മുഖ്യകക്ഷിയായ തെലുഗുദേശവുമായി സഖ്യം വേര്‍പിരിഞ്ഞു. തെലുങ്കാനയിലും രക്ഷയില്ല. തമിഴ്‌നാട്ടില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ അണ്ണ ഡി.എം.കെ. ജയലളിതയുടെ മരണത്തിന് ശേഷം നാമാവശേഷം ആയിക്കൊണ്ടിരിക്കുകയാണ്. 2014-ല്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് ലഭിച്ചത് വെറും 21 സീറ്റുകള്‍ ആണ്. ഇക്കുറി അത് വീണ്ടും കുറയും.

അതുകൊണ്ട് ബി.ജെ.പി.ക്ക് കേവലഭൂരിപക്ഷം ലഭിക്കുന്നത് എളുപ്പം അല്ല(271). കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി. തനിച്ച് കേവലഭൂരിപക്ഷത്തിന് മുകളില്‍ കിട്ടിയത് ആണ് (282). ഇപ്രാവശ്യം ബി.ജെ.പി. സഖ്യത്തിനു തന്നെ കേവലഭൂരിപക്ഷം എളുപ്പം അല്ല. അതിന് 2014-ലെ മോഡി മാജിക്ക് ആവര്‍ത്തിക്കപ്പെടണം. അതിന് പുല്‍വാമയും ബാലകോട്ടും വര്‍ഗ്ഗീയ ധ്രുവീകരണവും സമ്മതിദായകരെ സ്വാധീനിക്കണം. പുരോഗമനം നാണയനിര്‍വ്വീര്യകരണം പോലെ വിചാരണ വിധേയം ആണ്.

ബി.ജെ.പി. ഒറ്റ വലിയ കക്ഷി ആയേക്കാം. പക്ഷേ, അത് 150-ല്‍ താഴെ ആണെങ്കില്‍ മോഡി സാരഥി സ്ഥാനത്ത് ഉണ്ടാകണമെന്ന് നിര്‍ബ്ബന്ധം ഇല്ല. നിതിന്‍ ഗഡ്കരി സ്വയം പ്രധാനമന്ത്രി സ്ഥാനം നിരാകരിച്ചെങ്കിലും രാ്ഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം. കോണ്‍ഗ്രസ് 150 സീറ്റിനു മുകളില്‍ നേടിയാല്‍ രാഹുലിന്റെ നക്ഷത്രം ഉദിക്കും. പക്ഷേ, അതത്ര എളുപ്പം അല്ല. ഇനിയുള്ളത് പ്രാദേശീകകക്ഷികളുടെ ഊഴം ആണ്. മമതയും മായാവതിയും ചന്ദ്രബോസ് നായ്ഡുവും മറ്റും ഏറെ സംഖ്യയില്‍ ജയിച്ചാല്‍ അവരും ദല്‍ഹിയുമായി അടുക്കും.

എന്തു തന്നെ ആയാലും ഇന്‍ഡ്യന്‍ ജനാധിപത്യം ഒരു വലിയ പരീക്ഷണത്തെ നേരിടുകയാണ്. അതുപോലെ തന്നെ ഭരണഘടനയും ഭരണഘടനസ്ഥാപനങ്ങളും മതേതരത്വ മൂല്യങ്ങളും മനുഷ്യാവകാശവും മനുഷ്യാന്തസ്സും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. 2019 മെയ് 23 തരുന്ന ഉത്തരം നിര്‍ണ്ണായകം ആയിരിക്കും. ഒരു പാഠവും ആയിരിക്കും.

 മെയ് 23 വെളിപ്പെടുത്തുന്ന പുതിയ ഭരണസാരഥി ആരായിരിക്കും?(ഡല്‍ഹികത്ത്  : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക