Image

വലിയ മനുഷ്യരുടെ ചെറിയ ജീവിതവുമായി 'ഇളയരാജ'

Published on 22 March, 2019
വലിയ മനുഷ്യരുടെ ചെറിയ ജീവിതവുമായി 'ഇളയരാജ'
തളര്‍ന്ന്‌ പോകുമായിരുന്ന സാഹചര്യങ്ങള്‍ സിപിംളായി അതിജീവിക്കുന്ന മനുഷ്യരുണ്ട്‌. പലയിടത്തുനിന്നും അവഗണനകള്‍ നേരിട്ട്‌ ശക്തരായി പിടിച്ചുനില്‍ക്കുന്നവര്‍. അവരാണ്‌ യഥാര്‍ഥ നായകര്‍. പാര്‍ശ്വവത്‌ക്കരിക്കപ്പെടുന്നവര്‍ക്ക്‌ മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കുകയാണ്‌ "ഇളയരാജ'. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകള്‍ക്ക്‌ ശേഷം മാധവ്‌ രാംദാസ്‌ സംവിധാനം ചെയ്‌ത സിനിമയാണ്‌ "ഇളയരാജ'. മുന്‍ ചിത്രങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി ഒരു കുടുംബത്തിന്റെ കഥപറയുകയാണ്‌ മാധവ്‌ രാംദാസ്‌ എന്ന സംവിധായകന്‍. ഗിന്നസ്‌ പക്രു, ഹരിശ്രീ അശോകന്‍, അരുണ്‍ തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ജീവിതം കൈവിട്ട്‌ പോകുന്നുവെന്ന്‌ തോന്നുന്നിടത്തുനിന്ന്‌ വനജനും (പക്രു) കുടുംബവും തിരിച്ചുവരുന്നതാണ്‌ ചിത്രത്തിന്റെ കഥ. എത്ര അവഗണിക്കപ്പെട്ട മനുഷ്യനും ഏതൊരാള്‍ക്കും ശോഭിക്കാന്‍ കഴിയുന്ന ഒരു കാര്യമെങ്കിലും ഉണ്ടാകുമെന്ന സന്ദേശവും മാധവ്‌ രാംദാസ്‌ സിനിമയിലൂടെ നല്‍കുന്നുണ്ട്‌.തൃശ്ശൂര്‍ റൗണ്ടില്‍ കപ്പലണ്ടിയും കളിപ്പാട്ടങ്ങളും വിറ്റ്‌ ജീവിക്കുന്ന വനജനും ഭാര്യ പങ്കുവും മക്കളായ സുബ്രുവും അമ്ബുവും അച്ഛന്‍ ഗണപതിയും അടങ്ങുന്ന കുടുംബത്തിലൂടെയാണ്‌ ഇളയരാജ കഥ പറയുന്നത്‌. അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതം കൃത്യമായി പകര്‍ത്താന്‍ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌. വനജനായി ഗിന്നസ്‌ പക്രുവും അച്ഛന്‍ ഗണപതിയായി ഹരിശ്രീ അശോകനും ഇതുവരെ കാണാത്ത മേക്കോവറിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. പൊക്കക്കുറവും സാമ്ബത്തിക പരാധീനതകളും പരിമിതികളായി കണാതെ വിശാലമായ ലോകത്തേക്ക്‌ ഇറങ്ങിച്ചെന്നാല്‍ മറ്റൊരു ലോകം കാത്തിരിക്കുന്നുണ്ട്‌ എന്ന സന്ദേശവും സിനിമയ്‌ക്കുണ്ട്‌.

സമയം കളയാന്‍ വേണ്ടി ചെസ്‌ കളിച്ചിരുന്ന സുബ്രുവും, അച്ഛന്‍ മരുന്നുകളുടെ അര്‍ത്ഥം നോക്കാന്‍ വാങ്ങിയിരുന്ന ഡിക്ഷ്‌ണറിയില്‍ നോക്കി എത്ര വലിയ വാക്കിന്റെ സ്‌പെല്ലിങ്ങും തെറ്റാതെ പറയാന്‍ അറിയുന്ന അമ്ബിളിയുമെല്ലാം ഒരുപാട്‌ പേര്‍ക്ക്‌ ഇന്‍സ്‌പിരേഷന്‍ ആണെന്നതില്‍ തര്‍ക്കമില്ല. ഇരുവരും പഠനം അടക്കമുള്ള മേഖലകളില്‍ അത്ര ശോഭിക്കുന്നവരുമല്ല.

കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സംഭവങ്ങളാണ്‌ ഇളയരാജയിലുള്ളത്‌. നടന്‍ ജയസൂര്യ പാടിയ ടെറ്റില്‍ സോങ്ങും ഗോകുല്‍ സുരേഷ്‌ ഗോപിയുടെ അതിഥി വേഷവുമെല്ലാം പ്രത്യേകതയാണ്‌.

ഗിന്നസ്‌ പക്രുവിനും ഹരിശ്രീ അശോകനും പുറമേ ദീപക്‌ പറമ്ബേല്‍, സിജി എസ്‌ നായര്‍, ആര്‍ദ്ര, ആദിത്യന്‍, ആല്‍ഫി പഞ്ഞിക്കാരന്‍, അനില്‍ നെടുമങ്ങാട്‌, അരുണ്‍, ജയരാജ്‌ വാര്യര്‍, രോഹിത്‌, കവിതാ നായര്‍, ബിനീഷ്‌ ബാബു, തമ്ബി ആന്റണി, ഭുവന, സിദ്ധാര്‍ത്ഥ്‌ രാജന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. മാധവ്‌ രാംദാസിന്റെ കഥയ്‌ക്ക്‌ സുദീപ്‌ ടി ജോര്‍ജ്ജാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക