Image

ബുറൈദ പച്ചക്കറി മൊത്ത വിപണിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം

അസ്ലം കൊച്ചുകലുങ്ക്‌ Published on 20 April, 2012
ബുറൈദ പച്ചക്കറി മൊത്ത വിപണിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം
ബുറൈദ: സൗദിയിലെ ബുറൈദയിലെ പഴംപച്ചക്കറി മൊത്ത വ്യാപാര കേന്ദ്രത്തില്‍ ഇന്നലെ വൈകുന്നേരമുണ്ടായ വന്‍ അഗ്‌നിബാധയില്‍ ലക്ഷക്കണക്കിന്‌ റിയാലിന്‍െറ പഴവര്‍ഗങ്ങള്‍ കത്തിനശിച്ചു. മുനിസിപ്പാലിറ്റിയുടെ വക, വന്‍ മേല്‍ക്കൂകള്‍ക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവില്‍പന കേന്ദ്രത്തിലെ പഴവര്‍ഗങ്ങള്‍ എതാണ്ട്‌ പൂര്‍ണമായും ചാമ്പലായി.

സ്വദേശി ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നവയുമായി വ്യാഴം, വെള്ളി ദിവസങ്ങളിലെ കച്ചവടത്തിനായി ശേഖരിച്ചിരുന്ന പല ഇനങ്ങളിലുമുള്ള പഴങ്ങളൂടെ വന്‍ശേഖരമാണ്‌ കത്തിയമര്‍ന്നത്‌.

ബുറൈദയിലെ ഏതാണ്ടെല്ലാ അഗ്‌നിശമന യൂനിറ്റുകളും സ്ഥലത്തെത്തി രണ്ട്‌ മണിക്കൂര്‍ പരിശ്രമിച്ചിട്ടും അകത്തെ തീ കെട്ടടങ്ങിയില്ല. മേല്‍ക്കൂരക്ക്‌ തൊട്ടു താഴെയുള്ള തട്ടില്‍ കൂട്ടിയിട്ടിരുന്ന ആയിരക്കണക്കിന്‌ ഒഴിഞ്ഞ കാര്‍ട്ടണുകളില്‍ കൂടി തീ പടര്‍ന്നതാണ്‌ അഗ്‌നിശമന സേനയുടെ ദൗത്യം ദുഷ്‌കരമാക്കിയത്‌. ഇതിനിടെ പുറം ഭാഗത്തെ സ്റ്റാളുകളിലേക്ക്‌ തീ പടരുന്നതിന്‌ മുമ്പ്‌ അവിടെ നിന്ന്‌ സാധനങ്ങള്‍ മാറ്റാന്‍ ജനങ്ങളുടെ സഹായത്തോടെ സ്ഥാപനയുടമകള്‍ നടത്തിയ ശ്രമം ഉദ്യോഗസ്ഥരെ ഉത്‌ക്കണ്‌ഠാകുലരാക്കി. വൈകാതെ സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനാംഗങ്ങളും ജനത്തെ മാറ്റിനിര്‍ത്തുകയും ട്രാഫിക്‌ വിഭാഗം മാര്‍ക്കറ്റിനുള്ളിലേക്ക്‌ കടക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്‌തതോടെയാണ്‌ സേനാംഗങ്ങള്‍ക്ക്‌ ജോലി എളുപ്പമായത്‌. നിരവധി എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെയും പരിസരത്തും സംഭവം നടന്നയുടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്തുള്ള കോള്‍ഡ്‌ സ്‌റ്റോറേജുകള്‍ ഉടന്‍ അടപ്പിച്ചു. മണിക്കുറുകള്‍ക്ക്‌ ശേഷവും വെള്ളം നിറച്ച അഗ്‌നിശമന സേനയുടെ ടാങ്കറുകള്‍ സംഭവസ്ഥലത്തേക്ക്‌ കുതിക്കുന്നുണ്ടായിരുന്നു.

പച്ചക്കറി , മാംസ വില്‍പന കേന്ദ്രവും പലചരക്ക്‌ മൊത്ത വ്യാപാരസ്ഥാപനങ്ങളും ഇടതിങ്ങിയ പ്രദേശമാകമാനം പുകമയമായിരുന്നു. സര്‍വസജ്ജരായി റെഡ്‌ക്രസന്‍റ്‌ ആബുലന്‍സുകളള്‍ ദുരിതാശ്വാസത്തിന്‌ നിരന്നിരുന്നു. പുക ശ്വസിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ട ചിലരെ ഇവര്‍ അടിയന്തരമായി ആശുപത്രിയിലേക്ക്‌ മാറ്റി. ഇലക്ട്രിക്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. സ്വദേശിവത്‌കരണത്തിനുശേഷം സൗദി പൗരന്‍മാരുടെ ഉടമസ്ഥതയിലാണ്‌ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പണിയെടുക്കുന്നുണ്ട്‌.
ബുറൈദ പച്ചക്കറി മൊത്ത വിപണിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക