Image

അടിച്ചുമോളേ ലോട്ടറി- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 23 March, 2019
അടിച്ചുമോളേ ലോട്ടറി- (രാജു മൈലപ്രാ)
ബഹുമാനപ്പെട്ട ഇന്നസെന്റ് നല്ലൊരു നടനാണ്. കോമഡി രംഗങ്ങള്‍ തന്മയത്വമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. ഉദാഹരണത്തിന് 'കിലുക്കം'  സിനിമയിലെ കിട്ടുണ്ണി എന്ന കഥാപാത്രം- 'അടിച്ചു മോളെ ലോട്ടറി' എന്നു പറഞ്ഞു മലര്‍ന്നടിച്ചു വീഴുന്ന ഒരു രംഗം എന്നും ഓര്‍ത്തു ചിരിക്കാവുന്നതാണ്.
അതുപോലെയാണ് കഴിഞ്ഞ തവണ ഇന്നസെന്റ് ചാലക്കുടി എം.പി.ആയി തെരഞ്ഞെടുക്കപ്പെട്ടത്. അവിടെയുള്ള വോട്ടറന്മാര്‍ ഇന്നസെന്റിനെ ജയിപ്പിക്കുയല്ല, മറിച്ച് പി.സി. ചാക്കോ എന്ന പിടിവാശിക്കാരനെ തോല്‍പ്പിക്കുകയാണു ചെയ്തത്. ഈ അടുത്ത കാലം വരെ 'ഒരു കാരണവശാലും താന്‍ ഇനി മത്സരിക്കില്ല'  എന്നു പല വേദികളിലും അദ്ദേഹം പറഞ്ഞു നടന്നിട്ടുണ്ട്- പലവിധ രോഗങ്ങള്‍ അലട്ടുന്നതു തന്നെ പ്രശ്‌നം.
എന്നാല്‍ തെരഞ്ഞെടുപ്പ് വ്ന്നതോടെ അദ്ദേഹം നിലപാടു മാറ്റി- ചാലക്കുടിക്കാരെ സേവിക്കുവാനൊന്നുമല്ല അദ്ദേഹം ഈ വലിയ ത്യാഗം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അധികാരത്തിന്റെ രുചി, മികച്ച പെന്‍ഷന്‍, ഏറ്റവും മെച്ചപ്പെട്ട ചികിത്സാസൗകര്യം, മെച്ചപ്പെട്ട താമസസൗകര്യം അങ്ങു ഡല്‍ഹിയില്‍- ഇതൊക്കെ ഇന്നസെന്റിനെപോലെ നിഷ്‌ക്കളങ്കനായ  ഒരാള്‍ വേണ്ടെന്നു വെയ്ക്കുമോ-
ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത അദ്ദേഹം പാര്‍ലമെന്റില്‍ പോയിരുന്നു വെറുതെ സമയം കളഞ്ഞിട്ട് എന്തു കാര്യം? അഴിഞ്ഞു പോകുന്ന മുണ്ട് ഉടുക്കുവാന്‍ വേണ്ടി മാത്രമാണ് ഇന്നസെന്റ് പാര്‍ലമെന്റില്‍ എഴുന്നേറ്റു നില്‍ക്കാറുള്ളത് എന്ന് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്. ഏതായാലും ഒരാള്‍ക്ക് രണ്ടു തവണ ബംബര്‍ അടിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇന്നസെന്റിന് ഈ ആരാധകന്റെ വിജയാശംസകള്‍!
സിറ്റിംഗ് എം.പി. മാര്‍ക്കെല്ലാം സീറ്റു വീണ്ടും നല്‍കിയപ്പോള്‍ എറണാകുളത്ത് തോമസ് മാഷിനെ തഴഞ്ഞു അധികാരം നഷ്ടപ്പെട്ടതിന്റെ ദുഃഖവും, നിരാശയും ആരോടെന്നില്ലാത്ത പകയും, പിന്നീട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞു നിന്നു. എഴുപത്തിയഞ്ചു വയസ്സായതാണ് അദ്ദേഹത്തിനുള്ള കുറവായി കണ്ടു പിടിച്ചത്. അങ്ങിനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയും, ആദര്‍ശ ധീരനായ ഏ.കെ. ആന്റണിയും മറ്റും യുവാക്കള്‍ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ടതല്ലേ?

ടോം വടക്കന്‍ എന്നൊരു നേതാവ് കോണ്‍ഗ്രസ് വിട്ടു ബി.ജെ.പി.യില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ് അങ്ങിനെയൊരു നേതാവ് കോണ്‍ഗ്രസിനുണ്ടെന്നു പലര്‍ക്കും മനസ്സിലായത്. അദ്ദേഹം കോണ്‍ഗ്രസ് വക്താവായി, നേതാക്കന്മാര്‍ക്കു നേരെയുള്ള ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചു അത്രേ! അതുകൊണ്ടാണല്ലോ കഴിഞ്ഞ ഇലക്ഷനില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വട്ടപൂജ്യമായിപ്പോയത്. 'കാര്യം കഴിഞ്ഞപ്പോള്‍ തന്നെ കറിവേപ്പില പോലെ എടുത്തു കളഞ്ഞു' എന്നാണ് അദ്ദേഹം വിലപിക്കുന്നത്. സത്യത്തില്‍ ഈ ടോം വടക്കന്‍ സംസാരിക്കുന്ന ഭാഷ ഏതാണ്? മലയാളമോ, ഹിന്ദിയോ, ഇംഗ്ലീഷോ? എനിക്കൊന്നും മനസ്സിലാകുന്നില്ല ഭഗവാനേ! വടക്കന് ഇനി തെക്കു വടക്കു നടക്കുവാനാണ് യോഗമെന്നു കരുതുന്നു.

കണ്ണന്താനം ഇപ്പോള്‍ കേന്ദ്ര കക്കൂസ് മന്ത്രിയാണ്. രാജ്യസഭയില്‍ ഇനി മൂന്നുകൊല്ലം കൂടി  അദ്ദേഹത്തിനുണ്ട്. അദ്ദേഹവും മത്സരിച്ചു തോറ്റേ അടങ്ങൂ എന്ന വാശിയിലാണ്- പത്തനംതിട്ടയില്ലെങ്കില്‍ താന്‍ മത്സരരംഗത്തുണ്ടാവില്ല എന്നു വരെ അദ്ദേഹം ബി.ജെ.പി. നേതാക്കന്മാരെ ഭീഷണിപ്പെടുത്തിയത്രേ! ഏതായാലും എറണാകുളം കൊണ്ട് അദ്ദേഹം ഒന്നടങ്ങി- ദുരിതാശ്വാസ ക്യാമ്പില്‍ പോയി ദുരിതമനുഭവിക്കുന്നവരോടു കൂടി തറയില്‍ കിടന്നുറങ്ങി, അതു ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു തറവേല കാണിച്ച അദ്ദേഹത്തിനും ആശംസകള്‍!

ബി.ജെ.പി.യ്ക്കു പറ്റിയ വലിയൊരു അബദ്ധമാണ് ബി.ഡി.ജെ.സ്. എന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. നാഴികക്കു നാല്പതു വട്ടം നിലപാടു മാറ്റുന്ന വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാറാണ് അവരുടെ തുറപ്പുചീട്ട്. കഴിഞ്ഞ തവണ ബി.ഡി.ജെ.സിന് എസ്. എന്‍.ഡി.പി.യുടെ വോട്ടു പോലും കിട്ടിയില്ല എന്നു തുറന്നു സമ്മതിച്ച വെള്ളാപ്പള്ളി നടേശന്‍, ഇത്തവണ തുഷാറിന്റെ വിജയവും, ഒരു കേന്ദ്രമന്ത്രി സ്ഥാനവും സ്വപ്‌നം കാണുകയാണ്. നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം.

സാക്ഷാല്‍ ലീഡറുടെ മകന്‍ കെ.മുരളീധരന്റെ 'കിങ്ങിണിക്കുട്ടന്‍'  ഇമ്മേജെല്ലാം അദ്ദേഹം മാറ്റിയെടുത്തു. ഇപ്പോള്‍ അദ്ദേഹം മാറ്റിയെടുത്തു. ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ കരുത്തുറ്റ ഒരു നേതാവാണ്. വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ കോണ്‍ഗ്രസ് നാണം കെട്ടു നട്ടം തിരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ ആ ദൗത്യം, ആത്മധൈര്യത്തോടെ ഏറ്റെടുത്ത  അദ്ദേഹത്തിനു അഭിനന്ദനങ്ങള്‍.

കെ.എം.മാണി, പി.ജെ. ജോസഫിനോട് കാണിച്ചത് കൊടുംക്രൂരതയായിപ്പോയി. എംപി. ആയിരുന്ന കുഞ്ഞുമാണിയെ ആരുമറിയാതെ രാജ്യസഭ മെമ്പറാക്കി- അഞ്ചു കൊല്ലത്തേക്ക് ആ പദവി  സുരക്ഷിതം. വര്‍ക്കിംഗ് പ്രസിഡന്റായ  ജോസഫിനോട് കമാന്നൊരക്ഷരം ഉരിയാടാതെ ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയാക്കി- ഇനി ജോസഫിന് ഇഷ്ടം പോലെ പാട്ടും പാടി നടക്കാം. പാവം-ജോസഫ്.

 ഇത്തവണ യഥാര്‍ത്ഥ പിടിവലി നടക്കുന്നത് പത്തനംതിട്ടയിലാണ്. ബി.ജെ.പിയിലും, കോണ്‍ഗ്രസ്സിലും പടലപിണക്കമുണ്ട്. കാലുവാരലിനിടയില്‍, വീണാ ജോര്‍ജ് ജയിക്കുവാനുള്ള സാദ്ധ്യതയാണ് കാണുന്നത്.

ഒന്‍പത് സിറ്റിംഗ് എം.എല്‍.എ.മാരാണ് ഇത്തവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു രംഗത്തുള്ളത്. ഇവര്‍ ജയിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പു വേണ്ടി വരും- അതിനായി വീണ്ടും കോടികള്‍ ചിലവാകും. അഞ്ചുകൊല്ലത്തേക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയില്‍ മുടങ്ങു.

ഇവരെയെല്ലാം വീണ്ടും ചുമക്കുവാനുള്ള വിധി പൊതുജനം എന്ന കഴുതകളായ നമ്മള്‍ക്കാണല്ലോ!

എല്ലാം നമ്മുടെ വിധി.

അടിച്ചുമോളേ ലോട്ടറി- (രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക