Image

അമ്മമാരുടെ ഈ സാരി ഇനിയുമെത്രയോ കഥകള്‍ പറയും (പ്രസന്ന ജനാര്‍ദ്ദന്‍)

Published on 27 March, 2019
അമ്മമാരുടെ ഈ സാരി ഇനിയുമെത്രയോ കഥകള്‍ പറയും (പ്രസന്ന ജനാര്‍ദ്ദന്‍)
ചില സാരികള്‍ കഥ പറയാറുണ്ടെന്നോട്. അതുടുത്താല്‍ വൈകുന്നേരം വരെയും മന്ത്രണം കേള്‍ക്കാം- ഓരോ തവണ ഞൊറികള്‍ ശരിയാക്കുമ്പോഴും മുന്താണിത്തലപ്പ് പിടിക്കുമ്പോഴും എല്ലാം. ഇന്നുടുത്ത മജന്ത നിറമുള്ള സാരി പോലെ. മംഗലാപുരത്തുള്ള അമ്മയുടെ പെട്ടിയില്‍ നിന്നും പൊക്കി ശിവമൊഗ്ഗയിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴി ഹാസനില്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ച ചെറിയ നാത്തൂന്റെ ബാഗില്‍ നിന്ന് അടിച്ചുമാറ്റി ഉടുത്തതാണ് ഈ സാരി. സ്‌കൂളില്‍ എല്ലാവരും പറഞ്ഞു നന്നെന്ന്. എന്നാല്‍ ഇനി തിരിച്ചു കൊടുക്കേണ്ട എന്ന് നിരീച്ചു ഞാനും.

മറ്റുള്ളവരുടെ വസ്ത്രം ഉടുക്കുന്നത് വളരെ മോശപ്പെട്ടതാണെന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഇരുപത്തിമൂന്നാം വയസ്സില്‍ ബാംഗ്ലൂരില്‍ വച്ചാണ്. അതിനു മുമ്പും അതിനു ശേഷവും എനിക്കതു തോന്നിയിട്ടില്ല. ഇങ്ങനത്തെ ഉന്നതജീവിതദര്‍ശനങ്ങള്‍ ഒന്നും സാധ്യമല്ലാത്ത ഒരു കൂട്ടുകുടുംബത്തിലെ സന്തതിയായപ്പോയി.

ഞാനും അനിയത്തിയും ദൂരെദൂരെ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിച്ചിരുന്നപ്പോള്‍ രണ്ടാള്‍ക്കുമായുണ്ടായിരുന്ന ഒരു ഡസന്‍ ചുരിദാറുകളില്‍ ആറെണ്ണം അങ്ങോട്ടുമിങ്ങോട്ടും വെച്ച് മാറുന്നത് രണ്ടാളും വീട്ടില്‍ സന്ധിക്കുന്ന അപൂര്‍വ്വ വാരാന്ത്യങ്ങളിലായിരുന്നു. ആ പന്ത്രണ്ടെണ്ണം വര്‍ഷങ്ങളുടെ നീക്കിയിരുപ്പാണ് കെട്ടോ. പുതിയത് ഒരിയ്ക്കല്‍ കാലങ്ങളോളം അവള്‍ വീട്ടില്‍ കൊണ്ടുവരാന്‍ മറന്നിട്ടുണ്ട്. അന്നൊരിക്കല്‍ ഞാനുടുത്ത് കൊതിതീരാത്ത ഒന്ന് അവള്‍ വീട്ടില്‍ (ഹോസ്റ്റലില്‍ ) ഉടുത്തു പഴഞ്ചനാക്കിയതിന്റെ പരിഭവവും എനിക്കിന്നും മാറിയിട്ടില്ല.

അപ്പോള്‍ പറഞ്ഞു വന്ന കാര്യം എന്റെ അമ്മായിയമ്മേടെ സാരി. 'അമ്മാ'യെന്ന് കൊഞ്ചിച്ചും സ്‌നേഹിച്ചും ഒട്ടൊന്നു പരിഭവപ്പെട്ടുമൊക്കെ വിളിക്കാറുണ്ട്. 'അമ്മായി ' എന്നു വിളിച്ചിട്ടേയില്ല. എണ്‍പത്തിമൂന്നുവയസ്സായ സരസ്വതിയമ്മ. പലതിലും എനിക്ക് റോള്‍ മോഡല്‍ ആണ് കക്ഷി. പെറ്റമ്മയോട് എനിക്ക് വാത്സല്യം തോന്നിയിട്ടില്ല. എന്നാല്‍ ഈ അമ്മയോട് എനിക്ക് അതാണ്.

പത്തും പന്ത്രണ്ടും തവണ നിറഞ്ഞൊഴിഞ്ഞ വയറ്റില്‍ കത്തും വിശപ്പിനെ സാരി മുറുക്കി അമര്‍ത്തിവച്ച് ഒന്നുമുതല്‍ പൂജ്യംവരെ പ്രസവിച്ചിട്ടതുങ്ങള്‍ക്ക് ഉണ്ണാനും ഉടുക്കാനും ഉണ്ടാക്കി വയസ്സായിപ്പോയ മുത്തശ്ശിമാരിലൊരാള്‍. വയറ്റിനകത്തുള്ളതിനെ ഊട്ടണോ, തൂക്കില്‍ കിടക്കുന്ന, ഉമ്മറത്തിഴയുന്ന, മുറ്റത്തോടുന്നതുങ്ങളെ ഊട്ടണോ അതോ, കയ്യിലെ തഴമ്പ് പൊട്ടിയാലും തൂമ്പ താഴെ വയ്ക്കാതെ കിളച്ച് വിയര്‍ത്തു വരുന്ന വല്യപാതിയെ ഊട്ടണോ എന്നറിയാതെ ചിരട്ടത്തവി കൊണ്ട് കഞ്ഞിക്കലത്തിലെ സമൃദ്ധമായ വെള്ളത്തിനിടയില്‍ കറങ്ങുന്ന വിരളമായ വറ്റുകള്‍ അളന്നവര്‍.

മക്കള്‍ വളര്‍ന്നു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ അമ്മമാരുടെ കഷ്ടപ്പാടുകള്‍ കുറഞ്ഞു. മരുമക്കള്‍ വന്നതിനുശേഷം ചിലര്‍ രാജാത്തിമാരായി. പതിയെപ്പതിയെ മിക്‌സി, ടിവി, ഫ്രിഡ്ജ് എല്ലാം വന്നു. ഉടുതുണിക്ക് ഒരേയൊരു മറുതുണി ഉണ്ടായിരുന്ന, പഴന്തുണി കുറവും പ്രസവങ്ങള്‍ കൂടുതലും ഉണ്ടായിരുന്ന ആ കാലം മാറി. തുണികള്‍ കൂടുതലും പ്രസവങ്ങള്‍ കുറവുമായ, നിലം തുടക്കാന്‍ പോലും പഴന്തുണി ആവശ്യമേയില്ലാത്ത ഒരു കാലവും എത്തി. പഴന്തുണിത്തുണ്ടുകള്‍ക്ക് വേണ്ടിപ്പോലും കൊതിച്ച സ്ത്രീകള്‍ക്കെല്ലാം വയസ്സായി. ഇനിയവര്‍ക്ക് അതൊന്നും ആവശ്യവും കാണില്ല.

മക്കളുടെ വിശേഷങ്ങള്‍ക്ക് അമ്മമാര്‍ക്ക് സാരികള്‍ കിട്ടാന്‍ തുടങ്ങി. സിബ്ബു പോയതിനാല്‍ മക്കള്‍ ഉപേക്ഷിച്ച ട്രാവല്‍ ബാഗുകളിലും ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസുകളിലും സാരികള്‍ വിശ്രമിക്കാന്‍ തുടങ്ങി. പതിയെ മരുമക്കളുടെ, പേരമക്കളുടെ, ബന്ധുവീട്ടിലെ വിവാഹങ്ങള്‍ക്കു പോലും കുന്നോളം പ്രസവിച്ച നന്മമുത്തശ്ശിമാര്‍ക്കു സാരികള്‍ ഒരുപാട് കിട്ടുമെന്നായി. ബാഗുകളും ഭാണ്ഡങ്ങളും മാറി അലമാരകളും നിറഞ്ഞുകവിയും എന്നായി. പഴയ സാരികള്‍ കൊണ്ട് കിടക്ക വിരിച്ചവര്‍ക്ക് സാരികള്‍ പഴകാതെയായി. കിടക്കകള്‍ക്ക് സാരി വേണ്ടാതെയും. പണ്ട് കസവുകരയുള്ള ഒരു പോളിയെസ്റ്റര്‍ സാരിക്കുവേണ്ടി ആശിച്ചിരുന്നവര്‍ക്ക് ഇന്ന് അതൊക്കെ മടുത്തു കഴിഞ്ഞു.

അകത്തളങ്ങളിലെവിടെയോ സൂക്ഷ്മമായി, ഭദ്രമായി ഒളിപ്പിച്ചുവച്ച താക്കോല്‍ എടുത്തു അലമാര തുറന്നാല്‍ കാണാം നാട്ടാര് മുഴുവന്‍ കൊടുത്ത സാരികള്‍. 'ഇതു മധുവിന്റെ മകളുടെ കല്യാണത്തിന്, ഇത് ചന്ദ്രന്റെ അമ്മയുടെ അടിയന്തരത്തിന്, ഇത് വാസന്തിയുടെ കൊച്ചുമകന്റെ ചോറൂണിന്..' ഇങ്ങനെ പോകും സാരികളുടെ മേല്‍വിലാസം. അവയില്‍ പണ്ടൊരു പഞ്ഞക്കാലത്ത് ചേമ്പുവിത്തു ഭാഗം വച്ചതിന്റെ, ഒരു നാഴി നെല്ലിന്റെ, പാലില്ലാത്ത മക്കള്‍ക്കു കൊടുത്തയച്ച കറമ്പിപ്പശുവിന്റെ പാലിന്റെ ഒക്കെ നന്ദികള്‍ കാണും. ഇതൊന്നുമില്ലെങ്കിലും സാരി കൊടുത്തൊന്നു കുനിഞ്ഞു കാലില്‍ തൊടുമ്പോള്‍ ആ മുഖത്ത് വിരിയുന്ന നിഷ്‌കളങ്കമായ അനുഗ്രഹപ്പുഞ്ചിരിക്കു വേണ്ടിയാവാം.

ഇങ്ങനെ നിറഞ്ഞ സാരികളില്‍ കണ്ടുമടുത്തവയും തനിക്ക് ചേരില്ലെന്നു തോന്നിയവയും ഒരേപോലെ തോന്നിക്കുന്നവയും എല്ലാം മക്കള്‍ക്കും മരുമക്കള്‍ക്കും ദാനമാണ്. പുതിയ തലമുറയിലെ പലരും മറ്റുള്ളവരുടുത്തത് ഉടുക്കാത്തവരാണ്. അതിനൊന്നും ഒരു നാണവും മാനവും നോക്കാത്ത എനിയ്‌ക്കൊക്കെ വേണമെങ്കില്‍ ഒരു വണ്ടി പിടിച്ചുകൊണ്ടുവരാന്‍ മാത്രം കിട്ടും.

ഈ മജന്തസാരി എന്റെ സരസ്വതിയമ്മയുടെ അനുജത്തി പാര്‍വ്വതിയമ്മയുടേതാണ്. ഏതോ ഒരു വിശേഷത്തിനു രണ്ടുപേരും കണ്ടുമുട്ടിയപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം ബാഗില്‍ തിരുകിക്കൊടുത്തു കാണും. പാര്‍വ്വതിയമ്മ ഒരു ഇതിഹാസമാണ്. വാത്സല്യം കിനിയുന്ന മറ്റൊരു ഇതിഹാസം. ചെറുപ്പത്തിലേ വിധവയായ അവര്‍ക്ക് രണ്ടു മക്കളാണ്. വലിയ തറവാട്ടിലെ കുളിമുറി- അടുക്കള ഭാഗത്താണ് അവരുടെ വൈധവ്യം അവരെ പോറ്റിയത്. തറവാട്ടിലെ ബാക്കി സ്ത്രീകളുടെ എല്ലാം പ്രസവശുശ്രൂഷ, ശിശുപരിപാലനം, കുഞ്ഞുങ്ങളെയെല്ലാം കുളിപ്പിക്കല്‍, തുണിയലക്കല്‍ -ഇതെല്ലാം കഴിഞ്ഞ് നേരമുണ്ടെങ്കില്‍ പാചകവും.

ഏത് അസമയത്ത് വീട് സന്ദര്‍ശിച്ചാലും നിര്‍ബന്ധിച്ച് അവര്‍ ഊട്ടുന്ന ഭക്ഷണത്തിന് അമൃതിന്റെ സ്വാദാണ്. പ്രായാധിക്യവും പ്രഷറും പ്രമേഹവും തളര്‍ത്തിയാലും സ്വയംപര്യാപ്തത വിട്ടുകളിക്കാത്ത വമ്പത്തി. ഇന്നാള് കണ്ടപ്പോഴുണ്ട് തനിയെ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നു! അവര്‍ കുളിപ്പിച്ചുറക്കിയ ഡസന്‍കണക്കിന് കുഞ്ഞുവാവകള്‍ ഇന്ന് സമൂഹത്തിന്റെ പല പല ശ്രേണികളില്‍ വിഹരിക്കുന്നു. കണ്ടാല്‍ ഇന്നും വാത്സല്യത്തോടെ വിളിച്ചൂട്ടുന്ന ആ അമ്മയ്ക്ക് ഒരു സാരിയെങ്കിലും കൊടുക്കാതെ അവരുടെ വീട്ടിലൊന്നും ഒരു കല്യാണവും നടക്കില്ല. നമ്മള്‍ ആപത്തുകാലത്ത് പത്തു തൈ നട്ടാലും വരാന്‍പോകുന്ന കാലങ്ങളിലെല്ലാം അവയില്‍ ചിലത് നമ്മുടെ പാതയോരത്ത് തണലും കാറ്റും വിരിച്ചു നില്‍ക്കും.

അങ്ങനെയുള്ള ഈ രണ്ട് അമ്മമാര്‍ എന്നു കണ്ടാലും കുശുകുശാന്ന് അടക്കം പറയുന്ന രണ്ടു കൊച്ചു സഹോദരിമാരാകും. രാവേറെ ഇരുന്നു പറയാന്‍ അവര്‍ക്ക് കഥകളുണ്ടെങ്കിലും ഈയിടെയായി ആരോഗ്യം സമ്മതിക്കാത്തതിനാല്‍ അടുത്തടുത്തായി കിടന്നുറങ്ങുന്നത് കാണാം.
ദശകങ്ങളോളം ജീവിതത്തിന്റെ കനല്‍ച്ചൂളയില്‍ വേവിച്ചെടുത്തിട്ടും കലങ്ങിയുടഞ്ഞു പോകാത്ത അവരുടെ സ്‌നേഹം തുടങ്ങിയത് ബാല്യവും കൗമാരത്തിന്റെ തുടക്കവും അടങ്ങിയ ചുരുക്കം ചില വര്‍ഷങ്ങളില്‍ ആണെന്നത് അതിശയിപ്പിക്കും. അവര്‍ ഒരുമിച്ചു വളര്‍ന്ന ബാല്യത്തേക്കാള്‍ എത്രയോ മടങ്ങ് സമയം ഗൃഹഭാരങ്ങളുടെ ചുമടും വ്യത്യസ്ത വീട്ടുപേരുകളും പരസ്പരം പരിചിതമല്ലാത്ത ലോകങ്ങളും കൊണ്ട് കാലം അവരെ അകറ്റിയിരിക്കുന്നു. കൂടിക്കാഴ്ചകളും സഞ്ചാര സ്വാതന്ത്ര്യവും ഒക്കെ സ്വായത്തമായത് തികച്ചും മുത്തശ്ശിമാരായതിനുശേഷവും. എന്നിട്ടും ഒന്നും പരസ്പരം പറയാതെ പോലും എല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത് അവരെ ദൈവം ഒരേ കളിമണ്ണ് കുഴച്ചു വാര്‍ത്തതു കൊണ്ടായിരിക്കുമോ!

അമ്മയുടെ- അമ്മമാരുടെ ഈ സാരി ഇനിയുമെത്രയോ കഥകള്‍ എന്നെ ഓര്‍മിപ്പിക്കും; ഓരോ തവണ ഞാന്‍ ഉടുക്കുമ്പോഴും. നമുക്ക് പ്രിയപ്പെട്ടവരുടെ വസ്ത്രങ്ങള്‍ ഉടുക്കാന്‍ കിട്ടുന്നത് ഒരു ഭാഗ്യമല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക