Image

ശബരിമല ഒരു ദേശത്തിന്റെ പേരാണ്; വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കി

Published on 08 April, 2019
ശബരിമല ഒരു ദേശത്തിന്റെ പേരാണ്; വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി ജില്ലാ കളക്ടര്‍ ടി.വി അനുപമക്ക് വിശദീകരണം നല്‍കി. എട്ടുമണിക്ക് മുമ്പ് മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുത് എന്നാണ്. അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി മറുപടിയില്‍ പറയുന്നു.

വിശദമായ മറുപടി നല്‍കാനായി സി.ഡി പരിശോധിക്കണം. നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നു. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തൃശൂര്‍ നഗരത്തിലെ റോഡ് ഷോക്ക് ശേഷം തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗത്തിലാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. 

ശബരിമലയുടെ പശ്ചാത്തലത്തിലാണ്, ഞാന്‍ ഈ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ലഭിക്കും. കേരളത്തിലല്ല ഭാരതത്തില്‍ മുഴുവന്‍. മുട്ടുമടങ്ങി വീഴാന്‍ നിങ്ങളുടെ മുട്ടുകാലുണ്ടാവില്ല. അത്തരത്തില്‍ ചര്‍ച്ചയാകും. എല്ലാ മതങ്ങളുടേയും വിശ്വാസ സംസ്‌കാരത്തിന് നേരെ ഓങ്ങിയ ആ കഠാര തവിടുപൊടിയാക്കാന്‍ വിശ്വാസ സമൂഹമാണ് മുന്നോട്ട് വരാന്‍ പോകുന്നത്...എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക