Image

കെ.എം മാണിയ്‌ക്ക്‌ രാഷ്ട്രീയകേരളത്തിന്റെ ആദരം ; നികത്താനാവാത്ത വിടവെന്നു മുഖ്യമന്ത്രി

Published on 09 April, 2019
കെ.എം മാണിയ്‌ക്ക്‌ രാഷ്ട്രീയകേരളത്തിന്റെ ആദരം ; നികത്താനാവാത്ത വിടവെന്നു മുഖ്യമന്ത്രി

കൊച്ചി: കെ.എം മാണിയുടെ നിര്യാണം ഈ ഘട്ടത്തില്‍ അതീവ ദുഃഖത്തോടെ മാത്രമേ കേരളീയ സമൂഹത്തിനു സ്വീകരിക്കാനാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്യാണം സൃഷ്ടിച്ച വിടവ്‌ കേരള രാഷ്ട്രീയത്തിനു നികത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആശുപത്രിയില്‍വെച്ച്‌ അദ്ദേഹത്തെ കണ്ടപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ പ്രതീക്ഷയില്ലാത്ത നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

``ഈ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ആകെ ആദരവ്‌ അദ്ദേഹത്തിന്‌ അര്‍പ്പിക്കുകയാണ്‌. കെ.എം മാണി ദീര്‍ഘകാലമായി സംസ്ഥാനത്തെ നിയമസഭാ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. നല്ല രീതിയില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു.

നല്ല പേര്‌ സമ്പാദിക്കാന്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ കഴിഞ്ഞിരുന്നു. അവസാനകാലത്തു ചില വിവാദങ്ങളില്‍പ്പെട്ടു എന്നതു വസ്‌തുതയെങ്കിലും മികവുറ്റ സാമാജികനാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.''- മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കായി പോരാടിയ വ്യക്തിയാണ്‌ അദ്ദേഹമെന്ന്‌ പി.ജെ ജോസഫ്‌ പ്രതികരിച്ചു. വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിന്‌ അതീതമായി വ്യക്തിപരമായ സൗഹൃദങ്ങള്‍ സൂക്ഷിച്ച നേതാവായിരുന്നു കെ.എം മാണിയെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍.

മാണി സാര്‍ കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്നുവെന്ന്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക