Image

ആ പാവം 'മാര്‍ഗ്ഗദര്‍ശകന്റെ' ഉപദേശം മോഡി കേള്‍ക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 13 April, 2019
ആ പാവം 'മാര്‍ഗ്ഗദര്‍ശകന്റെ' ഉപദേശം മോഡി കേള്‍ക്കുമോ?  (ദല്‍ഹികത്ത് : പി.വി.തോമസ്)
ബി.ജെ.പി.യുടെ സ്ഥാപക നേതാക്കന്‍മാരില്‍ പ്രമുഖനും ഇപ്പോള്‍ അയോഗ്യനും(മാര്‍ഗ്ഗദര്‍ശകമണ്ഡല്‍) ആയ ലാല്‍ കിഷന്‍ അദ്വാനി(91) പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ എഴുതിയ ഒരു ബ്ലോഗ് ഈ തെരഞ്ഞെടുപ്പ് വേളയില്‍ വളരെ ശ്രദ്ധേയം ആയി. അദ്ദേഹം അതിലൂടെ ഉള്ള് തുറക്കുകയായിരുന്നു. അത് തികച്ചും സ്വാഗാതാര്‍ഹം ആണ്. ബാബരി മസ്ജിദ് ഭേദനവും മറ്റും വേറെ വിഷയം.

എന്താണ് അദ്വാനി പറഞ്ഞത്? വിമര്‍ശനം ദേശദ്രോഹം അല്ല. ശരിയല്ലേ അത് ? ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികളായ അമിത്ഷായും അരുണ്‍ ജയിറ്റിലിയും പ്രതികരിച്ചു. ഇതു തന്നെയാണ് ബി.ജെ.പി.യുടെ കാതലും എന്ന് ഇത് വെറും നുണ. അദ്വാനിയുടേത് വൈകി വന്ന വിവേകം ആയിരിക്കാം. പക്ഷേ, മോഡി-ഷാ-ജയിറ്റിലി കമ്പനിയുടേത് വെറും പാഴ് വാക്ക് ആണ്. ഇവരെപോലെ ഇത്രമാത്രം നുണപ്രചരിപ്പിക്കുന്ന, അതില്‍ ആഹ്ലാദം കാണുന്ന ഒരു ഭരണാധികാര നിരയെ ചരിത്രത്തില്‍ ഇതുവരെ ഇന്‍ഡ്യ കണ്ടിട്ടില്ല.

2014-ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി മോഡിയെ ആ സ്ഥാനത്ത് അവരോധിച്ചതു മുതല്‍ അദ്വാനി പാര്‍ട്ടിയില്‍ ഒരു അന്യന്‍ ആണ്. പിന്നീട് വേണമെങ്കില്‍ അദ്ദേഹത്തെ ലോകസഭ സ്പീക്കര്‍ ആക്കാമായിരുന്നു. അതുമല്ലെങ്കില്‍ രാഷ്ട്രപതി ആക്കാമായിരുന്നു. ഇവിടെയെല്ലാം മോഡിയും ഷായും അദ്വാനിയെ കൈക്കലകൂടാതെ എടുത്തെറിയുകയായിരുന്നു. ഇപ്പോഴാകട്ടെ ഗാന്ധിനഗറിലെ ലോകസഭ സീറ്റും നിഷേധിച്ചു. അത് ഷാ തട്ടിയെടുത്തു. ഇന്‍ഡ്യയുടെ മതേതര സംസ്്ക്കാരവും രാ്ഷ്ട്രീയവും അറിയാവുന്ന ആരും  അദ്വാനിക്കു വേണ്ടി കണ്ണുനീര്‍ പൊഴിച്ചെന്നുവരില്ല. കാരണം 1990 കളിലെ അയോദ്ധ്യ രഥയാത്ര തന്നെ. പക്ഷേ, ബി.ജെ.പി.ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നേതാവാണ് അദ്ദേഹം. അദ്വാനിയുടെ രഥയാത്ര ആണ് രണ്ട് സീറ്റില്‍ നിന്നും ബി.ജെ.പി.യെ ഇന്ന് ഈ നിലയിലെത്തിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യത്തിനു വേണ്ി ജയില്‍ വാസം അനുഭവിച്ചതും അദ്വാനി ആണ്.

അദ്ദേഹം ഒരു താക്കീത് എന്നതുപോലെ മോഡി-ഷാ-ജയിറ്റിലി ത്രയത്തെ ഓര്‍മ്മിപ്പിച്ചു സംഘപരിവാര്‍ ഒരിക്കലും രാഷ്ട്രീയമായി അതുമായി യോജിക്കാത്തവരെ ഒരിക്കലും ശത്രുക്കള്‍ ആയിട്ടോ ദേശദ്രോഹികള്‍ ആയിട്ടോ കരുതിയിട്ടില്ല എന്ന്. ഇപ്പോള്‍ അത് പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തീര്‍ച്ചയായും മോഡി-ഷാ-ജെയ്റ്റിലി ത്രയത്തെ ഓര്‍മ്മിപ്പിച്ചു സംഘപരിവാര്‍ ഒരിക്കലും രാഷ്ട്രീയമായി അതുമായി യോജിക്കാത്തവരെ ഒരിക്കലും ശത്രുക്കള്‍ ആയിട്ടോ ദേശദ്രോഹികള്‍ ആയിട്ടോ കരുതിയിട്ടില്ല എന്ന്. ഇപ്പോള്‍ അത് പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തീര്‍ച്ചയായും മോഡി-ഷാ-ജെയ്റ്റിലി ത്രയത്തിന്റെ  പുതിയ സമീപനവും നയവും ആണ്. 

പുല്‍വാമ ഭീകരാക്രമണത്തില്‍ ഗവണ്‍മെന്റിന്റെ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്താല്‍ ദേശദ്രോഹം. ബാലകോട്ടിലെ മിന്നലാക്രമണത്തിന്റെ വാസ്തവികതയെ ചോദ്യം ചെയ്താല്‍ ദേശദ്രോഹം. അങ്ങനെ നിരവധി. സാംപിത്രോ ഉള്‍പ്പെടെ നിരവധി പേര്‍ ബാലകോട്ടിലെ മിന്നലാക്രമണത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. എന്താണ് അതില്‍ തെറ്റ്? എന്താണ് അതില്‍ ദേശദ്രോഹം? വിദേശമാധ്യമങ്ങള്‍ അതിന്റെ യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ആണ് ഈ സംശയങ്ങള്‍ ചില രാഷ്ട്രീയ കക്ഷികളും നിരീക്ഷകരും ഉന്നയിച്ചത്. ഇത് അദ്വാനി പറയുന്നതുപോലെ ദേശദ്രോഹം അല്ല. ബാലകോട്ടിന്റെയും പുല്‍വാമയുടെയും പേരില്‍ വോ്ട്ട് ചോദിക്കുന്ന ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടെന്ന് മനസ്സിലാക്കണം. രാഷ്ട്രീയം- തെരഞ്ഞെടുപ്പ് രാഷ്ട്രീയം- ഇത്രമാത്രം അധപതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. ഇന്‍ഡ്യന്‍ സേനയെ മോഡിജിയുടെ സേന എന്നും മുമ്പ് ആരു വിശേഷിപ്പിച്ചിട്ടില്ല.

അതുകൊണ്ടാണ് അദ്വാനിയുടെ വിമര്‍ശനം പ്രസക്തമാകുന്നത്. ആരെങ്കിലും ഭരണകൂടത്തെയും ഭരണാധികാരിയെയും വിമര്‍ശിച്ചാല്‍ അവര്‍ ദേശദ്രോഹി ആയി പ്രഖ്യാപിക്കപ്പെടും. അവര്‍ക്കെതിരെ ദേശദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യും. അവര്‍ക്കെതിരെ ഔദ്യോഗീക രഹസ്യ നിയമപ്രകാരം നടപടി എടുക്കും. എത്രയെത്ര ഉദാഹരണങ്ങള്‍! എത്രയെത്ര കേസുകള്‍!! ആരാണ് ഇതൊക്കെ നിശ്ചയിക്കുന്നത്? മോഡി? ഷാ? ജെയിറ്റിലി? ഇവരാണോ ദേശഭക്തിയുടെ പരമോന്നത പ്രതീകങ്ങള്‍?
അദ്വാനി പറഞ്ഞു ഇന്‍ഡ്യന്‍ ജനാധിപത്യത്തിനോടും സ്വതന്ത്രമായ അഭിപ്രായത്തോടും ഉള്ള ബഹുമാനം ആണ്. ബി.ജെ.പി. ഒരിക്കലും രാഷ്ട്രീയമായി അതിന്റെ ആശയങ്ങളോട് വിയോജിക്കുന്നവരെ ശത്രിക്കള്‍ ആയി കണ്ടിട്ടില്ല. അവരെ പ്രതിയോഗികള്‍ ആയി മാത്രമെ കണ്ടിട്ടുള്ളൂ. അതുപോലെ തന്നെ രാഷ്ട്രീയമായി ബി.ജെ.പി.യോട് വിയോജിക്കുന്നവരെ ദേശവിരുദ്ധര്‍ ആയി അത് കണ്ടിട്ടില്ല. ബി.ജെ.പി. ഓരോ വ്യക്തിയുടെയും രാഷ്ട്രീയ-വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നു.

അദ്വാനി ഇപ്പോള്‍ ഇത് ഓര്‍മ്മിപ്പിക്കുവാന്‍ കാരണം ഉണ്ട്. ബി.ജെ.പി. സ്വേഛാധിപത്യത്തിലേക്കും വ്യക്തികളുടെ അഭിപ്രായ-ആവിഷ്‌ക്കാര-രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ നിഗ്രഹണത്തിലേക്കും നീങ്ങികൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതിനെ നിഷേധിക്കുവാന്‍ മോഡി സ്വാഭാവീകമായും തയ്യാറായില്ല. അദ്ദേഹം പറഞ്ഞു അദ്വാനിയുടെ വാക്കുകള്‍ ആണ് ബി.ജെ.പി.യുടെ ആശയങ്ങളുടെ അന്തസാരം. ബി.ജെ.പി.യെ നയിക്കുന്ന മന്ത്രം ആണ് അവ. ദേശം ആദ്യം, പാര്‍്ടി പിന്നീട്. അവനവന്‍ അവസാനം. എത്ര മധുരമായി സംസാരിക്കുന്നു മോഡിജി. ഇതായിരുന്നോ അദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ സൂക്തം എന്ന് ചോദിച്ചാല്‍ സത്യസന്ധമായ ഒരു മറുപടി നല്‍കുവാന്‍ മോഡിക്ക് സാധിക്കുമോ? അതുകൊണ്ടാണ് ഈ തെരഞ്ഞെുപ്പ് വേളയില്‍ അദ്വാനി ഇത് ഉന്നയിച്ചത്.

വ്യക്തിസ്വാതന്ത്ര്യം, സര്‍ഗ്ഗസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. ബാലകോട്ട് പോലുള്ളവയെകുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ദേശദ്രോഹി ആകും. കോളനിവാഴ്ചയുടെ വിഴുപ്പ് ആയ ഔദ്യോഗിക രഹസ്യ നിയമത്തെ എടുത്തുകളയുവാന്‍ പറഞ്ഞാല്‍ ദേശദ്രോഹി ആകും. കാശ്്മീരിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവിലുള്ള സായുധസേനയുടെ പ്രത്യേകാവകാശ നിയമത്തെ നിയന്ത്രിക്കുവാന്‍ ആവശ്യപ്പെട്ടാല്‍ ദേശദ്രോഹം ആകും.

ബി.ജെ.പി.ക്ക് പറയുവാനുള്ളത് കശ്മീരിന്റെ പ്രത്യേകാവകാശങ്ങളെ എടുത്തു കളയുമെന്നാണ്(ആര്‍ട്ടിക്കിള്‍ 370, 35-എ). ഇതിനു വേണ്ടി വാദിക്കുന്നവര്‍ ദേശദ്രോഹികള്‍ ആണ്. അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണം. അതിന്റെ രാ്ഷ്ട്രീയ ജനകീയ ഭരണഘന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുവാനോ അവയെ അഭിമുഖീകരിക്കുവാനോ ബി.ജെ.പി. തയ്യാറാല്ല. തെരഞ്ഞെടുപ്പില്‍ മത-വര്‍ഗീയ ധ്രൂവീകരണം ആണ് അതിന്റെ പ്രധാന ലക്ഷ്യം.

പട്ടിണിയില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ട കന്നയ്യകുമാര്‍ എന്ന ബെഗുസെറായിയിലെ വിദ്യാര്‍ത്ഥി നേതാവിനെ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റി ദല്‍ഹി) ദേശദ്രോഹകുറ്റം ചുമത്തി വിചാരണക്ക് വിധേയനാകുവാന്‍ ബി.ജെ.പി.ശ്രമിക്കുന്നത് അതിന്റെ സങ്കുചിതമായ രാഷ്ട്രീയ വീക്ഷണം കൊണ്ടാണ്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഒരു സര്‍വ്വകലാശാല ക്യാമ്പസില്‍ രാജ്യത്തെ തുണ്ടം തുണ്ടം ആക്കുമെന്ന് പറഞ്ഞു മുദ്രാവാക്യം മുഴക്കിയാല്‍ ആ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള  സ്ഥലം ജയിലറയാണോ? കന്നയ്യകുമാര്‍ ഇന്ന് ബേഗുസാറായിലെ ലോകസഭ സ്ഥാനാര്‍ത്ഥിയാണ്.  അദ്ദേഹം ഒരു പക്ഷേ നാളത്തെ നിയമനിര്‍മ്മാതാവും ആയിരിക്കാം. ബി.ജെ.പി.ക്കു സ്വതന്ത്രമായും വേറിട്ടും ചിന്തിക്കുന്ന തലച്ചോറുകള്‍ക്കും നാവുകള്‍ക്കും ചങ്ങലയിടുവാന്‍ സാധിക്കുകയില്ല. അവരൊന്നും ദേശദ്രോഹികള്‍ അല്ല. പുതിയ ഇന്‍ഡ്യ അവരുടേതാണ്.

ഇതുകൊണ്ടാണ് മോഡിയുടെ ഒരു രണ്ടാം വരവുണ്ടായാല്‍ അതിനെ ഭീതിയോടെ നല്ല ഒരു വിഭാഗം ചിന്തിക്കുന്ന ജനത നോക്കിക്കാണുന്നത്. അദ്വാനിയുടെ സമയോചിതമായ മുന്നറിയിപ്പും ഇതുകൊണ്ട് തന്നെയാണ്. ആര്‍ക്കും ആരെയും ദേശദ്രോഹിയെന്ന് മുദ്രകുത്തി ജയിലില്‍ അടക്കാം. ഭരണാധികാരിയെയും ഭരണകൂടത്തിന്റെ വഴിപിഴച്ച പോക്കിനെയും വിമര്‍ശിക്കുന്നത് ദേശദ്രോഹം അല്ല. അതാണ് അദ്വാനി ഓര്‍മ്മിപ്പിക്കുന്നത്. സെഡീഷനും ഔദ്യോഗിക രഹസ്യനിയമവും ്ബ്രിട്ടീഷ് സാമ്രാജ്യത്വ നിയമങ്ങള്‍ ആണ്. ജനാധിപത്യ ഭാരതത്തിന്റെ നിയമങ്ങളില്‍ വരുന്ന ഒന്നാണ് വിവരാവകാശ നിയമം. അതുള്ളപ്പോള്‍  എന്തിനാണ് ഔദ്യോഗിക രഹസ്യ നിയമം. അതിന്റെ അര്‍തഥമില്ലായ്മയെ ആണ് സുപ്രീം കോടതി ഏപ്രില്‍ 10ന് റാഫേല്‍ യുദ്ധവിമാനകേസിന്റെ പുനര്‍വിചാരണ അപേക്ഷയില്‍ അംഗീകരിച്ചത്. ഈ വക നിയമങ്ങള്‍ അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നവയാണ്. അവയെ ആണ് ബി.ജെ.പി.യും മോഡിയും അള്ളിപ്പിടിക്കുവാന്‍ ശ്രമിക്കുന്നത്. അതിനെ ആണ് അടിയന്തിരാവസ്ഥയെ നഖശിഖാന്തം എതിര്‍ത്തു ജയില്‍വാസം വരെ അനുഭവിച്ച അദ്വാനി എതിര്‍ക്കുന്നതു. ബി.ജെ.പി.യെയും മോഡിയെയും എതിര്‍ക്കുന്നവര്‍ ദേശദ്രോഹികള്‍ അല്ല. അവരെ അങ്ങനെ മുദ്രകുത്തി ജയിലില്‍ അടക്കരുത്.
മോഡി അദ്വാനിയുടെ വാക്കുകളില്‍ നിന്നും എന്തെങ്കിലും പാഠം പഠിക്കുമോ? അതോ ഇതുതന്നെയാണ് തങ്ങളുടെ അന്തസാരം എന്ന് പറഞ്ഞ് തടിതപ്പുമോ? രാജ്യം തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെയാണ് മനസിനെ മഥിക്കുന്ന വിഷയങ്ങള്‍.

ആ പാവം 'മാര്‍ഗ്ഗദര്‍ശകന്റെ' ഉപദേശം മോഡി കേള്‍ക്കുമോ?  (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക