Image

ചുവന്നു തുടുത്ത തൃശൂരില്‍ കോണ്‍ഗ്രസ് എന്തു ചെയ്യും? (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 13 April, 2019
ചുവന്നു തുടുത്ത തൃശൂരില്‍ കോണ്‍ഗ്രസ് എന്തു ചെയ്യും? (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-10
(തെരഞ്ഞെടുപ്പ് അവലോകനം-തൃശൂര്‍)

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍പെങ്ങുമില്ലാത്ത വീര്യമാണ് ഇത്തവണ ഇടതുപക്ഷത്തിന്. എല്ലാ നിയമസഭാമണ്ഡലങ്ങളും തൂത്തു വാരിയതിനു പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചെങ്കൊടി പാറികളിക്കുന്നു. സിപിഐയ്ക്ക് അവകാശപ്പെട്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് വോട്ടര്‍മാര്‍ക്ക് ചിരപരിചിതനും. ടി.എന്‍. പ്രതാപനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്ത നാല്‍പ്പതിനായിരത്തിനു മുകളില്‍ വോട്ട് കോണ്‍ഗ്രസിനു ക്ഷീണം ചെയ്‌തെങ്കില്‍ ഇത്തവണ എഎപി ഇല്ലായെന്നത് നേട്ടമാക്കാനാണ് യുഡിഎഫിന്റെ പരിശ്രമം. എന്നാല്‍, അതെത്ര മാത്രം പ്രായോഗികമാണെന്നു കണ്ടറിയണം?


മണ്ണൂത്തി മുതല്‍ വടക്കാഞ്ചേരി വരെയുള്ള ദേശീയപാതയിലെ നരകയാത്രയാണ് മണ്ഡലത്തിലെ പ്രധാന പ്രശ്‌നം. ഇതിനു കാരണക്കാര്‍ ബിജെപിയും കോണ്‍ഗ്രസുമാണെന്ന് സിപിഐ കുറ്റപ്പെടുത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപനും ബിജെപിയുടെ സുരേഷ് ഗോപിക്കും കഴിയുന്നില്ലെന്നതു യാഥാര്‍ത്ഥ്യമാണ്. ടി.എന്‍. പ്രതാപനെ സംബന്ധിച്ചിടത്തോളം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പരിചയം മുതലാക്കാനാണ് ശ്രമിക്കുന്നത്. നാട്ടികയേയും കൊടുങ്ങല്ലൂരിനെയുമൊക്കെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. രാജാജി മാത്യു തോമസ് ഒല്ലൂരില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. 2006-ല്‍ കന്നിയങ്കമായിരുന്നു അതെങ്കില്‍ തുടര്‍ന്ന് എം.പി. വിന്‍സെന്റിനോട് അടിയറവ് പറയുകയും ചെയ്തു. സിപിഐയുടെ പാര്‍ട്ടി പത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം. പുറമേ, ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് യൂത്തിന്റെ വൈസ് പ്രസിഡന്റ് വരെയായിട്ടുണ്ട് അദ്ദേഹം. അങ്ങനെ നോക്കിയാല്‍ രാജാജി അന്താരാഷ്ട്ര തലത്തില്‍ നിരവധി കാര്യങ്ങളില്‍ സജീവ പങ്കാളിത്തമുണ്ടെന്നു പറയേണ്ടി വരും. അതൊന്നും തൃശൂരുകാര്‍ക്ക് പ്രശ്‌നമല്ല. അവര്‍ക്ക് രാഷ്ട്രീയമെന്നത് സിപിഐയാണ്. ഏഴു നിയമസഭ് മണ്ഡലങ്ങളും സിറ്റിങ് എംപിയും (സി.എന്‍.ജയദേവന്‍) സിപിഐയുടേതാക്കി അവര്‍ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. വോട്ടര്‍മാരുടെ മനസു മാറിയിട്ടുണ്ടോയെന്നറിയാന്‍ ടി.എന്‍. പ്രതാപന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിക്കുമോയെന്നു കണ്ടറിയണം.

കോണ്‍ഗ്രസിലെ കെ.പി. ധനപാലനെ 38,227 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ സിപിഐയുടെ സി.എന്‍.ജയദേവന്‍ തോല്‍പ്പിച്ചത്. ബിജെപിയുടെ കെ.പി. ശ്രീശന്‍ 1,20,681 വോട്ടുകള്‍ നേടി. സിനിമാതാരവും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയാണ് ഇത്തവണ ബിജെപിക്ക് വേണ്ടി ഇവിടെയുള്ളത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ടോം വടക്കന്‍ ഏറെ ആഗ്രഹിച്ച സീറ്റായിരുന്നു ഇത്. എന്നാല്‍ എന്‍ഡിഎ ഘടകകക്ഷി ബിജെഡിഎസ് തൃശൂര്‍ ആവശ്യപ്പെട്ടു നേടിയെടുത്തതോടെ വടക്കന്റെ സാധ്യതകള്‍ അസ്തമിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നതോടെ, ബിജെഡിഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അവിടേക്ക് മാറി. തുടര്‍ന്നു സുരേഷ് ഗോപിക്ക് ഇവിടെ നറുക്കു വീഴുകയായിരുന്നു. സുരേഷ് ഗോപി ശബരിമല പ്രശ്‌നം ആവര്‍ത്തിച്ച് വോട്ട് ആവശ്യപ്പെട്ടതോടെ കളക്ടര്‍ വിശദീകരണം തേടിയതൊക്കെ സമീപകാല വാര്‍ത്തകള്‍. എന്നാല്‍ മണ്ഡലത്തിലെ മുഖ്യ എതിരാളികള്‍ കോണ്‍ഗ്രസും സിപിഐയും തന്നെ. കഴിഞ്ഞ തവണ ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് സാറാ ജോസഫ് പിടിച്ച 44,638 വോട്ടുകളും നോട്ടയില്‍ വീണ 10,050 വോട്ടുകളും കൂട്ടിയെടുത്താല്‍ ധനപാലന് പുഷ്പം പോലെ ജയിക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടിയിരുന്നു. പി. ടി. ചാക്കോയ്ക്ക് ഇവിടെ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ്) ആയതോടെ സീറ്റ് പ്രതാപന്‍ നേടിയെടുക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പ് നടന്ന പതിനാറില്‍ പത്തും വിജയിച്ച ചരിത്രമുണ്ട് സിപിഐ-ക്ക്. കെ. കൃഷ്ണവാര്യര്‍ തുടക്കമിട്ട ശീലം. പിന്നീട് അതു സി.എന്‍. ജയദേവനില്‍ എത്തി നില്‍ക്കുമ്പോള്‍ രാജാജി മാത്യു തോമസിനു സാധ്യതയേറുന്നു. തൃശൂരും, ഒല്ലൂരും, പുതുക്കാടും, മണലൂരും, ഗുരുവായൂരും, നാട്ടികയും ഇരിങ്ങാലക്കുടയും അടങ്ങിയ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ചെങ്കൊടിയുടെ മുന്നേറ്റമാണ് 2016-ല്‍ കേരളം കണ്ടത്. അത് ആവര്‍ത്തിക്കാനാണ് രാജാജിയുടെ നീക്കവും. മറിച്ച് സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് യുഡിഎഫിന് അറിയാം. അതു കൊണ്ടു തന്നെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പോലും രാഹുല്‍ഗാന്ധിയുടെ വയനാടന്‍ ഇഫക്ടിനെ അമിതമായി ഇവിടേക്ക് ആശ്രയിക്കുകയും ചെയ്യുന്നു.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക