Image

കൊന്നപ്പൂവില്ലെങ്കിലും പൊട്ടാസില്ലാത്ത വിഷു ഒരു വിഷുവാണോ...(മിനി വിശ്വനാഥന്‍)

Published on 13 April, 2019
കൊന്നപ്പൂവില്ലെങ്കിലും പൊട്ടാസില്ലാത്ത വിഷു ഒരു വിഷുവാണോ...(മിനി വിശ്വനാഥന്‍)
എനിക്ക് വിഷുക്കാല ഓര്‍മ്മകളുടെ തുടക്കം തന്നെ ക്യാപ്‌സിന്റെ ചടും പിടും പൊട്ടലുകളാണ്.
ചെറിയ ചാരനിറമുള്ള കാര്‍ബോര്‍ഡ് പെട്ടിയില്‍ കൃത്യമായി ഒതുക്കി വെച്ച ചുവന്ന പൊട്ടുകള്‍പോലെയുള്ള ക്യാപ്‌സിന് നടുവിലൊരു വീര്‍ത്ത വയറുണ്ടാവും. നല്ല കരിങ്കല്ല് എടുത്ത് ആ വയറ് നോക്കിയൊരു കുത്ത് കുത്തണം .പ്ടം എന്ന ഒരു ചീറ്റലിന്‍ തീര്‍ന്നു. പിന്നെ രണ്ടെണ്ണം മേലെ മേലേ വെച്ച് പരീക്ഷണമാണ് .... വടക്കു ഭാഗത്തെ തിണ്ണ നിറയെ കല്ല് വെച്ച തറച്ച പാടും ചുവന്ന പൊട്ടും പൊടിയും കൊണ്ട് നിറയും .. ഉന്നം തെറ്റിയ കല്ലുകള്‍ കൊണ്ട് ചതഞ്ഞ വിരലുകളുടെ വേദന വേറെയും.....

ഒരു തോക്കും ഒരു കുറ്റി ക്യാപ്‌സും വാങ്ങിത്തന്ന് അമ്പരപ്പിച്ചു ഒരു തവണ മമ്മി. വടക്കു പുറത്തെ വൃത്തികേട് മാറാന്‍ മറ്റ് വഴികളൊന്നും കണ്ടില്ല അവര്‍. ആദ്യമായി കണ്ട ഹിന്ദി സിനിമയിലെ ഗബ്ബര്‍ സിങ്ങിനെ പോലെ ഞാന്‍ തലങ്ങും വിലങ്ങും തോക്ക് ചൂണ്ടി വെടിയുതിര്‍ത്ത് അടുത്ത വീട്ടിലെ പട്ടിയെയും പൂച്ചയേയും പേടിപ്പിച്ചു. പട്ടി എന്നെ ഒന്ന് പുച്ഛത്തോടെ നോക്കി തിരിഞ്ഞു കിടന്നുറങ്ങി. പൂച്ചയുടെ കണ്ണുകളിലൊരിത്തിരി വീരാരാധന ഉണ്ടായി....

അടുത്ത വീട്ടിലെ ആണ്‍കുട്ടികള്‍ എന്റെ തോക്ക് നോക്കി കൂവി വിളിച്ച് കാന്താരി പൊട്ടാസുകള്‍ക്ക് തീ കൊടുത്ത് പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അപകടകരമായ ആ കളിയിലെ കൗതുകം എനിക്ക് അടക്കി വെക്കാനായില്ല. പതിനഞ്ച് പൈസക്ക് ഒരു കാന്താരി പടക്കം ഞാനും സ്വന്തമാക്കി. മമ്മിയുടെ ഉച്ചയുറക്ക ഇടവേളകളില്‍ വലിയ ഓലച്ചൂട്ട് കത്തിച്ച് കാന്താരി അതിലേക്കിട്ടു. ഒറ്റിക്കൊടുക്കാന്‍ കുഞ്ഞമ്മാവന്‍ ധാരാളമായിരുന്നു. ഉച്ചക്ക് വീട് കത്തിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ അഹങ്കാരിക്ക് ക്യാപ്‌സ് പോലും പിന്നീട് നിഷേധിക്കപ്പെട്ടു.

വിഷുവിന്റെ തലേന്ന് പടക്കക്കെട്ടുകളുമായി വന്ന് വീതം വെച്ച് നിലച്ചക്രം, കമ്പിത്തിരി ,പൂക്കുറ്റി എന്നിവയുടെ പാക്കറ്റുകള്‍ എന്നെയേല്‍പ്പിച്ച് അമ്മാവവനും കൂട്ടുകാരും വലിയ പാക്കറ്റ് പടക്കം ഉണക്കമുള്ള മരമേശയില്‍ സൂക്ഷിക്കും. കോയ പടക്കങ്ങളും, ഗുണ്ടും, കുഞ്ഞ് ബോംബുകളും, ഓല പടക്കങ്ങളും, ഏറു പടക്കങ്ങളും ഉണ്ടാവും അതില്‍. ഏറ് പടക്കം അതീവ ജാഗ്രതയോടെ എറിഞ്ഞു പൊട്ടിക്കാനുള്ളതാണ് .. കുട്ടികള്‍ക്ക് ആ ഭാഗത്തേക്കേ പ്രവേശനമില്ല. ചിലതൊക്കെ അവര്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് അതിസാഹസികമായി സംഘടിപ്പിക്കുന്നതുമാണ്.

വീട്ടിലെ പെണ്ണുങ്ങള്‍ ഉണ്ണിയപ്പം ചുട്ടും വിളക്കുകള്‍ കഴുകിയും കണി സാധനമൊരുക്കിയും തിരക്ക് പിടിച്ചോടുമ്പോള്‍ ഞങ്ങളിങ്ങനെ പടക്ക പാക്കറ്റുകള്‍ക്ക് പിന്നാലെ ഗന്ധക മണം ആവാഹിച്ച് നടക്കും. അമ്മാവനും കൂട്ടുകാരും നൂറിന്റെ കോയയില്‍ നിന്ന് തുടങ്ങി പൊട്ടിക്കല്‍ ആരംഭിക്കും. ഇവിടെ ഒരു നൂറിന്റെ കോയ പൊട്ടിയാല്‍ അക്കരെ ഒരു ഇരുനൂറിന്റെ കോയയും ഗുണ്ടും പൊട്ടും. പ്രത്യാക്രമണത്തിന് ഇവര്‍ രണ്ടു ഗുണ്ടും നൂറിന്റെ കോയയും പൊട്ടിക്കും. ഒരേറു പടക്കത്തിന് ഡബ്ബിള്‍ ഗുണ്ട്. ഒരു ഓലപടക്കത്തിന് രണ്ട് ബോംബ്....

സദ്യ കഴിഞ്ഞുച്ചയാവുമ്പോള്‍ ആയിരത്തിന്റെ മാലപ്പടക്കങ്ങള്‍ക്കിടെ ഗുണ്ടും ബോംബും വെച്ചു ഒരു കലക്കി മറിക്കലാണ്. അവസാനത്തെ ബോംബോ ഗുണ്ടോ പൊട്ടിത്തീര്‍ന്ന് പടക്ക മണം ചുറ്റിലും വ്യാപിക്കുമ്പോഴായിരിക്കും ഞങ്ങള്‍ ഉത്സവ ലഹരിയില്‍ നിന്നുണരുന്നത്. കൈ നീട്ടം കിട്ടിയ ഒറ്റ നാണയവും പൊട്ടിത്തീര്‍ന്ന സങ്കടത്തില്‍ തിരിഞ്ഞ് നടക്കു മ്പോള്‍ സങ്കടമിങ്ങനെ ഒഴുകിയിറങ്ങും.

അമ്മാവനും കൂട്ടുകാരും ജോലി തേടി പല വഴിക്ക് പിരിഞ്ഞു. തേവാരത്തിലെ പെണ്‍കുട്ടി പടക്കം പൊട്ടിക്കില്ലെന്ന ആശ്വാസത്തില്‍ അക്കരെയുള്ള ചെക്കന്‍മാര്‍ ഒരു മാലപ്പടക്കത്തിന് തീ കൊളുത്തി സമാധാനിച്ചപ്പോള്‍ തേവാരത്തിലെ കെ സി മിനിയും ന്യുജനറേഷന്‍ ബേബി ആരതിക്കുട്ടിയും ഇരുനൂറിന്റെ കോയയും രണ്ടും ബോംബും ഒന്നിച്ച് പൊട്ടിച്ച് യുദ്ധത്തിന് തുടക്കം കുറിച്ചു....

അവിടന്നങ്ങോട്ട് പൊട്ടിത്തീര്‍ന്ന മാലപ്പടക്കങ്ങള്‍!
ചെറുക്കന്‍മാരുടെ തകര്‍ന്നുടഞ്ഞ അഭിമാനം ..
മാലപടക്കത്തിന്റെ കടലാസു വേസ്റ്റുകള്‍ അടിച്ചു വാരാതെ ഒരാഴ്ച പറമ്പില്‍ പ്രദര്‍ശിപ്പിച്ച് അഹങ്കരിച്ച വിഷുക്കാലം ...
ഓര്‍മ്മകളില്‍...
ഒരു വിഷു കൂടി കടന്ന് പോവുന്നു.
മാലപടക്കങ്ങളില്ലാത്ത ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍.....

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍


കൊന്നപ്പൂവില്ലെങ്കിലും പൊട്ടാസില്ലാത്ത വിഷു ഒരു വിഷുവാണോ...(മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക