Image

കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷം ആവര്‍ത്തിക്കുമോ? മലപ്പുറം ലീഗിന്റെ കാല്‍ച്ചുവട്ടില്‍ (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 16 April, 2019
കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷം ആവര്‍ത്തിക്കുമോ? മലപ്പുറം ലീഗിന്റെ കാല്‍ച്ചുവട്ടില്‍ (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-14
(തെരഞ്ഞെടുപ്പ് അവലോകനം-മലപ്പുറം)

മലപ്പുറം മുസ്ലീം ലീഗിന്റെ പച്ചത്തുരുത്താണ്. ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നത് എതിര്‍ സ്ഥാനാര്‍ത്ഥിയുമായുള്ള ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണോ എന്നു തോന്നും. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ സ്ഥാനാര്‍ത്ഥി ജയിക്കുന്ന മണ്ഡലമാണിത്. ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കോ, മലപ്പുറത്ത് ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിക്കോ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. 

2009-ല്‍ സിപിഎമ്മിന്റെ ടി.കെ. ഹംസയെ ഇ. അഹമ്മദ് തോല്‍പ്പിക്കുന്നത്, 1,15,597 വോട്ടിന്റെ ഭൂരിപക്ഷത്തനാണ്. അതായത്, പോള്‍ ചെയ്ത 76.81 ശതമാനം വോട്ടില്‍ 54.64 ശതമാനം ലീഗ് പെട്ടിയിലാക്കി. തുടര്‍ന്ന് 2014-ലെ വോട്ടിങ്ങില്‍ ഭൂരിപക്ഷം 1,94,739 ഉയര്‍ത്തിയെങ്കിലും വോട്ടിങ് ശതമാനത്തില്‍ 3.35 ന്റെ ഇടിവ് സംഭവിച്ചു. എസ്ഡിപിഐയുടെ നസറുദ്ദീന്‍ എളമരം 47, 853 വോട്ടുകള്‍ നേടിയതാണ് ഇതിനു കാരണം. അഹമ്മദിന്റെ നിര്യാണത്തോടെ ഉപതിരഞ്ഞെടുപ്പ് 2017-ല്‍ നടന്നപ്പോള്‍ വോട്ടിങ് ശതമാനം 3.81 ഉയര്‍ത്തി കുഞ്ഞാലിക്കുട്ടി ലീഗിന്റെ മാനം കാത്തു. സിപിഎമ്മിന്റെ എം.ബി ഫൈസിലിനെ തോല്‍പ്പിച്ചത് 1,71,023 വോട്ടുകള്‍ക്ക്. എസ്ഡിപിഐ മത്സരത്തിനിറങ്ങിയില്ലെന്നത് ലീഗിനു ഗുണം ചെയ്തു. എന്നാല്‍ ഇത്തവണ എസ്ഡിപിഐയ്ക്കു വേണ്ടി പി. അബ്ദുള്‍ മജീദ് ഫൈസി മത്സരരംഗത്തുണ്ട്. വി.പി. സാനുവാണ് സിപിഎം സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ച അഞ്ചു ലക്ഷത്തില്‍പരം വോട്ടുകള്‍ ഇത്തവണ ലഭിക്കുമോ, ഭൂരിപക്ഷവും വോട്ടിങ് വിഹിതവും വര്‍ദ്ധിക്കുമോ എന്നാണ് മലപ്പുറം ഉറ്റു നോക്കുന്നത്.

2008-ലെ മണ്ഡലം പുനഃക്രമീകരണത്തില്‍ രൂപീകൃതമായ മണ്ഡലമാണിത്. 2009-ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും അന്നത്തെ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് എതിര്‍സ്ഥാനാര്‍ത്ഥിയായ സി.പി.എം. നേതാവ് ടി.കെ. ഹംസയെ പരാജയപ്പെടുത്തി തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ച്ചയായി രണ്ടാം വട്ടം മന്ത്രിയാകുകയും ചെയ്തു. 2014-ലെ തിരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവര്‍ത്തിച്ചു. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട മണ്ഡലമാണ് മലപ്പുറം. ഏഴിടത്തും യുഡിഎഫ് മേല്‍ക്കോയ്മ.

എസ്ഡിപിഐ-യുമായി ലീഗ് നടത്തിയെന്നു പറയപ്പെട്ടുന്ന ചര്‍ച്ച മാത്രമാണ് ഇവിടെ യുഡിഎഫില്‍ ഉണ്ടായ ആകെ ആലോസരം. പൊന്നാനിയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഇവിടേക്ക് മാറാന്‍ ശ്രമം നടത്തിയെങ്കിലും പാണക്കാട് നിന്നും പച്ചക്കൊടി കിട്ടിയില്ല. അതു കൊണ്ടു തന്നെ രണ്ടാം വട്ടവും കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്കു പറക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക