Image

ഹൃദയശസ്‌ത്രക്രിയക്കായി മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചിയില്‍ എത്തിച്ച കുഞ്ഞിന്‌ ഗുരുതര ഹൃദയതകരാര്‍

Published on 16 April, 2019
ഹൃദയശസ്‌ത്രക്രിയക്കായി മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചിയില്‍ എത്തിച്ച  കുഞ്ഞിന്‌ ഗുരുതര ഹൃദയതകരാര്‍


കൊച്ചി: ഹൃദയശസ്‌ത്രക്രിയക്കായി മംഗലാപുരത്ത്‌ നിന്ന്‌ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്‌ ഗുരുതര ഹൃദയ തകരാര്‍ ഉള്ളതായി കണ്ടെത്തി. ഹൃദയത്തില്‍ ദ്വാരവും ശരീരത്തില്‍ രക്തമെത്തിക്കുന്ന ധമനിയായ അയോട്ട ചുരുങ്ങുന്ന സ്ഥിതിയും ഹൃദയവാല്‍വിന്‌ തകരാറും കണ്ടെത്തിയതായി അമൃത ആശുപത്രി വക്താവ്‌ ഡോ. കൃഷ്‌ണകുമാര്‍ പറഞ്ഞു.

കുഞ്ഞ്‌ ഇപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്‌. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. ആന്തരികാവയങ്ങള്‍ തൃപ്‌തികമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ ഉറപ്പ്‌ വരുത്തിയ ശേഷമേ ശസ്‌ത്രക്രിയ നടത്താന്‍ സാധിക്കൂ. അണുബാധകളില്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കുട്ടിയുടെ പ്രായമല്ല, ആരോഗ്യമാണ്‌ ശസ്‌ത്രക്രിയക്ക്‌ പ്രശ്‌നം. ഇതിലും പ്രായം കുറഞ്ഞ കുട്ടികളെ അമൃതയില്‍ ഹൃദയ ശസ്‌ത്രക്രിയക്ക്‌ വിധേയരാക്കിയിട്ടുണ്ടെന്നും ശസ്‌ത്രക്രിയ വിജയകരമാകുമെന്നാണ്‌ പ്രതീക്ഷയെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കാസര്‍കോട്ടെ സാനിയ മിത്താഹ്‌ ദമ്പതികളുടെ കുഞ്ഞിനെയാണ്‌ അടിയന്തര ചികിത്സക്കായി അമൃതയില്‍ എത്തിച്ചത്‌. രാവിലെ 11.30ന്‌ മംഗലാപുരത്ത്‌ നിന്ന്‌ പുറപ്പെട്ട ആംബുലന്‍സ്‌ വൈകീട്ട്‌ 4.30ന്‌ അമൃതയില്‍ എത്തി.
നേരത്തെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ ചെലവില്‍ കുഞ്ഞിന്‌ ഏറ്റവും വേഗം അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക