Image

പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീര്‍ക്കും? (സന്ദീപ് ദാസ് )

Published on 16 April, 2019
പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീര്‍ക്കും? (സന്ദീപ് ദാസ് )

''കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു.നാട്ടുകാരും പൊലീസും സംഘടനയുമൊക്കെ ഒത്തിരി സഹായിച്ചു.അങ്ങനെ എല്ലാവരുടെയും സപ്പോര്‍ട്ടോടുകൂടി ഒരുവിധം എത്തിപ്പെട്ടു....! ''

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചതിനുശേഷം ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‍ പറഞ്ഞ വാക്കുകളാണിത്.

മംഗലാപുരം മുതല്‍ കൊച്ചി വരെയുള്ള 400 കിലോമീറ്റര്‍ ദൂരം കേവലം അഞ്ചര മണിക്കൂറുകള്‍ കൊണ്ടാണ് ഹസ്സന്‍ പിന്നിട്ടത് ! ഇന്ധനം നിറയ്ക്കാന്‍ ഒരു തവണ ആംബുലന്‍സ് നിര്‍ത്തിയതൊഴിച്ചാല്‍ വേറൊരു ബ്രേക്ക് പോലും എടുത്തിരുന്നില്ല.വളരെയേറെ കഠിനമായിരുന്ന ജോലി ഭംഗിയായി ചെയ്തുതീര്‍ത്തപ്പോഴും ഹസ്സന്‍ തന്നെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല ! അതിനുപകരം മറ്റുള്ളവരെ നന്ദിയോടെ സ്മരിക്കുകയായിരുന്നു ആ മനുഷ്യന്‍ !

ആംബുലന്‍സ് അമൃത ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നതുമുതല്‍ക്ക് എല്ലാ കണ്ണുകളും ആ ഡ്രൈവറെ തിരയുകയായിരുന്നു.ഡ്രൈവിങ്ങ് സീറ്റില്‍ നിന്ന് ഇറങ്ങിവന്ന ഹസ്സനെ മാദ്ധ്യമങ്ങളും നാട്ടുകാരും പൊതിഞ്ഞു.ഫ്‌ലാഷുകള്‍ തുരുതുരാ മിന്നി.ഇതെല്ലാം കണ്ടപ്പോള്‍ ഹസ്സന്‍ കൂടുതല്‍ വിനയാന്വിതനാവുകയാണ് ചെയ്തത് ! ഒരു ചെറുപുഞ്ചിരിയോടെ ആ കാസര്‍ഗോഡുകാരന്‍ സാവകാശം നടന്നുനീങ്ങി.

ഇതുപോലുള്ള രംഗങ്ങള്‍ നമ്മള്‍ 'ട്രാഫിക്' എന്ന ചലച്ചിത്രത്തില്‍ കണ്ടിട്ടുണ്ട്.പക്ഷേ അത് സിനിമയാണ്.ചിത്രീകരണത്തിനിടയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ ആ രംഗം വീണ്ടും ഷൂട്ട് ചെയ്യാവുന്നതേയുള്ളൂ.പക്ഷേ ഇത് ജീവിതമാണ്.റീ-ടേക്കുകളില്ലാത്ത ജീവിതം ! അവിടെ പിഴവുകള്‍ അനുവദനീയമല്ല.അതുകൊണ്ടാണ് ഹസ്സന്‍ എന്ന ഡ്രൈവര്‍ ഒരു സൂപ്പര്‍സ്റ്റാറാകുന്നത്.

സര്‍ക്കാര്‍ ഇടപെട്ടാണ് കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തുള്ള ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് അതിനുമുമ്പ് തീരുമാനിച്ചിരുന്നത്.മംഗലാപുരത്തുനിന്ന് തിരുവനന്തപുരം വരെ എത്താന്‍ ഏതാണ്ട് 15 മണിക്കൂര്‍ നേരത്തെ യാത്ര ആവശ്യമാണ്.എന്നാല്‍ പത്തുമണിക്കൂര്‍ കൊണ്ട് കുഞ്ഞിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ദൗത്യമാണ് ഹസ്സന് ലഭിച്ചത്.അത് വളരെ വലിയൊരു റിസ്‌ക് തന്നെയായിരുന്നു.

സങ്കീര്‍ണ്ണമായ ഹൃദ്രോഗം മൂലം വിഷമിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഹസ്സന്റെ ശ്രമം.അതൊരു സാധാരണ ആംബുലന്‍സ് യാത്രയായിരുന്നില്ല.തന്റെ പ്രയാണത്തെ ഒരു സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുമെന്ന കാര്യം ഹസ്സന് അറിയാമായിരുന്നു.യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കിലോ ! ശാപവാക്കുകളുടെ പെരുമഴ ഹസ്സനുമേല്‍ പെയ്തിറങ്ങുമായിരുന്നു !

വേറെയും ഉണ്ടായിരുന്നു പ്രശ്‌നങ്ങള്‍.ഗതാഗതക്കുരുക്കിലകപ്പെട്ടാല്‍ ലക്ഷ്യം കാണാന്‍ വൈകും.ആംബുലന്‍സ് സൈറണ്‍ മുഴക്കി പാഞ്ഞുവരുന്നതുകണ്ടാല്‍ സൈഡ് കൊടുക്കാതെ ഷോ കാണിക്കുന്ന ചില മാനസികരോഗികളെയും നമ്മുടെ നിരത്തുകളില്‍ കാണാം.പക്ഷേ ആളുകള്‍ ഇതൊന്നും മനസ്സിലാക്കണമെന്നില്ല.ആംബുലന്‍സ് എത്താന്‍ വൈകിയാല്‍ അത് ഡ്രൈവറുടെ കഴിവുകേടായിട്ടാണ് പലരും വ്യാഖ്യാനിക്കുക.അങ്ങനെ വെല്ലുവിളികള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല !

പക്ഷേ വളയം പിടിച്ച് തഴമ്പിച്ച ആ കരങ്ങള്‍ വിറച്ചില്ല ! വേഗതയും കരുതലും സംയോജിപ്പിക്കുക എന്നതാണ് ഡ്രൈവിങ്ങിലെ ഏറ്റവും ശ്രമകരമായ കാര്യം.ഹസ്സന്‍ റോഡില്‍ നടപ്പിലാക്കിയത് അതാണ് ! ഹസ്സനെ അടുത്തറിയാവുന്നവര്‍ക്ക് ഇതില്‍ യാതൊരു അത്ഭുതവും തോന്നുകയില്ല.രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു രോഗിയെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ആര്‍.സി.സി വരെ ഹസ്സന്‍ എത്തിച്ചത് കേവലം 9 മണിക്കൂറുകള്‍ കൊണ്ടാണ് !

സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് പല ആംബുലന്‍സ് ഡ്രൈവര്‍മാരും ജോലി ചെയ്യുന്നത്.വാഹനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് അപകടങ്ങള്‍ക്കുള്ള സാദ്ധ്യതയും വര്‍ദ്ധിക്കും.ആംബുലന്‍സ് ഡ്രൈവര്‍മാരും മനുഷ്യരാണല്ലോ.ചില അബദ്ധങ്ങള്‍ അവര്‍ക്കും സംഭവിക്കാം.പക്ഷേ അവരുടെ പിഴവുകള്‍ മാത്രമേ വലിയ വാര്‍ത്തയാകൂ.മരണപ്പാച്ചില്‍ നടത്തി രക്ഷിച്ചെടുത്ത ആയിരക്കണക്കിന് ജീവനുകളെക്കുറിച്ച് അധികം ചര്‍ച്ചകളുണ്ടാകാറില്ല.

അമൃത ആശുപത്രിയുടെ മുറ്റത്തുവെച്ച്, കുപ്പിയിലെ കുടിവെള്ളം ആര്‍ത്തിയോടെ വായിലേക്ക് ഒഴിക്കുന്ന ഹസ്സന്റെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല.നേരാംവണ്ണം ജലപാനം പോലും നടത്താതെയാവണം ആ മനുഷ്യന്‍ വാഹനമോടിച്ചത് ! ഇതിനെല്ലാം എന്ത് പ്രതിഫലം കൊടുത്താലാണ് മതിയാവുക!?

രണ്ടാഴ്ച്ച പ്രായമുള്ള ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവരുടെ ഹൃദയത്തില്‍ ഹസ്സന്‍ എന്ന പേര് എന്നെന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞു.അതിനേക്കാള്‍ വലിയ പ്രതിഫലമൊന്നും ഹസ്സന് കിട്ടാനില്ല.മുഴുവന്‍ മലയാളികളുടെയും ഹീറോയാണ് ഹസ്സന്‍ ഇപ്പോള്‍...

പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീര്‍ക്കും? അറിയില്ല ഞങ്ങള്‍ക്ക്...നിങ്ങള്‍ക്കും ആ കുഞ്ഞിനും നല്ലതുമാത്രം സംഭവിക്കട്ടെ...
പ്രിയ സഹോദരാ,ഈ കടം എങ്ങനെ വീട്ടിത്തീര്‍ക്കും? (സന്ദീപ് ദാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക