Image

പിജി ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ച പരാജയം

Published on 23 April, 2012
പിജി ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ച പരാജയം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ബോണ്ട് വ്യവസ്ഥയോടെ മൂന്ന് വര്‍ഷത്തെ നിര്‍ബന്ധ ഗ്രാമീണസേവനം നടത്തണമെന്ന ഉത്തരവ് മരവിപ്പിക്കാമെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവ് മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിക്കുകയായിരുന്നു.

ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാനും തീരുമാനിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രത്യേകം യോഗം ചേര്‍ന്നാണ് സമരം തുടരാന്‍ പിജി ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇതിനുശേഷം വീണ്ടും ആരോഗ്യമന്ത്രിയുമായി സമരക്കാര്‍ വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഉത്തരവ് മരവിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കണമെന്ന് യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാതിരുന്നാല്‍ ഭാവിയില്‍ ഇത് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

സര്‍ക്കാര്‍ നിബന്ധനയ്‌ക്കെതിരേ ഏതാനും നാളുകളായി റിലേ നിരാഹാരസമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ പിജി ഡോക്ടര്‍മാര്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ സൂചനാ സമരങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്.

ഹൗസ് സര്‍ജന്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. ഡോക്ടര്‍മാര്‍ ഉന്നയിച്ച വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കിയിരുന്നു. സമരത്തെ ശക്തമായി നേരിടുമെന്ന് മന്ത്രി പിന്നീട് പറഞ്ഞു. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക