Image

ഒരു മനസും ഹൃദയവുമായി ഒരു കുടുംബം പോലെ കഴിയേണ്ടവരാണ് സഭാ സമൂഹം: മാര്‍ ബോസ്‌കോ പുത്തൂര്‍

Published on 19 April, 2019
ഒരു മനസും ഹൃദയവുമായി ഒരു കുടുംബം പോലെ കഴിയേണ്ടവരാണ് സഭാ സമൂഹം: മാര്‍ ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: അന്ത്യ അത്താഴ സമയത്ത് സ്‌നേഹത്തിന്റെ ഏറ്റവും വലിയ കൂദാശ സ്ഥാപിച്ചുകൊണ്ട് ഈശോ നമുക്ക് നല്കിയ കൗദാശികദാനമായ വിശുദ്ധ കുര്‍ബാന അനുദിനം, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ആചരിക്കുന്‌പോള്‍ ഈശോയില്‍ ഒന്നാകുന്ന തീവ്രമായ അനുഭവം നമ്മിലുണ്ടാകണമെന്ന് രൂപതാംഗങ്ങള്‍ക്ക് നല്‍കിയ പ്രത്യേക സന്ദേശത്തില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍.

എല്ലാവരെയും ദാസന്മാരെപ്പോലെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും എളിമയുടെ ഉദാത്ത മാതൃകയാണ് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകികൊണ്ട് ഈശോ നല്കിയത്. വിശുദ്ധരായ വൈദികര്‍ സഭയില്‍ ഇനിയും ഉണ്ടാകാന്‍ എല്ലാ സഭാമക്കളും തീവ്രമായി പ്രാര്‍ഥിക്കണമെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായ ഈശോയുടെ കുരിശുമരണത്തെ ധ്യാനിക്കുന്ന ദുഃഖവെള്ളി െ്രെകസ്തവരെ സംബന്ധിച്ചിടത്തോളം രക്ഷയുടെ ദിനമാണെന്നും പിതാവ് ഓര്‍മിപ്പിച്ചു.

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ക്രേഗീബേണ്‍ സെന്ററില്‍ വൈകുന്നേരം 7 ന് നടക്കുന്ന പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ഏഴിന് റിസെവോ സെന്ററിലെ തി ക്കര്‍മ്മങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ നേതൃത്വം നല്‍കും.

മെല്‍ബണ്‍ നോര്‍ത്ത് കത്തീഡ്രല്‍ ഇടവകയും മെല്‍ബണ്‍ വെസ്റ്റ് ഇടവകയും മെല്‍ബണ്‍ ക്‌നാനായ മിഷനും സംയുക്തമായാണ് ദു:ഖവെള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ ബക്കസ്മാഷിലുള്ള മലമുകളിലെ ചാപ്പലില്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. അബ്രഹാം നടുക്കുന്നേല്‍, മെല്‍ബണ്‍ ക്‌നാനായ മിഷന്‍ ചാപ്ലയിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. 


റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക