Image

കേരളത്തിന്റെ സ്വന്തം ചിത്ര ഇവിടുണ്ടല്ലോ....സന്ദീപ് ദാസ്

സന്ദീപ് ദാസ് Published on 25 April, 2019
കേരളത്തിന്റെ സ്വന്തം ചിത്ര ഇവിടുണ്ടല്ലോ....സന്ദീപ്  ദാസ്
ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരമായ പി.യു ചിത്ര സ്വര്‍ണ്ണം നേടിയിട്ടുണ്ട്. കേവലം ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു വാര്‍ത്തയായി ഈ സംഭവം ഒതുങ്ങരുത്.നാം ചിത്രയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.ശരിക്കും ഈ പെണ്‍കുട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ് !

ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അനുഭവിച്ചേക്കാവുന്ന എല്ലാവിധ ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളാണ് ചിത്ര. ജീവിതം മടുത്തുപോയ പുരുഷന്‍മാര്‍ക്കും വിവേചനങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കും ധൈര്യമായി ഉറ്റുനോക്കാവുന്ന യുവപ്രതിഭ !

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ മുണ്ടൂരിലാണ് ചിത്ര ജനിച്ചത്.കൂലിപ്പണിയും കൃഷിയുമൊക്കെ ചെയ്ത് ജീവിക്കുന്ന നിര്‍ധനരായ മാതാപിതാക്കളുടെ മകളായിരുന്നു അവള്‍.മറ്റു പല കായികതാരങ്ങളെയും പോലെ വന്‍നഗരത്തിന്റെ പിന്‍ബലവും പണം വാരിയെറിയുന്ന രക്ഷിതാക്കളും ചിത്രയ്ക്ക് ഉണ്ടായിരുന്നില്ല.

അതുപോലുള്ള സാഹചര്യങ്ങളില്‍ വളരുന്ന പെണ്‍കുട്ടികള്‍ പൊതുവെ വളരെ വേഗത്തില്‍ വിവാഹിതരാകാറുണ്ട്.അച്ഛനും അമ്മയ്ക്കും താത്പര്യം ഇല്ലെങ്കില്‍പ്പോലും നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് കല്യാണം നടത്തിക്കും ! അതിനെയാണ് ചിത്ര ആദ്യം മറികടന്നത്.അവളുടെ മനസ്സ് എപ്പോഴും മൈതാനങ്ങളിലായിരുന്നു.

സ്‌പോര്‍ട്‌സിലൂടെ രക്ഷപ്പെടാം എന്ന് കരുതുന്ന ഒരാള്‍ക്ക് ഏറ്റവും കുറവ് പ്രോത്സാഹനം നല്‍കുന്ന ഒരു ജനതയാണ് നമ്മള്‍.പെണ്‍കുട്ടിയാണെങ്കില്‍ പ്രത്യേകിച്ചും.നമ്മുടെ കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി എന്ന കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുന്നവര്‍ തന്നെയാണ് മേരികോമിനെയും സാനിയ മിര്‍സയേയും പി.വി സിന്ധുവിനെയും മറ്റും ആഘോഷമാക്കുന്നത് ! അവരൊന്നും ഒരു രാത്രി കൊണ്ട് പൊട്ടിമുളച്ചവരല്ല.

ഒരു പ്രായം കഴിഞ്ഞാല്‍ മിക്ക പെണ്‍കുട്ടികളുടെയും കളി അവസാനിക്കും.ഗ്രൗണ്ടുണ്ടകള്‍ പുരുഷന് സംവരണം ചെയ്തതുപോലെയാണ്.അതിനെയും ചിത്ര എതിര്‍ത്തുതോല്‍പ്പിച്ചു.മുണ്ടൂരിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചിത്ര മുടങ്ങാതെ പരിശീലനത്തിനെത്തുമായിരുന്നു.ആരെല്ലാം വരാതിരുന്നാലും ചിത്ര വരുമായിരുന്നു എന്നാണ് പരിശീലകന്‍ പറയുന്നത്.

2017ല്‍ ഭുവ്‌നേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.പക്ഷേ ലണ്ടനിലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമില്‍ നിന്ന് ചിത്ര തഴയപ്പെട്ടു.ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചിട്ടുപോലും ചിത്ര പരിഗണിക്കപ്പെട്ടില്ല !

ആ ഘട്ടത്തില്‍ ചിത്ര അനുഭവിച്ച മാനസികസംഘര്‍ഷങ്ങള്‍ എത്രമാത്രമാണെന്ന് ഊഹിക്കാന്‍ പോലും സാദ്ധ്യമല്ല.
അത്‌ലറ്റിക് ഫെഡറേഷന്റെ ഏഴംഗ കമ്മിറ്റിയില്‍ പി.ടി ഉഷയുള്‍പ്പടെ മൂന്ന് മലയാളികളുണ്ടായിരുന്നു.അവരുടെ പിന്തുണ ചിത്രയ്ക്ക് ലഭിച്ചില്ല.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക എന്ന ചിത്രയുടെ മോഹത്തിന് ഒമ്പതുവര്‍ഷത്തെ പഴക്കമുണ്ടായിരുന്നു.ഒരു ദശകത്തോളം അതിനുവേണ്ടി കഠിനപ്രയത്‌നം നടത്തിയിട്ടും ഒരു നിമിഷം കൊണ്ട് ആ മോഹം സ്ഫടികപാത്രം പോലെ വീണുടഞ്ഞു !

ചിത്ര കഷ്ടപ്പെട്ടതുമുഴുവന്‍ മാതാപിതാക്കളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു.പക്ഷേ അവര്‍ രണ്ടുപേരും മുണ്ടൂരിലെ കൊച്ചുവീട്ടിലിരുന്ന് മകളുടെ വിധിയോര്‍ത്ത് കരയുകയായിരുന്നു !

ഒരു അത്‌ലറ്റിന്റെ ഏറ്റവും വലിയ സമ്പത്ത് ശാരീരികക്ഷമതയാണ്.അക്കാര്യത്തിലും ചിത്ര വെല്ലുവിളി നേരിട്ടു.മുട്ടിനുപരിക്കേറ്റതുമൂലം മാസങ്ങളോളം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു.

ഇത്രയെല്ലാം അനുഭവിച്ച പെണ്‍കുട്ടിയാണ് ദോഹയിലെ ഖലീഫാ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക പുതച്ചുനിന്നത് !

പോരാട്ടവീര്യത്തിന്റെ പര്യായമാണ് ആ ഇരുപത്തിമൂന്നുകാരി....!
ജീവിതത്തില്‍ വിജയിക്കാനാകാതെ വരുമ്പോള്‍ നമ്മളില്‍ പലരും സാഹചര്യങ്ങളെ പഴിചാരി രക്ഷപ്പെടാറാണ് പതിവ്.ചിത്ര അങ്ങനെയല്ല.

ചിത്ര തഴയപ്പെട്ടപ്പോള്‍ മലയാളികള്‍ ഒന്നടങ്കം പി.ടി ഉഷയെ തള്ളിപ്പറഞ്ഞിരുന്നു.പക്ഷേ ചിത്ര ആരെയും പഴിച്ചിരുന്നില്ല.ഇന്നും ഉഷയെ ആദരവോടെ 'മാഡം' എന്നാണ് വിളിക്കുന്നത്.

ചിത്രയുടെ ആത്മവിശ്വാസം അപാരമാണ്.തള്ളിപ്പറഞ്ഞവരെക്കൊണ്ടുതന്നെ കയ്യടിപ്പിക്കുമെന്ന് ചിത്ര പരസ്യമായി പറഞ്ഞിരുന്നു.അതാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത് !

പുരുഷമേധാവിത്വം വളരെ വ്യക്തമായി കാണാവുന്ന ഒരു മേഖലയാണ് സ്‌പോര്‍ട്‌സ്.''ആണുങ്ങളെപ്പോലെ കളിച്ച് ജയിക്കടാ....'' എന്ന മട്ടിലുള്ള വാചകങ്ങള്‍ ഗ്രൗണ്ടില്‍ സ്ഥിരമായി കേള്‍ക്കാം.അവിടെയാണ് ഈ കൊച്ചു ഗ്രാമത്തിലെ പെണ്‍കുട്ടി ജയിച്ചുനില്‍ക്കുന്നത് !

സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങളെ തേടി എന്തിനാണ് ദേശീയതലത്തിലേക്കും അന്താരാഷ്ട്രതലത്തിലേക്കും പാഞ്ഞുചെല്ലുന്നത്? കേരളത്തിന്റെ സ്വന്തം ചിത്ര ഇവിടുണ്ടല്ലോ..

കേരളത്തിന്റെ സ്വന്തം ചിത്ര ഇവിടുണ്ടല്ലോ....സന്ദീപ്  ദാസ്
കേരളത്തിന്റെ സ്വന്തം ചിത്ര ഇവിടുണ്ടല്ലോ....സന്ദീപ്  ദാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക