Image

കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്ന് മോദി

Published on 26 April, 2019
കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്ന് മോദി

വാരണാസി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്നും മോദി പറഞ്ഞു. വാരണാസിയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

കേരളത്തിലെയും ബംഗാളിലെയും പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ കഷ്ടപ്പെടുന്നുവെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനുതകുന്ന നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് പ്രധാനമന്ത്രി കേരളത്തേയും ബംഗാളിനെയും പരാമര്‍ശിച്ചത്.

വാരാണസിയിലെ പ്രവര്‍ത്തകര്‍ ഉയര്‍ന്ന സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ കേരളവും ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലും ബംഗാളിലുമുള്ള പ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെടുന്നു. അതേപോലെ അവര്‍ കൊലചെയ്യപ്പെടുന്നു. ആ ഒരു സാഹചര്യം നിങ്ങള്‍ തിരിച്ചറിയണം.

മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നത്. അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവര്‍ത്തകര്‍ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും സമാനമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ പ്രവര്‍ത്തകര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ നേരിടേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വീഴ്ചവരുത്തരുത് മോദി പറഞ്ഞു.

രാജ്യത്ത് നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ തരംഗമാണ് കാണാനാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കാശി ഘട്ട് മുതല്‍ പോര്‍ബന്ദര്‍വരെയുമുള്ള ജനങ്ങള്‍ മോദി ഭരണം വീണ്ടും വരണം എന്നാണ് പറയുന്നതെന്നും മികച്ച ഭരണം ഉറപ്പാക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക