Image

കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും

സുരേന്ദ്രന്‍ നായര്‍ Published on 02 May, 2019
കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും
ഡിട്രോയിറ്റ്: സമാനതകളില്ലാത്ത 2017 ഗ്ലോബല്‍ ഹൈന്ദവ സംഗമത്തിന് സാക്ഷിയായ ഡിട്രോയിറ്റില്‍ കെ. എച്ച്. എന്‍. എ. മിഷിഗണ്‍ സംഘടിപ്പിച്ച നൃത്ത സംഗീത സാന്ദ്രമായ ആഘോഷരാവ് ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍ റെജിസ്‌ട്രേഷന്‍ന്റെ ആവേശകരമായ ശുഭാരംഭ വേദി കൂടിയായി.
              
കടന്നുപോയ കണ്‍വെന്‍ഷനിലെ ഉത്സവകാഴ്ചകളും ആധ്യാത്മിക ആചാര്യ സമീക്ഷയും,സാഹിത്യ സംവാദങ്ങളും, യുവജന കൂട്ടായ്മയും സമന്വയിപ്പിച്ചു കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന രാജേഷ് നായര്‍ അവതരിപ്പിച്ച വീഡിയോ പ്രദര്‍ശനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
             
മതാതീതമായ ദാര്ശനികത ലോകത്തിനു കാഴ്ചവച്ച ഭാരത സംസ്കാരത്തെ എന്നെന്നും സ്വീകാര്യമാക്കുന്നതു പ്രതിഷ്ഠിതമായ ഭാരതീയ കലകളും പുരാതന വേദസാഹിത്യങ്ങളുമാണെന്നും അതിന്റെ ആകര്‍ഷകങ്ങളായ ആവിഷ്കാരങ്ങളാണ് സമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ആമുഖ പ്രസംഗം നടത്തിയ മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ വ്യക്തമാക്കി. പ്രവാസ ലോകത്തിലെ ഒരു നഗരം കണ്‍വന്‍ഷന്‍ ഭൂമിക ആകുന്നതോടെ അവിടത്തെ മുഴുവന്‍ ഹിന്ദു ഭവനങ്ങളിലും ഉയിര്‍കൊള്ളുന്ന ഉത്സാഹത്തിന്റെ ഊര്‍ജജവും സഹവര്‍ത്തിത്വത്തിന്റെ സംഘ ബോധവുമാണ് ഓരോ കോണ്‍വെന്‍ഷനുകളെയും വിജയിപ്പിച്ചിട്ടുള്ളതെന്നും, ഒന്‍പതു കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി പത്താമതിലേക്കായി നടന്നടുക്കുന്ന ന്യൂജേഴ്‌സിയിലും വര്‍ധിച്ച കുടുംബ പങ്കാളിത്വമുള്ള ഒരു സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ തന്നെയാണ് നടക്കുന്നതെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു.
                      
ന്യൂജേഴ്‌സി കണ്‍വന്‍ഷന്റെ കാര്യ പരിപാടികളെക്കുറിച്ചു പ്രസിഡന്റും മുഖ്യ അതിഥിയുമായ ഡോ: രേഖാ മേനോന്‍ വിശദീകരിച്ചു. സനാതന ധര്‍മ്മത്തിന്റെ വര്‍ത്തമാനകാല വക്താവും ശബരിമല കര്‍മ്മസമിതി ആചാര്യനുമായ സ്വാമി ചിദാനന്ദപുരിയുടെ സാന്നിധ്യത്തില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സുപ്രിം കോടതിയിലെ യുവ അഭിഭാഷകന്‍ സായ് ദീപക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സാമൂഹ്യ സംവാദങ്ങളും, സ്ത്രീശാക്തീകരണ സന്ദേശം നല്‍കുന്ന നൂതനമായ കലാസാംസ്കാരിക പരിപാടികളും, ക്ഷേത്ര കലകളുടെ ബഹുവിധ അരങ്ങേറ്റങ്ങളും അണിയറയില്‍ തയ്യാറാകുന്നതായും ഡോ: മേനോന്‍ വിശദീകരിച്ചു.
            
തുടര്‍ന്ന് സംസാരിച്ച ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരായി നടത്തി വരുന്ന ഹീനമായ നടപടികളെ അപലപിക്കുകയും, വിശ്വാസ സംരക്ഷണത്തിനായി കെ. എച്ച്. എന്‍. എ. കൂടുതല്‍ കരുത്തുകൈവരിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
                             
ഡെട്രോയിറ്റില്‍ നടക്കുന്ന മാതൃക പരമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും അഭിവാദ്യവും അര്‍പ്പിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, വൈസ് പ്രസിഡന്റ് ജയ്ചന്ദ്രന്‍, മുന്‍ സെക്രട്ടറി രാജേഷ് കുട്ടി, വനിതാഫാറം ഉപാധ്യക്ഷ ഡോ: ഗീത നായര്‍, ആര്‍. വി. പി. ശ്രീജ പ്രദീപ് എന്നിവര്‍ സംസാരിച്ചു. മിഷിഗണ്‍ പ്രസിഡന്റും ട്രസ്റ്റി മെമ്പറുമായ രാധാകൃഷ്ണനില്‍ നിന്നും ഗജലക്ഷ്മി സ്‌പോണ്‍സര്‍ഷിപ് തുക ഏറ്റുവാങ്ങി രേഖ മേനോന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുദര്‍ശന കുറുപ്പ്, ബൈജു മേനോന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിട്രോയിറ്റ് രെജിസ്‌ട്രേഷന് ശുഭാരംഭം കുറിച്ചു.
                     
മെട്രോ ഡിട്രോയിറ്റിലെ സംഗീത പ്രതിഭകളുടെ ഇളംതലമുറ അവതരിപ്പിച്ച സംഘഗാനത്തോടെ നൃത്ത സംഗീത നിശയുടെ തിരശ്ശില ഉയര്‍ന്നു. ഇന്ത്യയിലും സിംഗപ്പുര്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള ഡോ: ദീപ്തി നായരും സംഘവും അവതരിപ്പിച്ച നൃത്തസംഗമം വേറിട്ടൊരു ദൃശ്യ വിരുന്നായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും സമന്വയിപ്പിച്ചു, നാട്യ ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ദീപ്തി അവതരിപ്പിച്ച നവീന നൃത്ത രൂപം പുതുമ നിറഞ്ഞതായിരുന്നു. ധന്യ മേനോന്‍, ഷോളി നായര്‍, ദേവിക രാജേഷ് എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്യ നൃത്തങ്ങളും നയന മനോഹരങ്ങളായിരുന്നു.
                          
ഐഡിയ സ്റ്റാര്‍ സിംഗര്‍ താര തിളക്കവുമായി അമേരിക്കന്‍ വേദികള്‍ കീഴടക്കുന്ന വിദ്യ ശങ്കറിന്റെ ഗാനവിസ്മയം യുവാക്കളെയും സംഗീത പ്രേമികളെയും ഒരേപോലെ ഇളക്കി മറിക്കുന്നതായിരുന്നു.
ചുരുങ്ങിയകാലം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ വിദ്യ ശങ്കറിനെ മുഖ്യ പ്രയോജകന്‍ സുനില്‍ പൈന്‍ഗോള്‍ പൊന്നാട ചാര്‍ത്തി സദസ്സില്‍ ആദരിച്ചു.
                 
പ്രസിഡന്റ് രാധാകൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആശ മനോഹരന്‍ നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ജയമുരളി നായര്‍, സെക്രട്ടറി മനോജ് വാരിയര്‍, ട്രഷറര്‍ ദിനേശ് ലക്ഷ്മണന്‍, സുനില്‍ ചാത്തവീട്ടില്‍, പ്രസന്ന മോഹന്‍, ബൈജു കണ്ടിയില്‍, ഗൗതം ത്യാഗരാജന്‍, അജി അയ്യംപള്ളി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും
കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും
കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും
കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും
കെ. എച്ച്. എന്‍. എ. മിഷിഗണ്‍ ആഘോഷരാവും 2019 കണ്‍വെന്‍ഷന്‍ ശുഭാരംഭവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക