Image

പോസ്റ്റല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടു; സമഗ്ര അന്വേഷണത്തിനു നിര്‍ദേശം

Published on 08 May, 2019
പോസ്റ്റല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടു; സമഗ്ര അന്വേഷണത്തിനു നിര്‍ദേശം

തിരുവനന്തുപുരംന്മ തപാല്‍ വോട്ടു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അംഗീകരിച്ചു. പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വിശദമായ റിപ്പോര്‍ട്ട് മേയ് 15നകം നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി..

പൊലീസ് അസോസിയേഷനു പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ നല്‍കിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശം പാലിക്കുന്നതില്‍ പൊലീസിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്കു വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും

പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചു പരാമര്‍ശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്‌കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക