Image

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ല: കണക്കുകളില്‍ 116 കോടിയുടെ പൊരുത്തക്കേടുകളെന്നും രേഖകള്‍

Published on 08 May, 2019
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ല: കണക്കുകളില്‍ 116 കോടിയുടെ പൊരുത്തക്കേടുകളെന്നും രേഖകള്‍

ന്യൂഡല്‍ഹി: 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ രാജ്യത്ത് കാണാനില്ലെന്ന് റിപ്പോര്‍ട്ട്.  ഇ.വി.എം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കും തമ്മില്‍ വൈരുദ്ധ്യമുണ്ട്. യന്ത്രങ്ങള്‍ വാങ്ങിയതിന് ചെലവായ തുകയിലും 116 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍  ഫ്രണ്ട്‌ലൈനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്. ഇ.വി.എം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഇതില്‍ ഭാരത് ഇലക്ട്രോണിക്‌സില്‍ നിന്ന് 19,69,932 ഇ.വി.എമ്മുകള്‍ ആണ് സപ്ലെ ചെയതതായി കണക്കുകള്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില് ഇത് 10,05,662 മാത്രമാണ്.

ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ നിന്ന് 19,44,593 ഇ.വി.എം വാങ്ങിയതായാണ് കണക്ക്. എന്നാല്‍ 10,14,644 എണ്ണം വാങ്ങിയതായാണ് കമ്മീഷന്റെ കണക്ക്. രണ്ട് കമ്പനികള്‍ക്കുമായി ആകെ 652.66 കോടി ഇ.വി.എം വാങ്ങിയ ഇനത്തില്‍ ലഭിച്ചു. പക്ഷെ, കമ്മിഷന്റെ കണക്ക് പ്രകാരം ചെലവായത് 536 കോടി. 116 കോടി രൂപ അധികം.

വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതും മടക്കി വാങ്ങുന്നതുമായ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കൃത്യമായ കണക്കുകളില്ല. കേടായതും കാലഹരണപ്പെട്ടതുമായ യന്ത്രങ്ങള്‍ നശിപ്പിച്ചതിനും രേഖകളില്ല. വോട്ടിങ് യന്ത്രങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി. വിവരാവകാശ മറുപടികളുടെ പശ്ചാത്തലത്തില്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് മനോരഞ്ജന്‍ റോയ്.  കേസ് ജൂലൈ 17നു വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക