Image

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മലപ്പുറത്ത്‌ കൈകൊടുത്ത്‌ സി.പി.എമ്മും ലീഗും

Published on 09 May, 2019
അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മലപ്പുറത്ത്‌ കൈകൊടുത്ത്‌ സി.പി.എമ്മും ലീഗും


മലപ്പുറം: തിരൂര്‍, താനൂര്‍ തീരദേശ മേഖലകളില്‍ അശാന്തിവിതയ്‌ക്കുന്ന അക്രമ രാഷ്ട്രീയത്തിന്‌ അറുതി വരുത്താന്‍ മുസ്ലീംലീഗ്‌ -സി.പി.എം നേതൃത്വങ്ങള്‍ കൈകൊടുത്ത്‌ ഒന്നിച്ചു.

മുസ്ലീംലീഗ്‌ നേതാക്കളായ സാദിഖലി ശിഹാബ്‌ തങ്ങളും കുഞ്ഞാലിക്കുട്ടിയും സി.പി.എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടിയും ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും കൈകൊടുത്ത്‌ ചര്‍ച്ച ചെയ്‌തതോടെ തീരദേശ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സമാധാനത്തിന്റെ മഞ്ഞുരുക്കമായി.

തമ്മില്‍ തല്ലും വെട്ടുംകുത്തുമായുള്ള രാഷ്ട്രീയം വേണ്ടെന്ന്‌ നേതാക്കള്‍ നിലപാടെടുത്തതോടെ ഈ തീരുമാനത്തിന്‌ കൈയ്യടിക്കുകയാണ്‌ കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങള്‍.

ആരോപണ പ്രത്യാരോപണങ്ങള്‍ അതിര്‌ വിട്ട്‌ അക്രമത്തിലേക്ക്‌ വഴിമാറി ലോക്‌സഭാതെരഞ്ഞെടുപ്പോടെ പരിധിവിട്ടിരുന്നു. താനൂര്‍ എം.എല്‍.എ വി അബ്ദുറഹിമാനെ തടഞ്ഞതും താനൂരില്‍ ലീഗ്‌ കൗണ്‍സിലറടക്കമുള്ളവര്‍ക്ക്‌ വെട്ടേറ്റതും സി.പി.എം പ്രവര്‍ത്തകരുടെ വീടാക്രമിച്ചതുമെല്ലാം പൊലീസിനും തലവേദനയായി.

തിരൂര്‍ കൂട്ടായിയിലും സി.പി.എം- ലീഗ്‌ സംഘര്‍ഷം തല്ലും കുത്തുമായി അരങ്ങു വാണു. തീരദേശമേഖലയില്‍ നിസാര പ്രശ്‌നങ്ങള്‍ പോലും രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്ത്‌ രാഷ്ട്രീയ സംഘര്‍ഷമായി വളരുന്നത്‌ പൊലീസിനും തലവേദനയായിരുന്നു.

അക്രമിസംഘങ്ങള്‍ക്ക്‌ സംരക്ഷണവും നിയമപരിരക്ഷയും നല്‍കുന്നത്‌ രാഷ്ട്രീയ നേതൃത്വമായതിനാല്‍ പൊലീസിന്‌ ഇവരെ തൊടാന്‍പേടിയുമായി. അക്രമങ്ങള്‍ അതിരുവിടുന്നത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തലവേദനയായതോടെയാണ്‌ ഇതിന്‌ അവസാനംകാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ രംഗത്തെത്തിയത്‌.

പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രാദേശിക തലങ്ങളില്‍ സമാധാന കമ്മറ്റികള്‍ ചേര്‍ന്ന്‌ തര്‍ക്കങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷമായി വളരാതിരിക്കാനുള്ള നീക്കമാണ്‌ വിജയകരമായി നടക്കുന്നത്‌. താനൂര്‍, തിരൂര്‍, കൂട്ടായി പറവണ്ണ മേഖലകളിലെ സമാധാന കമ്മിറ്റികളുടെ സംയുക്ത യോഗം തിരൂര്‍ സാംസ്‌ക്കാരിക സമുച്ചയത്തില്‍ ചേരുന്നുണ്ട്‌. രണ്ടു പാര്‍ട്ടികളുടെ ജില്ലാ നേതാക്കളും പൊലീസും ഇതില്‍ പങ്കെടുക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക