Image

നീതി കിട്ടിയില്ല; എനിക്ക് എല്ലാം നഷ്ടപ്പെട്ടു; ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതി

Published on 09 May, 2019
നീതി കിട്ടിയില്ല; എനിക്ക് എല്ലാം നഷ്ടപ്പെട്ടു; ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതി

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പരാതിക്കാരിയായ യുവതി. സ്‌ക്രോള്‍, ദ വയര്‍, കാരവന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഒന്നിച്ച്‌ നടത്തിയ അഭിമുഖത്തിലാണ് അവര്‍ സാമ്ബത്തികവും മാനസികവുമായുണ്ടായ നഷ്ടങ്ങളെക്കുറിച്ച്‌ സംസാരിച്ചത്. ചീഫ് ജസ്റ്റിസിന് എതിരെ യുവതി നല്‍കിയ ലൈംഗിക ആരോപണം തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിയോഗിച്ച സമിതി തള്ളിക്കളഞ്ഞിരുന്നു.

പിന്നാക്ക ജാതിക്കാരിയായതാണ് അപമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അവര്‍ പറഞ്ഞു. താന്‍ കൊല്ലപ്പെടുമെന്നും എനിക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്നും സഹോദരിയുടെ വീട്ടില്‍ അഭിഭാഷകരാണെന്ന് പറഞ്ഞ് എത്തിയവര്‍ ഭീഷണിപ്പെടുത്തി. തന്റെ പരാതിയും അനില്‍ അംബാനിയുടെ കേസുമായി ബന്ധപ്പെടുത്തിയതെങ്ങനെയെന്ന് അറിയില്ലെന്നും യുവതി അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തില്‍നിന്നുള്ള പ്രസക്ത പരാമര്‍ശങ്ങള്‍: സമിതിക്കു മുമ്ബാകെ ഹാജരാവും മുമ്ബ് ഞാന്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിര്ുന്നു. സഹായത്തിനായി ഒരാളെ കൂടി എനിക്കൊപ്പം പങ്കെടുപ്പിക്കാന്‍ അനുവദിക്കണം. വിചാരണ വീഡിയോയില്‍ പകര്‍ത്തണം. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി ശിപാര്‍ശകള്‍ അനുസരിച്ച്‌ വിചാരണ നടപടികള്‍ നടത്തണം. ചീഫ് ജസ്റ്റിസുമായി ഏറെ അടുപ്പമുള്ള ജസ്റ്റിസ് രമണയെ സമിതിയില്‍നിന്നും ഒഴിവാക്കണം. ഇതില്‍ ഒരു കാര്യം മാത്രമാണ് അവര്‍ കേട്ടത്. ജസ്റ്റിസ് രമണ ഒഴിവായി. പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വന്നു. എനിക്ക് വലതു ചെവി കേള്‍ക്കില്ല. ഇടതു ചെവിക്കും ശക്തി കുറവാണ്. അതിനാലാണ് ഞാന്‍ സഹായിയെ ആവശ്യപ്പെട്ടത്. വിചാരണയ്ക്കിടയില്‍ പലപ്പോഴും അവര്‍ പറയുന്നത് മനസ്സിലായില്ല. ഒന്നു കൂടി പറയുമോ എന്ന് പല വട്ടം ആവശ്യപ്പെട്ടു. എത്ര തവണ ഇക്കാര്യം ആവര്‍ത്തിക്കാനാവും?

ജസ്റ്റിസ് ബോബ്‌ഡെയും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് ഇന്ദിരാ മല്‍ഹോത്രയുമാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഇന്ദിരാ മല്‍ഹോത്ര അധികം സംസാരിച്ചില്ല. മറ്റ് രണ്ടുപേരുമാണ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ജസ്റ്റിസ് ബോബ്‌ഡെയുടെ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇന്ദു മല്‍ഹോത്രയുടെ ചോദ്യങ്ങള്‍.

വിചാരണയ്ക്ക് ചെന്ന ദിവസം നാലഞ്ച് പൊലീസുകാരികള്‍ ഭീകരവാദിയെ പോലെ പരിഗണിച്ചാണ് എന്റെ ശരീര പരിശോധനകള്‍ നടത്തിയത്. വളരെ പരുക്കന്‍ രീതിയില്‍ മുടി അടക്കം അഴിപ്പിച്ച്‌ പരിശോധന. ഞാനാകെ ഭയന്നു കരഞ്ഞുപോയി. അഭിഭാഷക വൃന്ദാ ഗ്രോവര്‍ വന്ന ശേഷമാണ് എന്നെ അകത്തുകടത്തിയത്. ഇത് ലൈംഗിക പരാതി കേള്‍ക്കാുള്ള സമിതയല്ല എന്നും വളരെ അനൗപചാരികമായ ആഭ്യന്തര സമിതി മാത്രമാണെന്നും പറഞ്ഞാണ് സമിതി വിചാരണ ആരംഭിച്ചത്. മാധ്യമങ്ങളോ അഭിഭാഷരോട് പോലുമോ ഒന്നും സംസാരിക്കരുതെന്ന് സമിതി ആവശ്യപ്പെട്ടു.

ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാ ദിവസവും എന്നെയും ഭര്‍ത്താവിനെയും അജ്ഞാതര്‍ ബൈക്കില്‍ പിന്തുടരുന്നുണ്ടായിരുന്നു. ഞാന്‍ ശരിക്കും ഭയന്നു പോയി. ഞാന്‍ തുഗ്ലക് റോഡ് പൊലീസില്‍ പരാതി നല്‍കി. അതയതിനെക്കുറിച്ച്‌ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വലിയ കുടുംബമാണ് നിങ്ങളുടേത്. എല്ലാവരും പൊലീസുകാര്‍. അവര്‍ക്കറിയാം നിങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന്'. എന്നായിരുന്നു'. പരാതി നല്‍കിയ ശേഷം എന്നെ എല്ലാ വിധത്തിലും പീഡിപ്പിക്കുന്ന ദില്ലി പൊലീസ് തന്നെയല്ലേ അവരുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞില്ല.

സുപ്രീം കോടതി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ പോയ സമയം അനാവശ്യമായി പൊലീസ് എന്റെ വീട്ടില്‍ സെര്‍ച്ച്‌ നടത്തി. യുപിയിലും രാജസ്ഥാനിലുമുള്ള ബന്ധുക്കളുടെ വീട്ടില്‍ ആയുധവുമായെത്തിയ സംഘം ഭീഷണി മുഴക്കിയാണ് പോയത്. ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിന് ശേഷം നിരന്തരം ഭീഷണിയാണ്. അജ്ഞാതര്‍ നിരന്തരം ബന്ധുക്കളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്.

അഭിഭാഷകരായ പ്രശാന്ത് ഭൂഷണും വൃന്ദ ഗ്രോവറും എല്ലാ രേഖകളും തെളിവുകളും പരിശോധിച്ചതിന് ശേഷമാണ് എനിക്ക് പിന്തുണ നല്‍കിയത്. നേരത്തെ കണ്ടിട്ടുണ്ടെങ്കിലും അവരുമായി മുമ്ബ് അടുപ്പമൊന്നുമുണ്ടായിരുന്നില്ല. അവരോട് സഹായം തേടി ഞാന്‍ അങ്ങോട്ട് പോകുകയായിരുന്നു. യാതൊരു ഗൂഢാലോചനയുടെയും ഭാഗമല്ല ഈ പരാതി എന്ന് വ്യക്തമായ ബോധ്യമുണ്ട്. എന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. എന്റെ പരാതിയും അനില്‍ അംബാനിയുടെ കേസും ഇതുമായി ബന്ധപ്പെടുത്തിയതെങ്ങനെയെന്ന് എനിയ്ക്കറിയില്ല.

എനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നതാണ് അവരുടെ വാദം. ആ കേസ് 2016 ല്‍ ഒത്തുതീര്‍പ്പാക്കിയതാണ്. തെളിവുകള്‍ പരിഗണിക്കാതെ മുന്‍വിധികളോടെയാണ് കമ്മീഷന്‍ പരാതി തള്ളിയത്.

നിങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകാന്‍ പാതിരാത്രിവരെ കാത്തിരുന്നത് എന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ ചോദ്യം. ആദ്യ ദിനമൊഴിച്ച്‌ ഏകപക്ഷീയമായിരുന്നു കമ്മീഷന്റെ നടപടികള്‍. ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയത് പ്രശാന്ത് ഭൂഷന്‍, വൃന്ദ ഗ്രോവര്‍ എന്നിവരുമായി സംസാരിച്ചതിന് ശേഷമാണെന്ന് കമ്മീഷന്‍ പറഞ്ഞു. അവര്‍ രേഖപ്പെടുത്തിയതെല്ലാം കൃത്യമല്ല. എനിക്ക് സത്യം വെളിപ്പെടുത്താന്‍ മാര്‍ഗമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ നിശബ്ദതകള്‍ കൂടുതല്‍ ഫലവത്താകില്ലെന്നും എനിക്ക് മനസ്സിലായി. സംഭവം നടന്ന ഒക്ടോബര്‍ 10,11 തീയതികളില്‍ ഏത് നിറമുള്ള വസ്ത്രമാണ് ഞാന്‍ ധരിച്ചതെന്നും സംഭവം നടന്ന സമയമേതാണെന്നും മാത്രമാണ് അവര്‍ ചോദിച്ചത്. എന്റെ പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ കേള്‍ക്കുക എന്നതല്ലാതെ അവരൊന്നും ചോദിച്ചില്ല. ഇന്ദിര ബാനര്‍ജി നിഷ്പക്ഷമായാണ് പെരുമാറിയത്. മൂന്ന് തവണയാണ് ജുഡീഷ്യല്‍ കമ്മിറ്റിക്ക് മുന്നില്‍ ഞാന്‍ ഹാജരായത്. ജോലി തിരികെ തരാമെന്ന് അവര്‍ പറഞ്ഞപ്പോള്‍, ജോലിയല്ല നീതിയാണ് വേണ്ടതെന്നും കഴിഞ്ഞ ആറ് മാസമായി ഞാന്‍ അനുഭവിക്കുന്ന അപമാനത്തിന് അവസാനമുണ്ടാകണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്.

പരാതി തള്ളിയെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പൂര്‍ണമായി തളര്‍ന്നു. എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടു. കുടുംബത്തിലുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ടു. എനിക്കും എന്റെ കുടുംബത്തിനും വലിയ രീതിയില്‍ നീതി നിഷേധിക്കപ്പെട്ടുവെന്ന് തോന്നി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക