Image

ക്യാമറമാനെയും കൂട്ടിയുള്ള മോദിയുടെ ധ്യാനത്തെ ട്രോളി സോഷ്യല്‍ മീഡിയ

Published on 19 May, 2019
ക്യാമറമാനെയും കൂട്ടിയുള്ള മോദിയുടെ ധ്യാനത്തെ ട്രോളി സോഷ്യല്‍ മീഡിയ


കോഴിക്കോട്‌: കേദാര്‍നാഥില്‍ `ധ്യാന'ത്തിന്‌ പോയി ഫോട്ടോ പുറത്ത്‌ വിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സോഷ്യല്‍ മീഡിയ. മോദിയുടെ ഹൈടെക്ക്‌ ധ്യാനമാണ്‌  ട്രോളന്മാരുടെ പ്രധാനവിഷയം.

സൂത്രന്റെയും ഷേരുവിന്റെയും ഗുഹയ്‌ക്കുള്ളില്‍ കയറികൂടിയ മോദി, മൂക്ക്‌ മുട്ടിച്ച്‌ മോദിയെ ഗുഹയില്‍ കയറ്റുക, തുടങ്ങി നിരവധി ട്രോളുകളും ട്രോള്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്‌.

ധ്യാനത്തിന്‌ പോയ മോദി ക്യാമറമാനെയും കൂടെ കൂട്ടിയതിനെയും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കേയാണ്‌ മോദി കേദാര്‍നാഥിലെത്തി അവിടെനിന്നുള്ള ഫോട്ടോകള്‍ പുറത്തുവിട്ടത്‌.

ഏകാന്ത ധ്യാനത്തിനിടെ കാമറകള്‍ക്ക്‌ പോസ്‌ ചെയ്യുന്നതും കേദര്‍നാഥിലൊരുക്കിയ ചുവപ്പ്‌ പരവതാനിയുമാണ്‌ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച. ത്യാഗജീവിതം നയിക്കുന്നെന്ന്‌ അവകാശപ്പെടുന്ന സന്ന്യാസിക്കെന്തിനാണ്‌ ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നതെന്നും പലരും വിമര്‍ശിക്കുന്നുണ്ട്‌.

ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോല്‍സവത്തിലെ റെഡ്‌ കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ്‌ നിരവധി പേര്‍ ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്‌.

ഏകാന്ത ധ്യാനത്തിനിടയിലെ ക്യാമറ കണ്ണുകളെ പരിഹസിച്ച്‌ തമിഴ്‌ നടന്‍ പ്രകാശ്‌ രാജ്‌ അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കേദര്‍നാഥിലെ നിരവധി പ്രദേശങ്ങളുടെ ചിത്രം പോസ്റ്റ്‌ ചെയ്‌ത മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ദീപല്‍ ത്രിവേദി ഇപ്രകാരം ട്വീറ്റ്‌ ചെയ്‌തിരിന്നു. നല്ല ചിത്രങ്ങള്‍. ഏതാണ്‌ കാമറ ? എന്തായാലും 1988ല്‍ നിങ്ങളുടെ കൈവശമുള്ള ആ ഡിജിറ്റല്‍ കാമറയല്ലെന്ന്‌ പ്രതീക്ഷിക്കുന്നു. മറ്റൊന്ന്‌ ദേശീയ ന്യൂസ്‌ ഏജന്‍സി എഎന്‍ഐയ്‌ക്കെതിരായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്‌ ഓഫിസായി ജോലി നിര്‍വഹിക്കുന്നുവെന്നായിരുന്നു എഎന്‍ഐയ്‌ക്കെതിരേയുള്ള വിമര്‍ശനം. ധ്യാനത്തിനെത്തിയ മോദി മാധ്യമങ്ങളെ പുറത്താക്കിയപ്പോള്‍ ഔദ്യോഗികമായി ചിത്രങ്ങള്‍ ലഭിച്ചത്‌ എഎന്‍െഎയ്‌ക്കായിരുന്നു.

പിന്നൊന്ന്‌ നേരത്തെ ധ്യാനം തുടങ്ങിയ മോദിയെ ട്രോളിയായിരുന്നു. കുറച്ച്‌ സമയങ്ങള്‍ക്കകം ധ്യാനം തുടങ്ങുമെന്ന്‌ അറിയിച്ചുള്ള എഎന്‍ഐ ട്വീറ്റിന്‌ അകമ്പടിയായി മോദി ധ്യാനത്തിലിരിക്കുന്ന ചിത്രമായിരുന്നു നല്‍കിയത്‌. തുടര്‍ന്ന്‌ ഈ പിഴവ്‌ ട്രോളന്‍മാര്‍ ശരിക്കും മുതലെടുത്തു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാര്‍നാഥ്‌ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയില്‍പ്പോയി തപസ്സിരിക്കുന്നതിന്റെയും മഞ്ഞുപാതയില്‍ക്കൂടി നടക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഗുഹയ്‌ക്കുള്ളില്‍ സെറ്റ്‌ ചെയ്‌ത കട്ടിലിന്‌ മുകളില്‍ മൂടിപ്പുതച്ചിരുന്ന്‌ ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ്‌ ആദ്യം പുറത്തുവന്നത്‌. ക്യാമറാപേഴ്‌സണൊപ്പം ഗുഹയ്‌ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച്‌ മുഴുനീള വസ്‌ത്രം ധരിച്ച്‌ കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഞായാറാഴ്‌ച നടക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ്‌ പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക