Image

നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി

Published on 25 May, 2019
നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി


കോഴിക്കോട്‌: നടി രേവതി സമ്പത്തിന്റെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തല്‍ വന്നതിനു പുറമേ നടന്‍ സിദ്ദിഖിനെതിരേ പരോക്ഷവിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്‌ (ഡബ്ലു.സി.സി). ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ്‌ കൊണ്ടാണ്‌ സിദ്ദിഖ്‌ പ്രതികരിച്ചതെന്നും ഇത്‌ അപമാനകരമാണെന്നും അവര്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

സ്‌ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട്‌ നിശബ്ദമാക്കാന്‍ നോക്കുന്നത്‌ അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന്‌ അതില്‍ പറയുന്നു.

പോസ്റ്റില്‍ ഒരിടത്തും സിദ്ദിഖിന്റെ പേര്‌ പറയാതെയായിരുന്നു വിമര്‍ശനം. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമെന്നാണ്‌ അതില്‍ സിദ്ദിഖിനെ വിശേഷിപ്പിച്ചത്‌.

`മീ ടു' മൂവ്‌മെന്റിനെ പരിഹസിച്ച്‌ ദിലീപ്‌ നായകനായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലുണ്ടായിരുന്ന ഡിലീറ്റ്‌ ചെയ്‌ത ഒരു സീനിനെയാണ്‌ ഡബ്ലു.സി.സി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ്‌ എന്നു വിശേഷിപ്പിച്ചതും.


നിയമപരമായി ഏത്‌ തൊഴിലിടത്തിലും സ്‌ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത്‌ കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി മലയാളസിനിമാ വ്യവസായത്തില്‍ ഇനിയും ഇല്ലാത്തത്‌ നാണക്കേടാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. പോസ്റ്റിനൊടുവില്‍ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്‌.

2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച്‌ വാക്കുകള്‍ കൊണ്ടുള്ള ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു രേവതിയുടെ ആരോപണം. സിദ്ദിഖും കെ.പി.എ.സി ലളിതയും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‌താണ്‌ രേവതി ഈക്കാര്യം തുറന്നുപറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക