Image

ദേശീയ പൗരത്വ പട്ടികയില്‍നിന്നു പുറത്തായ 95കാരന്‍ ആത്മഹത്യ ചെയ്‌തു

Published on 27 May, 2019
ദേശീയ പൗരത്വ പട്ടികയില്‍നിന്നു പുറത്തായ 95കാരന്‍ ആത്മഹത്യ ചെയ്‌തു



ഗുവാഹത്തി: ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായതിനു പിന്നാലെ അസമില്‍ 95കാരന്‍ ആത്മഹത്യ ചെയ്‌തു. കാംരൂപ്‌ ജില്ലയിലെ സൊന്തോളി ഗ്രാമത്തിലെ അഷ്‌റഫ്‌ അലിയാണ്‌ വിഷം കഴിച്ച്‌ മരിച്ചത്‌. ദേശീയ പൗരത്വ പട്ടികയില്‍നിന്നു പുറത്തായതോടെ ഇദ്ദേഹം ഏറെ മാനസിക വിഷമം അനുഭവിച്ചിരുന്നതായും അതാണ്‌ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ടതെന്നും കുടുംബം ആരോപിച്ചു.

ശനിയാഴ്‌ച വൈകീട്ട്‌ മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ ആത്മഹത്യയല്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ്‌ പോലിസിന്റെ വാദം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന്‌ അസ്വാഭാവിക മരണത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

വിഷം കഴിച്ചാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ കുടുംബം പറയുന്നുണ്ടെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും പ്രാഥമിക പരിശോനയില്‍ ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്‌ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അഡീഷണല്‍ പൊലീസ്‌ സൂപ്രണ്ട്‌ സജ്ഞീവ്‌ സൈകിയ പറഞ്ഞു.

ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട്‌ രേഖയില്‍ തന്റെ പേര്‌ ഉള്‍പ്പെടുത്താന്‍ അദ്ദേഹം രേഖകള്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹിയറിങിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാല്‍ അനുകൂല നിലപാട്‌ അധികൃതരില്‍ നിന്നും ഉണ്ടാകാത്തതില്‍ ഏറെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്ന്‌ കുടുംബം പറയുന്നു.

ജൂലൈ 31ന്‌ പുറത്തിറക്കിയ അന്തിമ പട്ടികയില്‍ നിന്നു പുറത്തായതിനെതുടര്‍ന്ന്‌ നേരത്തേ നിരവധി പേര്‍ ജീവനൊടുക്കിയിട്ടുണ്ട്‌. അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കാനാണ്‌ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്‌. ഇതു പ്രകാരം 1971 മാര്‍ച്ച്‌ 24ന്‌ മുമ്പ്‌ ഇന്ത്യയിലെത്തിയവരാണെന്ന്‌ തെളിയിക്കാനാവാത്തവര്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും. 1951ലാണ്‌ ആദ്യമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക