Image

ജ്ഞാനപീഠം ജേതാവ്‌ ഗിരീഷ്‌ കര്‍ണാട്‌ അന്തരിച്ചു

Published on 10 June, 2019
ജ്ഞാനപീഠം ജേതാവ്‌ ഗിരീഷ്‌ കര്‍ണാട്‌ അന്തരിച്ചു


ബംഗളൂരു: പ്രശസ്‌ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗിരീഷ്‌ കര്‍ണാട്‌ (81) അന്തരിച്ചു .

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം (1998) ലഭിച്ച എഴുത്തുകാരനാണ്‌. 1988-93 കാലഘട്ടത്തില്‍ കേന്ദ്ര സംഗീതനാടക അക്കാദമി അധ്യക്ഷനായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും രാജ്യം അദ്ദേഹത്തിന്‌ സമ്മാനിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ്‌ നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു.ബംഗളൂരുവിലെ ആശുപത്രിയില്‍ രാവിലെ ആറരയോടെയാണ്‌ അന്ത്യം.

പുരോഗമന രാഷ്‌ട്രീയ നിലപാടുകള്‍ എഴുത്തില്‍ ഉയര്‍ത്തിപിടിച്ചിരുന്നു. എഴുത്തിലും ഭക്ഷണത്തിലുമടക്കം സംഘപരിവാര്‍ കടന്നു കയറുന്നതിനെ തുറന്നെതിര്‍ത്തിരുന്നു.

1938 മെയ്‌ 19-ന്‌ മഹാരാഷ്ട്രയിലെ മാഥേരാനിലാണ്‌ ജനിച്ചത്‌. വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ല്‍ ബിരുദം നേടി. 1960-63 വരെ ഓക്‌സ്‌ഫഡ്‌ യൂണിവര്‍സിറ്റിയില്‍ റോഡ്‌സ്‌ സ്‌കോളര്‍ ആയിരുന്നു.

ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്‌ ഇകണോമിക്‌സ്‌ എന്നിവ ഐഛികവിഷയങ്ങളായെടുത്ത്‌ എംഎ ബിരുദം നേടി. 1963-ല്‍ ഓക്‌സ്‌ഫെഡ്‌ യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്‌സ്‌ഫെഡ്‌ യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു.

ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെ സമകാലിക പ്രശ്‌നങ്ങളുമായി കൈകാര്യം ചെയ്യുന്ന രീതിയാണ്‌ നാടകങ്ങളില്‍ സ്വീകരിച്ചിരുന്നത്‌. സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ്‌ കര്‍ണാട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ആദ്യനാടകം യയാതി (1961). ഹയവദന , തുഗ്ലക്‌ എന്നിവ ഏറെ അംഗീകാരങ്ങള്‍ നേടിയ നാടകങ്ങളാണ്‌. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത്‌ ബാദല്‍ സര്‍ക്കാര്‍, മോഹന്‍ രാകേഷ്‌, വിജയ്‌ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

ദേശീയ പുരസ്‌ക്കാരം നേടിയ സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്‌. ഇതില്‍ പ്രധാന നടനുമായിരുന്നു. സംവിധാനം ചെയ്‌ത ആദ്യചിത്രം വംശവൃക്ഷയാണ്‌.

ദി പ്രിന്‍സ്‌, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരയായ `മാല്‍ഗുഡി ഡേയ്‌സില്‍ `പ്രധാനവേഷം ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക