Image

കാര്‍ട്ടൂണ്‍ വിവാദം: അക്കാദമി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജലന്ധര്‍ വൈദികന്റെ സഹോദരന്‍

Published on 25 June, 2019
കാര്‍ട്ടൂണ്‍ വിവാദം: അക്കാദമി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജലന്ധര്‍ വൈദികന്റെ സഹോദരന്‍


കോട്ടയം: കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം കത്തിനില്‍ക്കുന്നതിനിടെ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായത് ജലന്ധര്‍ രൂപതാ വൈദികന്റെ സഹോദരന്‍. ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റുപറമ്പന്‍ ഹൗസി സി.പി തോമസിനെ (45)യാണ് കഴിഞ്ഞ ദിവസം അറസറ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു

ജലന്ധര്‍ രൂപത വൈദികനും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുപ്പക്കാരനുമായ ഫാ.ലോറന്‍സ് ചിറ്റപറമ്പലിന്റെ സഹോദരനാണ് ഇയാള്‍. ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയും അവര്‍ക്ക് അനുകൂലമായി മൊഴി നല്‍കിയ കന്യാസ്ത്രീകള്‍ക്കും സുരക്ഷാഭീഷണിയുണ്ടാക്കി എന്ന കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കന്യാസ്ത്രീകള്‍ താമസിക്കുന്ന മിഷനറീസ് ഓഫ് ജീസസ് സഭയുടെ കുറവിലങ്ങാട് മഠത്തിലെ സ്‌കൂട്ടറിന്റെ ബ്രേക്ക് തകര്‍ക്കാനും മറ്റും മഠത്തിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്. 

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കന്യാസ്ത്രീകള്‍  എറണാകുളം വഞ്ചി സ്‌ക്വയറില്‍ സമരം നടത്തിയപ്പോള്‍ അവര്‍ക്കു നേരെ പി.വി തോമസിന്റെ മറ്റൊരു സഹോദരന്‍ ഭീഷണി മുഴക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു. സമരപ്പന്തലില്‍ കിടന്നിരുന്ന പരാതിക്കാരിയുടെ സഹോദരിയുടെ ഫോട്ടോ എടുത്തതായും പരാതിയില്‍ ആരോപിച്ചിരുന്നു. 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രധാന കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവര്‍ഡ് കൊടുത്തതിന്റെ പേരിലായിരുന്നു സി.പി തോമസ് അക്കാദമി സെക്രട്ടറിയെ വിളിച്ച് വധഭീഷണി മുഴക്കിയത്. കത്തോലിക്കാ സഭയുടെ പ്രതിനിധി എന്നാണ് പരിചയപ്പെടുത്തിയത്. തൃശൂര്‍ ഈസ്റ്റ് പോലീസിന് സെക്രട്ടറി പരാതി കൊടുക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക