Image

ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്

Published on 02 May, 2012
ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി:കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അറസ്റ്റിലായ നാവികരെയും കപ്പലിലുള്ള മറ്റു നാവികരെയും ഹാജരാക്കണമെന്നും കപ്പല്‍ ഉടമകള്‍ മൂന്ന് കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ കെട്ടിവെയ്ക്കണമെന്നുമുളള ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കാനാണ് സുപ്രീംകോടതി ഉത്തരവ്. കൊച്ചി തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന എന്റിക്ക ലെക്‌സി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ നാവികരെ ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ കോടതിക്ക് ഉറപ്പു നല്‍കി. അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെയും കപ്പലിലുള്ള മറ്റു നാവികരെയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെങ്കില്‍ എന്റിക ലെക്‌സി കപ്പല്‍ വിട്ടു നല്‍കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായി അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകരാര്‍ വെറും പാഴ്ക്കടലാസാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ക്രിമിനല്‍ കേസില്‍ ഇതിന് യാതൊരു വിലയും ഇല്ല. ചവറ്റുകൊട്ടയില്‍ മാത്രമാണ് ഇത്തരം ഒത്തുതീര്‍പ്പ് കരാറിന് സ്ഥാനമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കരാറിലെ വിവാദ വ്യവസ്ഥകള്‍ റദ്ദാക്കാന്‍ തയാറാണെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക