Image

കടല്‍ക്കൊല: കേരളത്തിന്റെ നിലപാടിന് അംഗീകാരമെന്ന് മുഖ്യമന്ത്രി

Published on 02 May, 2012
കടല്‍ക്കൊല: കേരളത്തിന്റെ നിലപാടിന് അംഗീകാരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് മാറ്റമില്ലെന്നും ഇതിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പൂര്‍ണമായും അംഗീകരിക്കുന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാടും. ഇതില്‍ നിന്ന് വ്യത്യസ്തമായി സുപ്രീംകോടതിയില്‍ പറഞ്ഞ അഡീഷണല്‍ സോളിറ്റര്‍ ജനറലിലെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പിന്നീട് കേസില്‍ അറ്റോര്‍ണി ജനറല്‍ നേരിട്ട് ഹാജരായി സംസ്ഥാനത്തിന്റെ വാദം ശരിവയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് കോടതിയുടെ അംഗീകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വെടിയേറ്റ് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളുമായി ഇറ്റലിയുണ്ടാക്കിയ കരാറിനെ എതിര്‍ക്കുന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. വെടിയേറ്റുമരിച്ചവരുടെ കുടുംബത്തിന് ഒരു സഹായം എന്ന നിലയിലാണ് ഒരു കോടി രൂപ വീതം നല്‍കുന്നതെന്നാണ് ഇപ്പോള്‍ ഇറ്റലി നിലപാട് സ്വീകരിച്ചിരിക്കുന്നത്. കടലിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്‌ടെന്നും സുപ്രീംകോടതി ഇത് അംഗീരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജിലെ വിദ്യാര്‍ഥിയായ, അംഗവൈകല്യമുള്ള പൂര്‍ണ ചന്ദ്രന്‍(പൂര്‍ണചന്ദ്) എന്ന യുവാവിന് ഈ കോളജില്‍ തന്നെ എല്‍ഡി ക്ലര്‍ക്കായി നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള നാടോടി സംഘത്തില്‍പ്പെട്ട അമാവാസിയെന്നു പേരുള്ള കുട്ടിയായിരുന്നു പൂര്‍ണചന്ദ്രന്‍. കണ്ണൂരില്‍വച്ച് പിതാവ് മരിച്ചതിനെതുടര്‍ന്ന് ആക്രിസാധനങ്ങള്‍ പെറുക്കി ജീവിക്കുകയായിരുന്ന അമാവാസിക്ക് 1998ല്‍ കണ്ണൂര്‍ കല്ലിക്കണ്ടിക്കടുത്ത് തൂവക്കുന്നു റോഡ് അരികില്‍ നിന്നു കിട്ടിയ ആക്രിസാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സ്റ്റീല്‍ കവചമുള്ള ഡപ്പി പൊട്ടിച്ചപ്പോള്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഇടതു കൈപ്പത്തിയും വലതുകണ്ണും നഷ്ടപ്പെട്ടു. അതൊരു സ്റ്റീല്‍ ബോംബായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. പിന്നീട് പോസ്റ്റ് ഓഫീസ് വരാന്തയിലായിരുന്നു ജീവിതം. അവിടെ നിന്നാണ് സത്യസായി ഓര്‍ഫണേജ് ട്രസ്റ്റ് കേരളയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. അനന്ദകുമാര്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ജ്യോതിലാല്‍ മുഖേന അമാവാസിയെ ദത്തെടുത്ത് തോയ്ക്കല്‍ സായി ഗ്രാമത്തിലെ അന്തേവാസിയാക്കിയത്. 2007ല്‍ എസ്എസ്എല്‍സിയും 2009ല്‍ ഹയര്‍ സെക്കന്‍ഡറിയും പാസായി. അമാവാസിയുടെ സംഗീതവാസന തിരിച്ചറിഞ്ഞ്, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെയും സ്വാതി തിരുനാള്‍ സംഗീത കോളജിലെയും ശിക്ഷണം ലഭ്യമാക്കി. ഇപ്പോള്‍ സ്വാതി തിരുനാള്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ അവസാന വര്‍ഷ വോക്കല്‍ വിദ്യാര്‍ഥിയാണ്. ഇതിനിടെ എസ്.കെ. പൂര്‍ണചന്ദ് എന്ന് പുനര്‍നാമകരണം നടത്തി. പ്രമുഖ ചാനല്‍ സംഗീത പരിപാടികളില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. 

തനിക്കൊരു സര്‍ക്കാര്‍ ജോലി നല്കണമെന്ന് ആവശ്യപ്പെട്ട് പൂര്‍ണചന്ദ് അപേക്ഷ നല്കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ അഭിപ്രായം തേടിയശേഷം അപേക്ഷ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. ഈ അപേക്ഷ മന്ത്രിസഭ പരിഗണിച്ചാണ് പഠിക്കുന്ന കോളജില്‍ തന്നെ ജോലി നല്‍കാന്‍ തീരുമാനിച്ചത്. 

കോട്ടയം കടപ്ലാമറ്റത്തുണ്ടായ പാറമട അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ ശിപായി എന്ന തസ്തികയുടെ പേര് ഇനിമുതല്‍ ഓഫീസ് അന്റന്‍ഡന്റ് എന്നാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ജൂണ്‍ നാലു മുതല്‍ പത്തുവരെ നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക