Image

ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് 9 ലേക്ക് മാറ്റി

Published on 03 May, 2012
ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് 9 ലേക്ക് മാറ്റി
ഗാസിയാബാദ് : ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് ഈ മാസം 9 ലേക്ക് മാറ്റി. ഗാസിയാബാദ് സ്‌പെഷല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് നീട്ടിയത്. കേസിന്റെ വിചാരണ തീയതി ഇന്ന് തീരുമാനിക്കാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്.

കേസില്‍ ആരുഷിയുടെ അമ്മ നൂപുറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഗാസിയാബാദ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ദസ്‌ന ജയിലില്‍ കഴിയുന്ന നൂപുര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ഇവരുടെ ഭര്‍ത്താവ് രാജേഷ് തല്‍വാറും കോടതിയിലെത്തിയിരുന്നു. കോടതിമുറിയില്‍ ഇടയ്ക്ക് നൂപുര്‍ പൊട്ടിക്കരയുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസമാണ് നൂപുര്‍ കോടതിയില്‍ കീഴടങ്ങിയത്.

കേസ് പരിഗണിക്കുന്ന സ്‌പെഷല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ സെഷന്‍സ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ദമ്പതികളുടെ ഏകമകളായ ആരുഷി തല്‍വാറിനെ (14) 2008 മെയ് 15 ന് നോയ്ഡയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു. വീട്ടിലെ പരിചാരകനായിരുന്ന ഹേംരാജിന്റെ മൃതദേഹവും പിന്നീട് വീട്ടിലെ ടെറസില്‍ നിന്നും കണ്‌ടെത്തി.

കേസില്‍ തല്‍വാര്‍ ദമ്പതികള്‍ക്കെതിരേ പ്രോസിക്യൂഷന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരേ നല്‍കി റിവ്യൂ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന കാരണം പറഞ്ഞ് നൂപുര്‍ തല്‍വാര്‍ കേസിന്റെ വാദം കേള്‍ക്കലിന് വിചാരണക്കോടതിയില്‍ ഹാജരായിരുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് സിബിഐയുടെ ആവശ്യപ്രകാരം ഇവര്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക