Image

ജോര്‍ജ്‌ ജോസഫിന്‌ ബാബു ചാഴികാടന്‍ സ്‌മാരക മാധ്യമ പ്രതിഭാ പുരസ്‌കാരം

ജോര്‍ജ്‌ തോട്ടപ്പുറം Published on 10 May, 2012
ജോര്‍ജ്‌ ജോസഫിന്‌ ബാബു ചാഴികാടന്‍ സ്‌മാരക മാധ്യമ പ്രതിഭാ പുരസ്‌കാരം
ചിക്കാഗോ: കേരളത്തിലെ രാഷ്‌ട്രീയ സാമൂഹ്യ മാധ്യമ മേഖലയില്‍ നിറസാന്നിദ്ധ്യമായിരുന്ന ബാബു ചാഴികാടന്റെ സ്‌മരണക്ക്‌ ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന്‌ മലയാളം പത്രം സീനിയര്‍ എഡിറ്റര്‍ ജോര്‍ജ്‌ ജോസഫ്‌ അര്‍ഹനായി. ആയിരം ഡോളര്‍ സമ്മാനത്തുകയും പ്രശംസാപത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ഫൗണ്ടേഷന്‍ ട്രഷററും, പ്രമുഖ വ്യവസായിയും, ഗ്യാസ്‌ ഡിപ്പോ സി.ഇ.ഒയുമായ ജോയി നെടിയകാലായിലാണ്‌ അവാര്‍ഡ്‌ സ്‌പോണ്‍സര്‍.

ബാബു ചാഴികാടന്‍ ഫൗണ്ടേഷന്റെ രണ്ടാമത്‌ മാധ്യമ പുരസ്‌കാര ജേതാവാണ്‌ ജോര്‍ജ്‌ ജോസഫ്‌. മലയാളം പത്രം എഡിറ്റര്‍ ടാജ്‌ മാത്യുവിനായിരുന്നു ആദ്യത്തേത്‌.

പത്രപ്രവര്‍ത്തനരംഗത്ത്‌ മൂന്നു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുളള ജോര്‍ജ്‌ ജോസഫ്‌ പതിനേഴ്‌ വര്‍ഷക്കാലം മലയാള മനോരമ പത്രാധിപസമിതി അംഗമായിരുന്നു. മനോരമയുടെ ബോംബെ ലേഖകനായി പ്രവര്‍ത്തിച്ചു. മദ്രാസിലെ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ (യു.എസ്‌.ഐ.എസ്‌) എഡിറ്ററായിരിക്കെയാണ്‌ അമേരിക്കയിലെത്തുന്നത്‌. കേരള യൂണിയന്‍ ഓഫ്‌ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റിന്റെ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റും കോട്ടയം പ്രസ്‌ക്ലബ്‌ പ്രസിഡന്റുമായിരുന്നു. വടക്കേ അമേരിക്കയിലെ മലയാള മാധ്യപ്രവര്‍ത്തകരുടെ കൂട്ടായ്‌മക്കും, അതിലൂടെയുള്ള ഈ മേഖലയുടെ വളര്‍ച്ചയ്‌ക്കും കാരണമായ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്ഥാപക പ്രസിഡന്റുമാണ്‌. ഇന്ത്യ എബ്രോഡിന്റെ ഡപ്യൂട്ടി മാനേജിംഗ്‌ എഡിറ്ററായും പ്രവര്‍ത്തിക്കുന്ന ജോര്‍ജ്‌ ജോസഫിന്‌ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള സൗത്ത്‌ ഏഷ്യന്‍ ജേര്‍ണലിസ്റ്റ്‌ അസോസിയേഷന്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. ഭാര്യ സജി. മക്കള്‍: ഏമി, മിന്ന.
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്‌ ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി അറിയിച്ചു. വാര്‍ത്താ സംഭരണത്തിലും, വിതരണത്തിലും പുലര്‍ത്തുന്ന നിഷ്‌പക്ഷത, പോസിറ്റീവ്‌ മനോഭാവം, വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലെ പ്രത്യേക വൈഭവം തുടങ്ങിയവ ജോര്‍ജ്‌ ജോസഫിന്റെ ഗുണങ്ങളായി അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന്‌ അര്‍ഹനായ ജോര്‍ജ്‌ ജോസഫിനെ ബാബു ചാഴികാടന്‍ ഫൗണ്ടേഷ ന്റെ രക്ഷാധികാരിയായ ധനകാര്യമന്ത്രി കെ.എം. മാണിയും ഉപരക്ഷാധികാരി തോമസ്‌ ചാഴികാടന്‍ എക്‌സ്‌. എം.എല്‍.എ.യും അഭിനന്ദിച്ചു.

ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ചിക്കാഗോയില്‍വച്ച്‌ നടത്തപ്പെടുന്ന അവാര്‍ഡുദാന ചടങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തു. ജോര്‍ജ്‌ തോട്ടപ്പുറം, ചാക്കോ മറ്റത്തിപ്പറമ്പില്‍, ജോയി നെടിയകാലായില്‍, ജോര്‍ജ്‌ നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, ജീനോ കോതാലടിയില്‍, അഡ്വ. സാജു കണ്ണമ്പള്ളി, തമ്പി ചെമ്മാച്ചേല്‍, ഡെന്നി ഊരാളില്‍, പീറ്റര്‍ ചാഴികാട്ട്‌, ജസ്റ്റിന്‍ ചാമക്കാല, ബാബു പടവത്തില്‍, തമ്പി ചാഴികാട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മറ്റികള്‍ക്ക്‌ രൂപം നല്‍കി.
ജോര്‍ജ്‌ ജോസഫിന്‌ ബാബു ചാഴികാടന്‍ സ്‌മാരക മാധ്യമ പ്രതിഭാ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക