Image

ഗ്രാന്റ് മാസ്റ്റര്‍ അമേരിക്കയില്‍ രണ്ടാം വാരത്തിലേയ്ക്ക് കടക്കുന്നു.

ജെ.എ Published on 12 May, 2012
ഗ്രാന്റ് മാസ്റ്റര്‍ അമേരിക്കയില്‍ രണ്ടാം വാരത്തിലേയ്ക്ക് കടക്കുന്നു.
ഗ്രാന്റ് മാസ്റ്റര്‍ എന്ന സിനിമയുടെ ഉജ്ജ്വല വിജയം ഇന്ത്യയില്‍ എന്ന പോലെ അമേരിക്കയിലും ആവര്‍ത്തിക്കപ്പെടുന്നു. അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഈ വീണ്ടും രണ്ടാം വാരം പ്രദര്‍ശിപ്പിക്കപ്പെടുന്ന മൂവീ സിറ്റി 8. എഡിസണ്‍, ഗോള്‍ഫ് ഗ്ലെന്‍ 5- നൈല്‍സ്, ഫണേഷ്യ-ഹ്യൂസ്റ്റന്‍. ടെക്‌സാസ് എന്നീ കേന്ദ്രങ്ങളില്‍ ആണ് ഈ സിനിമ രണ്ടാം വാരം പ്രദര്‍ശിപ്പിക്കുന്നത്.

സമീപകാലത്ത് തുടങ്ങിയ മലയാള സിനിമകളില്‍ മോഹന്‍ലാലിന്റെ അതിഭാവുകത്വവും മസിലു പിടുത്തവും ഇല്ലാത്ത ഒരു സാധാരണ സിനിമ നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകനു സാധിച്ചു എന്നു പറയാം. ഒരു സാധാരണ കഥാപാത്രമായി പക്വതയുള്ള അഭിനയം കാഴ്ച വച്ച് മോഹന്‍ലാല്‍ വീണ്ടും ഭൂമിയിലേയ്ക്ക് ഇറങ്ങിവരുന്ന കാഴ്ചയാണ് ഈ സിനിമയിലൂടെ കാണുവാന്‍ സാധിച്ചത്. കെട്ടുപ്രായം കഴിഞ്ഞു നില്ക്കുന്ന പെണ്‍കുട്ടി ചിലപ്പോഴൊക്കെ വേലി ചാടുവാന്‍ ശ്രമിക്കുന്നതു പോലെ ലാലിലെ മസ്സിലു പെരുപ്പിച്ച നായകന്‍ ചിലപ്പോഴൊക്കെ ചില ഡയലോഗിലൂടെ പുറത്തുവരുവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ തിരക്കഥാകൃത്തും സംവിധായകനും ലാലിനെ പിടിച്ചു കെട്ടുന്നതില്‍ ഒരു പരിധി വരെ വിജയിച്ചു എന്നു പറയാം. ഇക്കാരണത്താല്‍ ലാലിന്റെ പക്വതയുള്ള അഭിനയം ഒരിക്കല്‍ കൂടി കാണുവാന്‍ സാധിച്ചു മാത്രവുമല്ല സിനിമയുടെ നിയന്ത്രണം ക്യാമറയ്ക്കു പുറകിലേയ്ക്ക് എത്തിയതിന്റെ മറ്റൊരു ഉദാഹരണവുമാണ് ഈ സിനിമ എന്നു വേണമെങ്കില്‍ പറയാം. 'ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ'എന്ന് രണ്ടുപ്രാവശ്യം ചോദിച്ചു നിര്‍ത്തിയതു നന്നായി കാരണം സാധാരണ മോഹന്‍ലാല്‍ സിനിമകളില്‍ കാണുന്നതുപോലെയുള്ള മാസ്റ്റര്‍പീസ് ഡയലോഗുകള്‍കൊണ്ട് ജനം ബോറടിച്ചില്ല. ഈ സിനിമയില്‍ നരേന്‍ ഒരു നല്ലൊരു കഥാപാത്രത്തെ ആണ് അവതരിപ്പിച്ചതെങ്കിലും താനൊരു പോലീസ് ആണെന്ന് പറയേണ്ടി വന്നത് ഒരു പോരായ്മയായി കാണാം, പക്ഷേ നരേന്റെ ബോഡി ലാഗ്വേജ് ആ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതായി തോന്നിയില്ല. ജഗതി ഇത്തവണയും പ്രേക്ഷകരെ നിരാശരാക്കിയില്ല. വലിയ പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത് എങ്കിലും ഏതൊരു സിനിമയ്ക്കും താനൊരു ഒഴിച്ചു കൂടാനാവാത്ത ഘടകം ആണെന്ന് അദ്ദേഹം തെളിയിച്ചു.

അനൂപ് മേനോന്‍ ഇത്തവണയും പ്രേക്ഷകരെ കൈയ്യിലെടുത്തു എന്നു പറയാം. തന്റെ ആഢ്യത്ത്വം നിറഞ്ഞ അഭിനയ ശൈലികൊണ്ട് തനിക്കു കിട്ടിയ കഥാപാത്രത്തെ സജീവമായി സിനിമയില്‍ നിലനിര്‍ത്തി. പക്ഷെ ഇത്രയും സെന്‍സേഷണലായ ഒരു സംഭവത്തില്‍ ഒരു ഡോക്ടര്‍ തന്റെ രോഗിയുടെ മാനസികാവസ്ഥയും ക്ലിനിക്കല്‍ വിവരങ്ങളും മീഡിയായില്‍ തുറന്ന് പറയുന്നത് ശരിയായ രീതിയല്ല എന്ന പറയാം. സിനിമയില്‍ ആയതു നന്നായി. പ്രത്യക്ഷത്തില്‍ നായികാ പ്രാധാന്യം ഇല്ലാത്ത ഒരു സിനിമയാണെങ്കിലും പ്രിയാമണി വളരെ ശക്തമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു ബാബു ആന്റെണിക്കും കുറെ നാളുകള്‍ക്കുശേഷം ഒരു നല്ല കഥാപാത്രമാകുവാന്‍ സാധിച്ചു.

ഒരു സമ്പൂര്‍ണ്ണ ചിത്രം എന്ന് പറയില്ലെങ്കില്‍ പോലും 2 മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്തുവാന്‍ പോന്ന എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്. ഒരു ഇന്‍വസിറ്റിഗേറ്റീവ് ത്രില്ലര്‍ ആണെങ്കിലും കുടുംബ ബന്ധങ്ങളുടെ കഥകൂടി പറയുന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുവാന്‍ സാധിക്കുന്ന ഒരു സിനിമയാണ് എന്ന കണക്കാക്കാം.

ഈ ചിത്രത്തിന്റെ അമേരിക്കയിലെ വിജയം ഒമേഗാ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മ്മാണ വിതരണ കമ്പനിയുടെ വിജയം ആണെന്നു കൂടി പറയാം. UTV ആണ് സിനിമ അമേരിക്കയില്‍ എത്തിച്ചതെങ്കിലും ഒമേഗയുടെ സഹകരണത്തോടു കൂടിയാണ് ഈ ചിത്രം അമേരിക്കയില്‍ റിലീസിംഗ് നടത്തിയത്. ഫിലാഡല്‍ഫിയയില്‍ ഉള്ള ജിയോ എബ്രാഹാമിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗാ ഇന്റര്‍നാഷണല്‍ എന്ന കമ്പനി കഴിഞ്ഞ 10 വര്‍ഷമായി ചലച്ചിത്ര നിര്‍മ്മാണം, വിതരണം, ഷോ ബിസിനസ്സ് എന്നീ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി മലയാള സിനിമാ പ്രോജക്ടുകള്‍ ഒമേഗയുടേതായി അണിയറയില്‍ ഒരുങ്ങുന്നു. മലയാള സിനിമയ്ക്കു ഇനിയും കൂടുതല്‍ സംഭാവനകള്‍ നല്‍കുവാന്‍ ജിയോ എബ്രാഹാമിനും ഒമേഗാ ഇന്റര്‍നാഷണലിനും കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം
ഗ്രാന്റ് മാസ്റ്റര്‍ അമേരിക്കയില്‍ രണ്ടാം വാരത്തിലേയ്ക്ക് കടക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക