Image

മന്ത്രവാദം: വനിതകള്‍ ഉള്‍പ്പടെ 24 ഇന്ത്യക്കാര്‍ അറസ്റ്റില്‍

Published on 15 May, 2012
മന്ത്രവാദം: വനിതകള്‍ ഉള്‍പ്പടെ 24 ഇന്ത്യക്കാര്‍ അറസ്റ്റില്‍
മസ്‌കറ്റ്‌്‌: മന്ത്രവാദത്തിന്‍െറ മറവില്‍ വന്‍ സാമ്പത്തിക ചൂഷണം നടത്തിയിരുന്ന 24 ഇന്ത്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ്‌ മത്രയില്‍ നിന്ന്‌ അറസ്റ്റ്‌്‌ ചെയ്‌തു. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘത്തില്‍ 13 വനിതകളും ഉള്‍പ്പെടുന്നു. മത്ര റൗണ്ട്‌ എബൗട്ടിന്‌ സമീപം ഒമാന്‍ ഹൗസ്‌ കെട്ടിടത്തില്‍ ഫ്‌ളാറ്റ്‌ വാടകക്ക്‌ എടുത്തായിരുന്നു ഇവരുടെ തട്ടിപ്പ്‌. ടൂറിസ്റ്റ്‌ വിസയില്‍ ഒമാനിലെത്തിയ സംഘം മാന്ത്രികശക്തിയുള്ള കല്ലുകള്‍ കൈവശമുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ പലരില്‍ നിന്നായി ആയിരക്കണക്കിന്‌ റിയാല്‍ സ്വന്തമാക്കിയിട്ടുണ്ട്‌. തട്ടിപ്പിനിരയായ ഇന്ത്യന്‍ യുവാവിന്‍െറ സുഹൃത്തുക്കളുടെ പരാതി പ്രകാരം ഫ്‌ളാറ്റില്‍ നടത്തിയ റെയ്‌ഡിലാണ്‌ മന്ത്രവാദിസംഘത്തെ പൊലീസ്‌ വലയിലാക്കിയത്‌. മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്ന തലയോട്ടി, എല്ലിന്‍കഷണങ്ങള്‍ തുടങ്ങി നിരവധി സാമഗ്രികളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഈമാസം എട്ടിനാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

ഇന്ത്യയിലെ വിവിധ പുണ്യസ്ഥലങ്ങളില്‍ നിന്ന്‌ ശേഖരിച്ച കല്ലുകള്‍ക്ക്‌ അത്ഭുതശേഷി ഉണ്ടെന്നും ഇവ കൈവശം വെക്കുന്നവര്‍ക്ക്‌ അതിവേഗം സാമ്പത്തിക അഭിവൃദ്ധി കൈവരുമെന്നുമായിരുന്നു ഇവരുടെ പ്രചാരണം. വിശിഷ്ട കല്ലുകള്‍ നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി പരാതിക്കാരന്‍െറ സുഹൃത്തില്‍ നിന്ന്‌ പല ഘട്ടങ്ങളിലായി 2,205 റിയാല്‍ (ഏകദേശം മൂന്ന്‌ ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഇവര്‍ കൈക്കലാക്കിയിരുന്നു. പറഞ്ഞ പ്രകാരം കല്ലുകള്‍ നല്‍കിയെങ്കിലും കല്ലിന്‍െറ അത്ഭുതസിദ്ധിയില്‍ സംശയം തോന്നിയപ്പോള്‍ തട്ടിപ്പിനിരയായ മൈസൂര്‍ സ്വദേശിയുടെ സുഹൃത്ത്‌ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നടുവേദനക്ക്‌ ഉഴിച്ചില്‍ നടത്താമെന്ന്‌ പറഞ്ഞാണത്രെ സംഘത്തിന്‍െറ ഏജന്‍റ്‌ ഇവരെ സമീപിച്ചത്‌.

പിന്നീട്‌, തടി കുറയാനും കുടവയര്‍ കുറയാനും പൊടിയുണ്ടെന്നായി. പൊടി കഴിച്ച സുഹൃത്തിന്‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. പിന്നീടാണ്‌ അത്ഭുത സിദ്ധിയുടെ കല്ലിന്‍െറ പേരിലും സുഹൃത്ത്‌ തട്ടിപ്പിനിരയായിട്ടുണ്ട്‌ വ്യക്തമായതെന്ന്‌ പരാതി നല്‍കാന്‍ ധൈര്യം കാണിച്ച മൈസൂര്‍ സ്വദേശി അലി ?ഗള്‍ഫ്‌ മാധ്യമ?ത്തോടു പറഞ്ഞു. ഒമാനില്‍ ദുര്‍മന്ത്രവാദവും അനുബന്ധ നടപടികളും നിരോധിക്കപ്പെട്ടതാണ്‌. ഇവര്‍ക്ക്‌ ഒമാനിലെത്താന്‍ സൗകര്യമേര്‍പ്പെടുത്തിയവരെ കുറിച്ചും ഏജന്‍റുമാരായ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക്‌ വേണ്ടിയും പൊലീസ്‌ അന്വേഷണം ആരംഭിച്ചു. സംഘത്തിന്‌ പിന്നില്‍ ഏജന്‍റുമാരായി വലിയൊരു സംഘം ഉണ്ടാവാമെന്നാണ്‌ പൊലീസ്‌ നിഗമനം.
കുറഞ്ഞദിവസത്തെ ടൂറിസ്റ്റ്‌ വിസയില്‍ ഒമാനില്‍ എത്തിയവരാണ്‌ സംഘത്തിലെ മുഴുവന്‍ പേരും. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഖത്തര്‍, സിങ്കപ്പൂര്‍, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്‍െറ തെളിവുകളുണ്ട്‌. ഇവര്‍ ചിലര്‍ ഒമാനില്‍ നേരത്തേ സമാനമായ തട്ടിപ്പ്‌ നടത്തിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്‌. തട്ടിപ്പിനായി ഇത്രയും പേര്‍ ഒന്നിച്ചുവന്നതിലും ദുരൂഹതയുണ്ട്‌. ഇവര്‍ക്ക്‌ ഫ്‌ളാറ്റ്‌ ഒരുക്കി കൊടുത്തവരെ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്‌. നിരവധി പേര്‍ തട്ടിപ്പിന്‌ ഇരയായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന്‌ ആരും പുറത്ത്‌ പറയുന്നില്ല. അത്ഭുതസിദ്ധിയുള്ള കല്ലിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക്‌ ദൈവകോപം ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്രെ. വാര്‍ത്ത പുറത്തുവരുന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവരാനിടയുണ്ടെന്നും നിരവധിപേര്‍ ഇവരുടെ ഇരയാകാനിടയുണ്ടെന്നും പൊലീസ്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക